Showing posts with label Gadget. Show all posts
Showing posts with label Gadget. Show all posts

വയര്‍ലെസ്സ് ചാര്‍ജിങില്‍ പുതിയ കാല്‍വെയ്‌പ്‌

Yureekkaa Journal

വയര്‍ലെസ്സ് ചാര്‍ജിങ് രംഗത്ത് പുതിയ കാല്‍വെയ്പ്. നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ വയര്‍ലെസ്സ് ചാര്‍ജിങ് കഴിഞ്ഞ ദിവസം ഗവേഷകര്‍ അവതരിപ്പിച്ചു.

വയര്‍ലെസ്സ് ചാര്‍ജിംഗിനായുള്ള ദൂരം 30 മില്ലിമീറ്ററില്‍ നിന്നും 45 മില്ലിമീറ്ററിലേക്കാണ് പുതിയ മുന്നേറ്റത്തില്‍ വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വയര്‍ലെസ്സ് പവര്‍ കണ്‍സോര്‍ഷ്യത്തിലെ അഞ്ച് അംഗങ്ങള്‍ തങ്ങളുടെ ഫോണുകള്‍ ഇത്തരത്തില്‍ ചാര്‍ജു ചെയ്ത് പരീക്ഷണം വിജയകരമാണെന്ന് തെളിയിച്ചിട്ടുണ്ട്.

ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിങ്ങളില്‍ നിന്നുള്ള പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുടെ കൂട്ടായ്മയാണ് വയര്‍ലെസ്സ് പവര്‍ കണ്‍സോര്‍ഷ്യം. വയര്‍ലെസ്സ് ചാര്‍ജിങ് മേഖലയിലെ വികസനമാണ് കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നത്.

സാംസങ്, നോക്കിയ, മോട്ടോറോള, എച്ച്ടിസി, എല്‍ജി, വാവേ, അസൂസ്, സോണി തുടങ്ങിയ പ്രമുഖരെല്ലാം ഈ കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളാണ്. കണ്‍സോര്‍ഷ്യത്തിന്റെ ഇന്റര്‍ഫേസ് സ്റ്റാന്‍ഡേര്‍ഡ് ആയ 'ചീ'യുടെ (Qi) പുതിയ പതിപ്പിലാണ് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

വൈദ്യുതി പുറപ്പെടുവിക്കുന്ന പാഡും മൊബൈലിലേയോ മറ്റു ഇലക്‌ട്രോണിക് ഉപകരണങ്ങളിലേയോ റിസീവറും തമ്മില്‍ ഇലക്‌ട്രോ മാഗ്നറ്റിക് തരംഗങ്ങളിലൂടെയുള്ള സംവേദനം വഴിയാണ് ഉപകരണങ്ങള്‍ ചാര്‍ജുചെയ്യുന്നത്.

ചീയുടെ വി.1.1 പതിപ്പില്‍ ചാര്‍ജു ചെയ്യേണ്ട ഉപകരണവും പാഡും തമ്മിലുള്ള ദൂരം 30 മില്ലിമീറ്റര്‍ വരെ ആകാമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച വി.1.2 പതിപ്പില്‍ ഇത് 45 മില്ലിമീറ്ററിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

1.1 വേര്‍ഷനില്‍നിന്ന് വ്യത്യസ്തമായി ഒരേസമയം ഒന്നിലേറെ ഉപകരണങ്ങള്‍ ചാര്‍ജു ചെയ്യാമെന്ന പ്രത്യേകതയും പുതിയ പതിപ്പിനുണ്ട്. 2000 വാട്ട് വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വരെ ചീയുടെ പുതിയ വേര്‍ഷനില്‍ ചാര്‍ജു ചെയ്യാനാകുമെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമായതോടെ കമ്പനികളും ഉപയോക്താക്കളും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പെട്ടെന്ന് ചാര്‍ജ് നഷ്ടപ്പെടുന്നു എന്നത്. മിക്കവാറും ഫോണുകളുടെ ബാറ്ററികളും ഊരിയെടുക്കാനാകാത്തവ ആയതിനാല്‍ രണ്ടാം ബാറ്ററി ഉപയോഗിക്കാനുമാകില്ല.

എന്നാല്‍ ഒരേസമയം കൂടുതല്‍ പേര്‍ക്ക് ചാര്‍ജു ചെയ്യാനാകുന്ന വയര്‍ലെസ്സ് ചാര്‍ജര്‍ വ്യാപകമായാല്‍ പൊതു ഇടങ്ങളില്‍ നിന്നും മറ്റും ചാര്‍ജിംഗ് എളുപ്പമാകും. വയര്‍ലെസ്സ് ചാര്‍ജിംഗ് കൂടുതല്‍ ദൂരത്തിലേക്ക് എത്തിക്കാനായാല്‍ യാത്രയിലും വീടിനുള്ളിലുമെല്ലാം ചാര്‍ജിംഗ് എളുപ്പമാകുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.

വരുന്നു ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മരണ സ്വിച്ച്.

Yureekkaa Journal
സ്മാര്‍ട്ട്‌ഫോണുകളില്‍ 'മരണസ്വിച്ച്' ('kill switch') ഉള്‍പ്പെടുത്താന്‍ മൈക്രോസോഫ്റ്റും ഗൂഗിളും സമ്മതിച്ചു. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസിലും മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലും ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തും.

ആപ്പിള്‍ ഐഫോണുകളില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഈ ഫീച്ചര്‍ എത്തിയിരുന്നു.

മോഷ്ടിക്കപ്പെട്ട, അല്ലെങ്കില്‍ നഷ്ടപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ പൂര്‍ണമായും ഉപയോഗശൂന്യമാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് 'മരണസ്വിച്ച്'. ദൂരെയിരുന്ന് ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ, മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ വെറും പേപ്പര്‍ വെയ്റ്റ് മാത്രമാകും!

ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്‌നീഡര്‍മാന്‍ മുന്‍കൈയെടുത്ത് നടത്തുന്ന 'സെക്യൂര്‍ അവര്‍ സ്മാര്‍ട്ട്‌ഫോണ്‍' പദ്ധതിയുടെ ഭാഗമായാണ്, മൈക്രോസോഫ്റ്റും ഗൂഗിളുമായി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയത്. ഷ്‌നീഡര്‍മാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത.

എന്നാല്‍, ഗൂഗിളും മൈക്രോസോഫ്റ്റും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ എപ്പോഴായിരിക്കും മരണസ്വിച്ച് ഫീച്ചര്‍ ഉള്‍പ്പെടുത്തുക എന്ന് വ്യക്തമല്ല.

സ്മാര്‍ട്ട്‌ഫോണ്‍ മോഷണം ഒരു ആഗോളപ്രശ്‌നമായി വളര്‍ന്നിരിക്കുന്നു എന്നാണ് യു.എസ്.അധികൃതരുടെ വിലയിരുത്തല്‍. അമേരിക്കയില്‍ 2012 ല്‍ മോഷണം പോയ സ്മാര്‍ട്ട്‌ഫോണുകളുടെ ഇരട്ടിയെണ്ണം 2013 ല്‍ മോഷ്ടിക്കപ്പെട്ടു. യൂറോപ്പില്‍ മൂന്നിലൊന്ന് പേര്‍ മൊബൈല്‍ മോഷണത്തിനോ, മൊബൈല്‍ നഷ്ടപ്പെടലിനോ ഇരയാകുന്നവരാണ്.

2009-2012 കാലയളവില്‍ ദക്ഷിണകൊറിയയില്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഷണം അഞ്ചിരട്ടിയായി. കൊളംബിയയിലെ കുറ്റവാളികള്‍ 2013 ല്‍ മാത്രം തട്ടിയെടുത്തത് പത്തുലക്ഷത്തിലേറെ മൊബൈലുകളാണ്.

ഈ പശ്ചാത്തലത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ മോഷണം തടയാനുള്ള പ്രായോഗിക നടപടികളുമായി യു.എസ്.അധികൃതര്‍ മുന്നോട്ടുവന്നത്.

'ആക്ടിവേഷന്‍ ലോക്ക്' ( Activation Lock ) എന്ന പേരില്‍ മരണസ്വിച്ച് ഫീച്ചര്‍ കഴിഞ്ഞ സപ്തംബറില്‍ 'ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം 7' ല്‍ ( iOS7 ) ആപ്പിള്‍ ഉള്‍പ്പെടുത്തുകയുണ്ടായി. അതിന് ശേഷം ഐഫോണ്‍ മോഷണം കാര്യമായി കുറഞ്ഞെന്ന് അറ്റോര്‍ണി ജനറല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട പറയുന്നു.

റിപ്പോര്‍ട്ട് പ്രകാരം 2014 ലെ ആദ്യ അഞ്ച് മാസക്കാലം ന്യൂയോര്‍ക്ക് നഗരത്തില്‍ ഐഫോണ്‍ മോഷണം 17 ശതമാനം കുറഞ്ഞു. ലണ്ടനില്‍ 24 ശതമാനവും സാന്‍ ഫ്രാന്‍സിസ്‌കോയില്‍ 38 ശതമാനവും ഐഫോണ്‍ മോഷണത്തില്‍ കുറവുണ്ടായി.

ഈ കാലയളവില്‍ സാംസങിന്റേതുള്‍പ്പടെ മറ്റ് ഫോണുകളുടെ മോഷണം വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

സ്മാര്‍ട്ട്‌ഫോണുകളില്‍ മരണസ്വിച്ച് ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നവരുമുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ മോഷണത്തിനുള്ള മറുപടി മരണസ്വിച്ച് അല്ലെന്ന്, അമേരിക്കയില്‍ ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായമേഖലയെ പ്രതിനിധീകരിക്കുന്ന സി.ഐ.ടി.എ. ( CITA ) വാദിക്കുന്നു. സൈബര്‍ ക്രിമിനലുകള്‍ക്ക് മരണസ്വിച്ച് അക്ടിവേറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു ഭീഷണിയായി മാറുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മാത്രമല്ല, മരണസ്വിച്ചിന്റെ സിഗ്നല്‍, ഫോണ്‍ ഓഫായിരിക്കുമ്പോഴും എയര്‍പ്ലെയ്ന്‍ മോഡിലായിരിക്കുമ്പോഴും ഫോണില്‍ എത്തിക്കൊള്ളണം എന്നില്ലെന്ന് വാദിക്കുന്നവരുമുണ്ട്.

ഏതായാലും, ഗൂഗിളും മൈക്രോസോഫ്റ്റും ഈ ഫീച്ചര്‍ അംഗീകരിച്ചതോടെ, ബഹുഭൂരിപക്ഷം സ്മാര്‍ട്ട്‌ഫോണുകളിലും മരണസ്വിച്ച് ഇനി ഉണ്ടാകുമെന്ന് ഉറപ്പായി.

ലോകത്തേറ്റവും വിലകുറഞ്ഞ വിന്‍ഡോസ് ഫോണുമായി മൈക്രോമാക്‌സ്

Yureekkaa Journal

 
വിന്‍ഡോസ് ഫോണ്‍ ഒഎസിലുള്ള മൈക്രോമാക്‌സിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ ഡല്‍ഹിയില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ ബോളിവുഡ് താരം ഡയാന പെന്റി ഫോണുമായി - ചിത്രം: പി ടി ഐ


ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ഇന്ത്യക്കാര്‍ക്ക് സുപരിചിതമാക്കിയതില്‍ മൈക്രോമാക്‌സിനുളള പങ്ക് വളരെ വലുതാണ്. സാംസങും എച്ച്.ടി.സിയും പോലുള്ള വമ്പന്‍ കളിക്കാര്‍ രാജ്യത്ത് ആന്‍ഡ്രോയ്ഡ് ഫോണുകളിറക്കിയ കാലത്താണ് തനി ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് ആന്‍ഡ്രോയ്ഡ് ഫോണ്‍ പരീക്ഷണാര്‍ഥം വിപണിയിലെത്തിച്ചത്. 2010 നവംബറിലായിരുന്നു അത്. ആന്‍ഡ്രോ എ60 എന്ന് പേരുള്ള ആ ഫോണില്‍ ആന്‍ഡ്രോയ്ഡ് 2.1 എക്ലയര്‍ വെര്‍ഷനായിരുന്നു ഉണ്ടായിരുന്നത്. വില 8000 രൂപ. പന്ത്രണ്ടായിരം രൂപയില്‍ കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കിട്ടാനില്ലാത്ത അക്കാലത്തിറങ്ങിയ ആ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ പെട്ടെന്ന് ജനശ്രദ്ധ നേടി.

അവിടെ തുടങ്ങുകയായിരുന്നു മൈക്രോമാക്‌സും ആന്‍ഡ്രോയ്ഡും തമ്മിലുള്ള വിജയസഖ്യം. പിന്നീട് ആഴ്ചതോറും പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് മൈക്രോമാക്‌സ് ഏവരെയും ഞെട്ടിച്ചു. എണ്ണായിരം രൂപയില്‍ തുടങ്ങിയെങ്കിലും പിന്നീട് അയ്യായിരത്തിന്റെയും നാലായിരത്തിന്റെയുമെല്ലാം ഫോണുകള്‍ കമ്പനിയിറക്കി. കഴിഞ്ഞ വര്‍ഷം ഫിബ്രവരിയില്‍ കമ്പനി അവതരിപ്പിച്ച ബോള്‍ട്ട് എ27 എന്ന ഫോണിന് 3195 രൂപയായിരുന്നു വില. ആന്‍ഡ്രോയ്ഡ് 2.3.5 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ബോള്‍ട്ട് എ27 ആകും ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണ്‍.

മൈക്രോമാക്‌സിന്റെ ഈ വിപ്ലവ നീക്കത്തിലൂടെയാണ് ഇടത്തരക്കാര്‍ക്ക് ആന്‍ഡ്രോയ്ഡിന്റെ സേവനങ്ങള്‍ പ്രാപ്യമായത്. ഇന്നിപ്പോള്‍ 15.6 കോടി സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുണ്ട് രാജ്യത്ത്. 2014 കഴിയുന്നതോടെ അത് ഇരട്ടിയാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൈക്രോമാക്‌സാകട്ടെ ലോകത്തെ പത്താമത് വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി മാറിക്കഴിഞ്ഞു. ഇന്ത്യന്‍വിപണിയില്‍ സാംസങിന് തൊട്ടുപുറകില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ മൈക്രോമാക്‌സ്.

ഇപ്പോഴിതാ മൈക്രോസോഫ്റ്റുമായി പുതിയ കൂട്ടുകെട്ടിലൂടെ മൈക്രോമാക്‌സ് വീണ്ടും പത്രത്തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കുന്നു. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലുള്ള ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ടാണിപ്പോള്‍ മൈക്രോമാക്‌സ് വീണ്ടും ശ്രദ്ധനേടുന്നത്.

മൈക്രോമാക്‌സിന്റെ വിന്‍ഡോസ് ഫോണുകള്‍ തിങ്കളാഴ്ചയാണ് വിപണിയിലെത്തിയത്. രണ്ടുമാസംമുമ്പ് കമ്പനിയെ തങ്ങളുടെ വിന്‍ഡോസ് ഫോണ്‍ പങ്കാളിയായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന കാന്‍വാസ് വിന്‍ ഡബ്ല്യു092 ( Canvas Win W092 ), കാന്‍വാസ് വിന്‍ ഡബ്ല്യു121 ( Canvas Win W121 ) എന്നീ ഫോണുകളാണ് മൈക്രോമാക്‌സ് ഇന്ത്യക്കാര്‍ക്ക് സമ്മാനിക്കുന്നത്. ആദ്യത്തെ ഫോണിന് 6500 രൂപയും, രണ്ടാമത്തേതിന് 9,500 രൂപയുമാണ് വില.

രണ്ടുഫോണുകളും ഡ്യുവല്‍ സിം മോഡലുകളാണ്. ഡ്യുവല്‍ സിം സൗകര്യമുളള വിന്‍ഡോസ് ഫോണുകള്‍ വളരെ കുറവാണിപ്പോള്‍. നോക്കിയയുടെ ലൂമിയ 630 ല്‍ മാത്രമാണ് ഇതുവരെ ആ സൗകര്യമുണ്ടായിരുന്നത്.


480 X 800 പിക്‌സല്‍സ് റിസൊല്യൂഷനുളള നാലിഞ്ച് ഡബ്ല്യു.വി.ജി.എ. ഐ.പി.എസ്. ഡിസ്‌പ്ലേയുളള ഫോണാണ് കാന്‍വാസ് വിന്‍ ഡബ്ല്യു092. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, എസ്.ഡി. കാര്‍ഡ് സൗകര്യം എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറയും 0.3 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഇതിലുണ്ട്. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ജി.പി.ആര്‍.എസ്./എഡ്ജ്, ബ്ലൂടൂത്ത് സംവിധാനങ്ങളും. 1500 എം.എച്ച്. ബാറ്ററിയാണ് ഫോണിന് ഊര്‍ജ്ജം പകരുന്നത്.

കാന്‍വാസ് വിന്‍ ഡബ്ല്യു121 ല്‍ 720 X 1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള അഞ്ചിഞ്ച് എച്ച്.ഡി. ഐ.പി.എസ്. ഡിസ്‌പ്ലേയാണുളളത്. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് സൗകര്യം എന്നിവയും ഇതിലുണ്ട്. ഫ് ളാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറയും രണ്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് ഇതിലുള്ളത്. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ജി.പി.ആര്‍.എസ്./എഡ്ജ്, ബ്ലൂടൂത്ത് സംവിധാനങ്ങളുമുണ്ട്. 2000 എം.എച്ച്. ബാറ്ററിയാണ് ഫോണില്‍. തുടര്‍ച്ചയായ എട്ടു മണിക്കൂര്‍ സംസാരസമയവും 150 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

മൈക്രോമാക്‌സുമായി കൈകോര്‍ക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ അവര്‍ക്ക് മേല്‍ക്കൈ നേടിക്കൊടുക്കുമെന്നാണ് പലരും കരുതുന്നത്. മൊബൈല്‍ ഒ.എസ്. രംഗത്ത് സ്വാധീനമുറപ്പിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമം നടത്തിവരികയാണ്. അതിന്റെ ഭാഗമായി ഒമ്പതിഞ്ചില്‍ താഴെ സ്‌ക്രീന്‍ വലിപ്പമുള്ള ഡിവൈസുകള്‍ക്ക് വിന്‍ഡോസ് ഫോണ്‍ ഒ.എസ്. ലൈസന്‍സ് സൗജന്യമാക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനമെടുത്തിരുന്നു.

നിലവില്‍ നോക്കിയ ലൂമിയ ഫോണുകള്‍ മാത്രമാണ് വിന്‍ഡോസ് ഫോണ്‍ 8.1 വെര്‍ഷന്‍ ഒ.എസ്. ഉപയോഗിക്കുന്നത്. എന്നാല്‍ മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്ന തരത്തിലൊരു വില്പന ലൂമിയ ഫോണുകള്‍ക്കുണ്ടാകുന്നില്ല. വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്. ജനപ്രിയമാക്കാന്‍ മൈക്രോമാക്‌സിന് സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടല്‍.

ഡിജിറ്റല്‍ പേപ്പര്‍ - ടാബ്‌ലറ്റിന്റെ പുത്തന്‍ അവതാരവുമായി സോണി

Yureekkaa Journal



കനം വെറും ഏഴ് മില്ലീമീറ്റര്‍ , എ4 വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ , ഇ-ഇന്‍ക് ഡിസ്‌പ്ലേ. സോണിയുടെ പുതിയ ടാബ്‌ലറ്റ് അവതാരമായ 'ഡിജിറ്റല്‍ പേപ്പറി'ന്റെ അഴകളവുകളാണിത്.



ഇനി ഒ.എസുകളുടെ കാലം, 25 ഡോളര്‍ ഫോണ്‍, ഫയര്‍ഫോക്സ് സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലറ്റ് എന്നിവയുമായി മോസില്ല

Yureekkaa Journal


സാധാരണ ഫോണുകള്‍ ഉപയോഗിക്കുന്ന പാവങ്ങള്‍ക്ക് ഒരു ഫോണ്‍ ഉണ്ടായാല്‍ എന്താ ഭൂമി ഇടിഞ്ഞുവീഴുമോ. ചോദ്യം മോസില്ലയുടേതാണ്. അവര്‍ ഈ പാവങ്ങളെ ലക്ഷ്യംവെച്ച് 25 ഡോളര്‍ (1500 രൂപ) വില വരുന്ന ഫോണ്‍ രംഗത്തിറക്കുകയും ചെയ്തു. ആപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനും കഴിയുന്നതായിരിക്കും പുതിയ ഫോണെന്ന് മോസില്ല ഫൗണ്ടേഷന്‍ പറയുന്നു.

സാംസങ് ഗ്യാലക്സി എസ് 5 പുറത്തിറക്കി

Yureekkaa Journal


ബാഴ്സലോണ: മൊബൈൽഫോൺ രംഗത്തെ അതികായന്മാരായ സാംസങ് ഗ്യാലക്സി എസ് 5 ബാഴ്സലോണയില്‍ നടക്കുന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിൽ പുറത്തിറക്കി. ആപ്പിള്‍ 5എസ് ഐഫോണിലേതിനു സമാനമായ ബയോമെട്രിക് സെൻസർ ബട്ടണും ഗ്യാലക്സി എസ് 5ന്റെ സവിശേഷതയാണ്. ഹോം ബട്ടണിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഒരുക്കിയിരിക്കുന്നത്.
അതിവേഗത്തിലുള്ള ക്യാമറയും പൊടി,​ വെള്ളം എന്നിവയെ പ്രതിരോധിക്കാൻ കഴിയുന്നതിനും ശേഷിയുള്ളതാണ് ഫോൺ.

back to top