വയര്‍ലെസ്സ് ചാര്‍ജിങ് രംഗത്ത് പുതിയ കാല്‍വെയ്പ്. നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ വയര്‍ലെസ്സ് ചാര്‍ജിങ് കഴിഞ്ഞ ദിവസം ഗവേഷകര്‍ അവതരിപ്പിച്ചു.
വയര്‍ലെസ്സ് ചാര്‍ജിംഗിനായുള്ള ദൂരം 30 മില്ലിമീറ്ററില്‍ നിന്നും 45 മില്ലിമീറ്ററിലേക്കാണ് പുതിയ മുന്നേറ്റത്തില്‍ വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വയര്‍ലെസ്സ് പവര്‍ കണ്‍സോര്‍ഷ്യത്തിലെ അഞ്ച് അംഗങ്ങള്‍ തങ്ങളുടെ ഫോണുകള്‍ ഇത്തരത്തില്‍ ചാര്‍ജു ചെയ്ത് പരീക്ഷണം വിജയകരമാണെന്ന് തെളിയിച്ചിട്ടുണ്ട്.
ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിങ്ങളില്‍ നിന്നുള്ള പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുടെ കൂട്ടായ്മയാണ് വയര്‍ലെസ്സ് പവര്‍ കണ്‍സോര്‍ഷ്യം. വയര്‍ലെസ്സ് ചാര്‍ജിങ് മേഖലയിലെ വികസനമാണ് കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നത്.
സാംസങ്, നോക്കിയ, മോട്ടോറോള, എച്ച്ടിസി, എല്‍ജി, വാവേ, അസൂസ്, സോണി തുടങ്ങിയ പ്രമുഖരെല്ലാം ഈ കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളാണ്. കണ്‍സോര്‍ഷ്യത്തിന്റെ ഇന്റര്‍ഫേസ് സ്റ്റാന്‍ഡേര്‍ഡ് ആയ 'ചീ'യുടെ (Qi) പുതിയ പതിപ്പിലാണ് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
വൈദ്യുതി പുറപ്പെടുവിക്കുന്ന പാഡും മൊബൈലിലേയോ മറ്റു ഇലക്‌ട്രോണിക് ഉപകരണങ്ങളിലേയോ റിസീവറും തമ്മില്‍ ഇലക്‌ട്രോ മാഗ്നറ്റിക് തരംഗങ്ങളിലൂടെയുള്ള സംവേദനം വഴിയാണ് ഉപകരണങ്ങള്‍ ചാര്‍ജുചെയ്യുന്നത്.
ചീയുടെ വി.1.1 പതിപ്പില്‍ ചാര്‍ജു ചെയ്യേണ്ട ഉപകരണവും പാഡും തമ്മിലുള്ള ദൂരം 30 മില്ലിമീറ്റര്‍ വരെ ആകാമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച വി.1.2 പതിപ്പില്‍ ഇത് 45 മില്ലിമീറ്ററിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
1.1 വേര്‍ഷനില്‍നിന്ന് വ്യത്യസ്തമായി ഒരേസമയം ഒന്നിലേറെ ഉപകരണങ്ങള്‍ ചാര്‍ജു ചെയ്യാമെന്ന പ്രത്യേകതയും പുതിയ പതിപ്പിനുണ്ട്. 2000 വാട്ട് വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വരെ ചീയുടെ പുതിയ വേര്‍ഷനില്‍ ചാര്‍ജു ചെയ്യാനാകുമെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു.
സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമായതോടെ കമ്പനികളും ഉപയോക്താക്കളും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പെട്ടെന്ന് ചാര്‍ജ് നഷ്ടപ്പെടുന്നു എന്നത്. മിക്കവാറും ഫോണുകളുടെ ബാറ്ററികളും ഊരിയെടുക്കാനാകാത്തവ ആയതിനാല്‍ രണ്ടാം ബാറ്ററി ഉപയോഗിക്കാനുമാകില്ല.
എന്നാല്‍ ഒരേസമയം കൂടുതല്‍ പേര്‍ക്ക് ചാര്‍ജു ചെയ്യാനാകുന്ന വയര്‍ലെസ്സ് ചാര്‍ജര്‍ വ്യാപകമായാല്‍ പൊതു ഇടങ്ങളില്‍ നിന്നും മറ്റും ചാര്‍ജിംഗ് എളുപ്പമാകും. വയര്‍ലെസ്സ് ചാര്‍ജിംഗ് കൂടുതല്‍ ദൂരത്തിലേക്ക് എത്തിക്കാനായാല്‍ യാത്രയിലും വീടിനുള്ളിലുമെല്ലാം ചാര്‍ജിംഗ് എളുപ്പമാകുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.
Facebook
Twitter
Google+
Rss Feed
