കൂകി പായും തീവണ്ടി

Yureekkaa Journal 0 Comments



image
മനുഷ്യന്‍െറ പുരോഗതിയിലേക്കുള്ള പ്രയാണത്തില്‍ ഏറ്റവും പ്രാധാന്യമുള്ള വാഹനമായ തീവണ്ടിയുടെ ശില്‍പി ആരാണെന്നറിയാമോ ?
ജോര്‍ജ് സ്റ്റീഫന്‍സണ്‍.
1781 ജൂണ്‍ ഒമ്പതിന് ഇംഗ്ളണ്ടിലെ ന്യൂകാസിലില്‍ വൈലം എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഒരു പഴയ കല്‍ക്കരി എന്‍ജിന്‍ പോലെ കരിയും പുകയും വിയര്‍പ്പും കിതപ്പും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍െറ ജീവിതം.
ഒറ്റ മുറി മാത്രമുള്ള കുടിലില്‍ പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ബാല്യം. ചെറുപ്പത്തില്‍ സ്കൂളില്‍ പോകാനൊന്നും അദ്ദേഹത്തിനു സാധിച്ചില്ല.

 എട്ടു വയസ്സുള്ളപ്പോള്‍ മുതല്‍ അവന്‍ ജോലി ചെയ്യാന്‍ തുടങ്ങിയിരുന്നു. കുതിരകളെയും പശുക്കളെയും മേയ്ക്കാന്‍ പോകലായിരുന്നു ചെറുപ്പത്തിലെ ജോലി. 14ാം വയസ്സില്‍ ഒരു യന്ത്രശാലയില്‍ അവന് ജോലി ലഭിച്ചു; 1795ല്‍.


കല്‍ക്കരിയിലെ കല്ലും മണ്ണും പെറുക്കിമാറ്റി വൃത്തിയാക്കലായിരുന്നു, ആദ്യം. പിന്നെ യന്ത്രങ്ങളോടുള്ള താല്‍പര്യം കണ്ട് ആവിയന്ത്ര വിഭാഗത്തിലേക്കു മാറ്റി. അദ്ദേഹത്തിന്‍െറ പിതാവിനും അവിടെയായിരുന്നു ജോലി. യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ മിടുക്കനായിരുന്ന അദ്ദേഹത്തിനു വളരെ വേഗം എന്‍ജിനീയറായി ജോലിക്കയറ്റം കിട്ടി. അന്ന് വയസ്സ് 17. അപ്പോഴും അദ്ദേഹം നിരക്ഷരനായിരുന്നു.



പിന്നെ കഠിനപ്രയത്നത്തിന്‍െറ നാളുകളായിരുന്നു. പകല്‍ ജോലി, രാത്രിയില്‍ പഠനം. 18ാം വയസ്സില്‍ അദ്ദേഹം ആദ്യമായി സ്വന്തമായി പേരെഴുതി. ഒഴിവു സമയങ്ങളിലെല്ലാം വായിച്ചത് യന്ത്രങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളായിരുന്നു. 1804ല്‍ സ്കോട്ട്ലന്‍ഡിലെ കല്‍ക്കരി ഖനിയിലേക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം നടന്നാണ് പോയത്.

അക്കാലത്തെ ഏറ്റവും മികച്ച ആവിയന്ത്രം ജെയിംസ് വാട്ട് നിര്‍മിച്ചതായിരുന്നു. കല്‍ക്കരി കത്തിച്ച് ആവിയുണ്ടാക്കി അതിന്‍െറ ശക്തികൊണ്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കാമെന്ന കണ്ടുപിടിത്തം ഒരു മികച്ച ആവിയന്ത്രം ഉണ്ടാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. ഇതാണ് തീവണ്ടിയുടെ കണ്ടുപിടിത്തത്തിലേക്ക് വഴിയൊരുക്കിയത്.


ഖനികളില്‍ ഉപയോഗിക്കുന്ന രക്ഷാദീപമായിരുന്നു ജോര്‍ജ് സ്റ്റീഫന്‍സണിന്‍െറ ആദ്യ കണ്ടുപിടിത്തം; 1815ല്‍. പക്ഷേ, ഇതേസമയം ഹംഫ്രി ഡേവി ഇതേ കണ്ടുപിടിത്തം നടത്തി പേറ്റന്‍റ് നേടി.

യാത്രക്കും ചരക്കു കടത്തിനും കുതിരവണ്ടിയെ മാത്രം ആശ്രയിക്കുന്ന കാലമായിരുന്നു അത്. ഗതാഗത പ്രശ്നങ്ങള്‍ കാരണം പലപ്പോഴും വ്യവസായശാലകള്‍ ഇന്ധനമില്ലാതെ വിഷമിക്കുമ്പോള്‍ ഖനികളില്‍ കല്‍ക്കരി കെട്ടിക്കിടക്കുകയാവും.

ചരക്കു കടത്തിന് പുതിയ സംവിധാനം ഉണ്ടായേ തീരൂ എന്ന നിശ്ചയത്തില്‍നിന്നാണ് തീവണ്ടിയുടെ കണ്ടുപിടിത്തം. ബോയ്ലറില്‍ വെള്ളം തിളക്കുമ്പോള്‍ ഉണ്ടാവുന്ന ആവിയുടെ ശക്തികൊണ്ട് ചലിക്കുന്ന പിസ്റ്റണുകളില്‍ ഘടിപ്പിച്ച വണ്ടിച്ചക്രം കറക്കുക എന്ന ആശയമാണ് അദ്ദേഹം പരീക്ഷിച്ചത്.

ഇതിനായി ഇരുമ്പ് അടിച്ചുപരത്തി യന്ത്രഭാഗങ്ങളുണ്ടാക്കാന്‍ അദ്ദേഹം 10 മാസമെടുത്തു. 1814 ജൂലൈ 25ന് ലോകത്തിലെ ആദ്യ തീവണ്ടി പാളത്തിലൂടെ  ഓടി. 1815 ഫെബ്രുവരി 28ന് അദ്ദേഹം ആവിവണ്ടിയുടെ പേറ്റന്‍െറടുത്തു. ‘ബ്ളഷര്‍’ എന്നായിരുന്നു ഈ വണ്ടിയുടെ പേര്.


എഡ്വേര്‍ഡ് സീഡും സ്റ്റീഫന്‍സണും മകന്‍ റോബര്‍ട്ടും ചേര്‍ന്ന് 1823ല്‍ റോബര്‍ട്ട് സ്റ്റീഫന്‍സണ്‍ & കമ്പനി എന്ന പേരില്‍ ആദ്യത്തെ തീവണ്ടി നിര്‍മാണക്കമ്പനി സ്ഥാപിച്ചു.  മരത്തിന്‍െറ താങ്ങുകളില്‍ ഇരുമ്പു പാളങ്ങള്‍ പിടിപ്പിച്ച് സ്റ്റോക്ടണ്‍ മുതല്‍ ഡാര്‍ലിങ്ടണ്‍ വരെ 32 കിലോമീറ്റര്‍ നീളത്തില്‍ പ്രത്യേക പാളം രൂപപ്പെടുത്തി.

ഈ പാതയിലൂടെയാണ് 1825 സെപ്റ്റംബറില്‍ ലോകത്തിലെ ആദ്യത്തെ യാത്രാതീവണ്ടി ചരിത്രത്തിലേക്ക് ഓടിക്കയറിയത്.  തീവണ്ടിയെഞ്ചിനോട് രണ്ട് ബോഗികള്‍ ഘടിപ്പിച്ചിരുന്നു. 300 പേര്‍ക്ക് യാത്രചെയ്യാവുന്ന വണ്ടിയുടെ ആദ്യ യാത്രയില്‍ അറുന്നൂറോളം പേര്‍ കയറിപ്പറ്റിയിരുന്നു. മണിക്കൂറില്‍ 24 കിലോമീറ്റര്‍ ആയിരുന്നു വേഗം.

ഈ ‘അദ്ഭുതവണ്ടി’യുടെ ആദ്യ യാത്ര കാണാന്‍ 40,000ത്തോളം ആളുകള്‍ പാളത്തിനിരുപുറവും ആര്‍പ്പുവിളികളോടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നത്രേ. ആ തീവണ്ടിയുടെ എന്‍ജിന്‍ ഡാര്‍ലിങ്ടണില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.


തീവണ്ടിയില്‍ പിന്നീട് നിരവധി പരീക്ഷണങ്ങളും പരിഷ്കാരങ്ങളും അദ്ദേഹം വരുത്തി. ലോകമാകെ തീവണ്ടി ചീറിപ്പാഞ്ഞു തുടങ്ങുമ്പോള്‍ ദാരിദ്ര്യത്തിന്‍െറ കറുത്ത പുകയകന്ന് ജോര്‍ജ് സ്റ്റീഫന്‍സണ്‍ സമ്പന്നതയിലേക്ക് കുതിക്കുകയായിരുന്നു. 1848 ആഗസ്റ്റ് 12ന് അദ്ദേഹം മരിച്ചു.



Tags:

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

0 comments:

back to top