'വാട്ട്‌സ്ആപ്പി'ന് ബദലാകാന്‍ സുരക്ഷയും വേഗവും ആയുധമാക്കി 'ടെലഗ്രാം'

Yureekkaa Journal


'വാട്ട്‌സ്ആപ്പ്' നിങ്ങള്‍ക്ക് മടുത്തോ, അതിന് വേഗം പോരെന്ന പരാതിയുണ്ടോ. അല്ലെങ്കില്‍ ആ സോഷ്യല്‍ മെസേജിങ് ആപ്പ് സുരക്ഷിതമല്ലെന്ന വിചാരമുണ്ടോ.....എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് 'ടെലഗ്രാം'. വേഗവും സുരക്ഷയും കൈമുതലാക്കി, 'വാട്ട്‌സ്ആപ്പി'ന് വെല്ലുവിളിയാകാന്‍ കുതിക്കുകയാണ് മൊബൈല്‍ സന്ദേശ ആപ്ലിക്കേഷനായ 'ടെലഗ്രാം' ( Telegram ).


മൊബൈല്‍ സന്ദേശത്തിന്റെ കാര്യത്തില്‍ 'ഫെയ്‌സ്ബുക്ക് മെസഞ്ചറി'നെപ്പോലും 'വാട്ട്‌സ്ആപ്പ്' ( Whatsapp ) പിന്നിലാക്കിയതായി വാര്‍ത്ത വന്നത് കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ്. ലോകമാകെ പ്രതിമാസം 30 കോടിയിലേറെപ്പേര്‍ ഉപയോഗിക്കുന്ന സര്‍വീസാണ് വാട്ട്‌സ്ആപ്പ്.

അങ്ങനെയുള്ള വാട്ട്‌സ്ആപ്പിന് വെല്ലുവിളി ഉയര്‍ത്തുക എളുപ്പമല്ല. എന്നാല്‍ , 'ടെലഗ്രാം' അതിന് പ്രാപ്തിയുള്ള മൊബൈല്‍ ആപ്ലിക്കേഷനാണെന്ന് ടെക് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. രംഗത്തെത്തി ചുരുങ്ങിയ മാസങ്ങള്‍ക്കൊണ്ട്, ടെലഗ്രാം കൈവരിച്ച മുന്നേറ്റം അതിന് തെളിവാണ്.

2013 ആഗസ്ത് 14 ന് ഐഫോണിനായുള്ള ടെലഗ്രാം ആപ്ലിക്കേഷനും, ഒക്ടോബര്‍ 20 ന് ടെലഗ്രാമിന്റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനും രംഗത്തെത്തി.

ഫെയ്‌സ്ബുക്ക് കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസായ VK ( മുഴുവന്‍ പേര് VKontakte ) യുടെ സ്ഥാപകരായ നിക്കോലായ് ഡൂറോവ്, പാവെല്‍ ഡൂറോവ് സഹോദരന്‍മാരാണ് രണ്ടുവര്‍ഷമെടുത്ത് ടെലഗ്രാം രൂപപ്പെടുത്തിയത്.

സൗജന്യ സര്‍വീസാണ് ടെലഗ്രാം. എന്നുവെച്ചാല്‍ , വാട്ട്‌സ്ആപ്പിനെ പോലെ ഉപയോഗിച്ചു തുടങ്ങി ഒരുവര്‍ഷം കഴിയുമ്പോള്‍ കാശ് ചോദിക്കില്ല. ഓപ്പണ്‍സോഴ്‌സ് മെസേജിങ് സര്‍വീസാണിത്. മൊബൈല്‍ കോണ്‍ടാക്ട് വഴി സന്ദേശഗ്രൂപ്പുകളും സൃഷ്ടിക്കാം. 200 അംഗങ്ങള്‍ വരെയുള്ള ഗ്രൂപ്പുകള്‍ ടെലഗ്രാമില്‍ സാധ്യമാണെന്ന് കമ്പനി പറയുന്നു.

വാട്ട്‌സ്ആപ്പുപോലെ, ഇതുപയോഗിച്ച് മൊബൈല്‍ വഴി സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്റുകളും നിങ്ങളുടെ മൊബൈലിലെ കോണ്‍ടാക്ടുകളിലേക്ക് (ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക്) അയയ്ക്കാം. വേഡ്, പവര്‍പോയന്റ് തുടങ്ങി എല്ലാത്തരത്തിലുള്ള ഡോക്യുമെന്റുകളും അയയ്ക്കാന്‍ കഴിയും. .

അതുമാത്രമല്ല, വാട്ട്‌സ്ആപ്പിനില്ലാത്ത ചില സവിശേഷതകള്‍ ടെലഗ്രാമിനുണ്ടെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. രഹസ്യചാറ്റുകളും, പൂര്‍ണമായും രഹസ്യകോഡ് ഉപയോഗിച്ചുള്ള സംരക്ഷണവും ( encryption ), സ്വയം നശിക്കുന്ന സന്ദേശങ്ങളുമൊക്കെ ടെലഗ്രാമിന്റെ സവിശേഷകളാണ്.

ടെലഗ്രാം ഉപയോഗിച്ചാല്‍ , കുബുദ്ധികള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ നിങ്ങളുടെ സന്ദേശങ്ങള്‍ ചോര്‍ത്താനൊക്കില്ലെന്ന്, ടെലഗ്രാമിന്റെ അണിയറ ശില്പികള്‍ ഉറപ്പു പറയുന്നു. ഇതുവരെ ഒരു മെസേജിങ് സംവിധാനത്തിലും ഇല്ലാത്തത്ര ശക്തമായ സുരക്ഷയാണ് ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ലോകമെങ്ങുമുള്ള മൊബൈലുകളിലും നെറ്റ്‌വര്‍ക്കുകളിലുംനിന്ന് അമേരിക്ക രഹസ്യമായി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇത് പ്രധാനമാണ്.

ഗണിതജ്ഞനായ നിക്കൊലായ് ഡുറോവ് സ്വന്തംനിലയ്ക്ക് രൂപപ്പെടുത്തിയ MTProto എന്ന ഡേറ്റാ പ്രോട്ടോക്കോളാണ് ടെലഗ്രാം സര്‍വീസിലുപയോഗിച്ചിരിക്കുന്നത്.

ആ പ്രോട്ടോക്കോള്‍ നല്‍കുന്ന സുരക്ഷ അതീവശക്തമാണെന്നും ആര്‍ക്കും ഭേദിക്കാന്‍ കഴിയില്ലെന്നുമുള്ള ആത്മവിശ്വാസമാണ്, ടെലഗ്രാമിന്റെ രഹസ്യകോഡ് ഭേദിക്കുന്നവര്‍ക്ക് രണ്ടുലക്ഷം ഡോളറിനുള്ള ബിറ്റ്‌കോയിന്‍ സമ്മാനമായി നല്‍കുമെന്ന് കഴിഞ്ഞ ഡിസംബര്‍ മൂന്നാംവാരം പ്രഖ്യാപിക്കാന്‍ ടെലഗ്രാം നിര്‍മാതാക്കളെ പ്രേരിപ്പിച്ചത്.

ടെലഗ്രാം ഉപയോഗിച്ച് നടത്തുന്ന രഹസ്യചാറ്റില്‍ കൈമാറുന്ന വിവരങ്ങള്‍ ആദ്യാവസാനം എന്‍ക്രിപ്റ്റ് ചെയ്യപ്പെടുന്നു. ഒരുകാരണവശാലും ആര്‍ക്കും ചോര്‍ത്താനാകില്ല. മാത്രമല്ല, കുറച്ചു സമയം കഴിഞ്ഞാല്‍ രഹസ്യചാറ്റിലെ സന്ദേശങ്ങള്‍ സ്വയം ഇല്ലാതാവുകയും ചെയ്യും. സാധാരണ ചാറ്റും ഉണ്ട് ടെലഗ്രാമില്‍ . അതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങള്‍ ക്ലൗഡ് സര്‍വീസില്‍ സൂക്ഷിക്കപ്പെടും.

സുരക്ഷപോലെ തന്നെ ടെലഗ്രാം അതിന്റെ തുറുപ്പുശീട്ടായി മുന്നോട്ടുവെയ്ക്കുന്നത് ആ സന്ദേശസര്‍വീസിന്റെ വേഗമാണ്. നിലവിലുള്ള ഏത് സര്‍വീസിനെക്കാളും വേഗത്തില്‍ സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും കൈമാറ്റം ചെയ്യാന്‍ ടെലഗ്രാം സഹായിക്കുമെന്നാണ്, അതിന്റെ നിര്‍മാതാക്കളുടെ അവകാശ വാദം.

ഒരു ജിബി വരെ ഡേറ്റ (ചിത്രങ്ങളോ വീഡിയോയോ എന്തായാലും) ടെലഗ്രാമിലൂടെ അയയ്ക്കാനും സാധിക്കും.

You might also like:

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top