Showing posts with label History. Show all posts
Showing posts with label History. Show all posts

കൂകി പായും തീവണ്ടി

Yureekkaa Journal 0 Comments



image
മനുഷ്യന്‍െറ പുരോഗതിയിലേക്കുള്ള പ്രയാണത്തില്‍ ഏറ്റവും പ്രാധാന്യമുള്ള വാഹനമായ തീവണ്ടിയുടെ ശില്‍പി ആരാണെന്നറിയാമോ ?
ജോര്‍ജ് സ്റ്റീഫന്‍സണ്‍.
1781 ജൂണ്‍ ഒമ്പതിന് ഇംഗ്ളണ്ടിലെ ന്യൂകാസിലില്‍ വൈലം എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഒരു പഴയ കല്‍ക്കരി എന്‍ജിന്‍ പോലെ കരിയും പുകയും വിയര്‍പ്പും കിതപ്പും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍െറ ജീവിതം.
ഒറ്റ മുറി മാത്രമുള്ള കുടിലില്‍ പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ബാല്യം. ചെറുപ്പത്തില്‍ സ്കൂളില്‍ പോകാനൊന്നും അദ്ദേഹത്തിനു സാധിച്ചില്ല.

 എട്ടു വയസ്സുള്ളപ്പോള്‍ മുതല്‍ അവന്‍ ജോലി ചെയ്യാന്‍ തുടങ്ങിയിരുന്നു. കുതിരകളെയും പശുക്കളെയും മേയ്ക്കാന്‍ പോകലായിരുന്നു ചെറുപ്പത്തിലെ ജോലി. 14ാം വയസ്സില്‍ ഒരു യന്ത്രശാലയില്‍ അവന് ജോലി ലഭിച്ചു; 1795ല്‍.


കല്‍ക്കരിയിലെ കല്ലും മണ്ണും പെറുക്കിമാറ്റി വൃത്തിയാക്കലായിരുന്നു, ആദ്യം. പിന്നെ യന്ത്രങ്ങളോടുള്ള താല്‍പര്യം കണ്ട് ആവിയന്ത്ര വിഭാഗത്തിലേക്കു മാറ്റി. അദ്ദേഹത്തിന്‍െറ പിതാവിനും അവിടെയായിരുന്നു ജോലി. യന്ത്രങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ മിടുക്കനായിരുന്ന അദ്ദേഹത്തിനു വളരെ വേഗം എന്‍ജിനീയറായി ജോലിക്കയറ്റം കിട്ടി. അന്ന് വയസ്സ് 17. അപ്പോഴും അദ്ദേഹം നിരക്ഷരനായിരുന്നു.



പിന്നെ കഠിനപ്രയത്നത്തിന്‍െറ നാളുകളായിരുന്നു. പകല്‍ ജോലി, രാത്രിയില്‍ പഠനം. 18ാം വയസ്സില്‍ അദ്ദേഹം ആദ്യമായി സ്വന്തമായി പേരെഴുതി. ഒഴിവു സമയങ്ങളിലെല്ലാം വായിച്ചത് യന്ത്രങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളായിരുന്നു. 1804ല്‍ സ്കോട്ട്ലന്‍ഡിലെ കല്‍ക്കരി ഖനിയിലേക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം നടന്നാണ് പോയത്.

അക്കാലത്തെ ഏറ്റവും മികച്ച ആവിയന്ത്രം ജെയിംസ് വാട്ട് നിര്‍മിച്ചതായിരുന്നു. കല്‍ക്കരി കത്തിച്ച് ആവിയുണ്ടാക്കി അതിന്‍െറ ശക്തികൊണ്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കാമെന്ന കണ്ടുപിടിത്തം ഒരു മികച്ച ആവിയന്ത്രം ഉണ്ടാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. ഇതാണ് തീവണ്ടിയുടെ കണ്ടുപിടിത്തത്തിലേക്ക് വഴിയൊരുക്കിയത്.


ഖനികളില്‍ ഉപയോഗിക്കുന്ന രക്ഷാദീപമായിരുന്നു ജോര്‍ജ് സ്റ്റീഫന്‍സണിന്‍െറ ആദ്യ കണ്ടുപിടിത്തം; 1815ല്‍. പക്ഷേ, ഇതേസമയം ഹംഫ്രി ഡേവി ഇതേ കണ്ടുപിടിത്തം നടത്തി പേറ്റന്‍റ് നേടി.

യാത്രക്കും ചരക്കു കടത്തിനും കുതിരവണ്ടിയെ മാത്രം ആശ്രയിക്കുന്ന കാലമായിരുന്നു അത്. ഗതാഗത പ്രശ്നങ്ങള്‍ കാരണം പലപ്പോഴും വ്യവസായശാലകള്‍ ഇന്ധനമില്ലാതെ വിഷമിക്കുമ്പോള്‍ ഖനികളില്‍ കല്‍ക്കരി കെട്ടിക്കിടക്കുകയാവും.

ചരക്കു കടത്തിന് പുതിയ സംവിധാനം ഉണ്ടായേ തീരൂ എന്ന നിശ്ചയത്തില്‍നിന്നാണ് തീവണ്ടിയുടെ കണ്ടുപിടിത്തം. ബോയ്ലറില്‍ വെള്ളം തിളക്കുമ്പോള്‍ ഉണ്ടാവുന്ന ആവിയുടെ ശക്തികൊണ്ട് ചലിക്കുന്ന പിസ്റ്റണുകളില്‍ ഘടിപ്പിച്ച വണ്ടിച്ചക്രം കറക്കുക എന്ന ആശയമാണ് അദ്ദേഹം പരീക്ഷിച്ചത്.

ഇതിനായി ഇരുമ്പ് അടിച്ചുപരത്തി യന്ത്രഭാഗങ്ങളുണ്ടാക്കാന്‍ അദ്ദേഹം 10 മാസമെടുത്തു. 1814 ജൂലൈ 25ന് ലോകത്തിലെ ആദ്യ തീവണ്ടി പാളത്തിലൂടെ  ഓടി. 1815 ഫെബ്രുവരി 28ന് അദ്ദേഹം ആവിവണ്ടിയുടെ പേറ്റന്‍െറടുത്തു. ‘ബ്ളഷര്‍’ എന്നായിരുന്നു ഈ വണ്ടിയുടെ പേര്.


എഡ്വേര്‍ഡ് സീഡും സ്റ്റീഫന്‍സണും മകന്‍ റോബര്‍ട്ടും ചേര്‍ന്ന് 1823ല്‍ റോബര്‍ട്ട് സ്റ്റീഫന്‍സണ്‍ & കമ്പനി എന്ന പേരില്‍ ആദ്യത്തെ തീവണ്ടി നിര്‍മാണക്കമ്പനി സ്ഥാപിച്ചു.  മരത്തിന്‍െറ താങ്ങുകളില്‍ ഇരുമ്പു പാളങ്ങള്‍ പിടിപ്പിച്ച് സ്റ്റോക്ടണ്‍ മുതല്‍ ഡാര്‍ലിങ്ടണ്‍ വരെ 32 കിലോമീറ്റര്‍ നീളത്തില്‍ പ്രത്യേക പാളം രൂപപ്പെടുത്തി.

ഈ പാതയിലൂടെയാണ് 1825 സെപ്റ്റംബറില്‍ ലോകത്തിലെ ആദ്യത്തെ യാത്രാതീവണ്ടി ചരിത്രത്തിലേക്ക് ഓടിക്കയറിയത്.  തീവണ്ടിയെഞ്ചിനോട് രണ്ട് ബോഗികള്‍ ഘടിപ്പിച്ചിരുന്നു. 300 പേര്‍ക്ക് യാത്രചെയ്യാവുന്ന വണ്ടിയുടെ ആദ്യ യാത്രയില്‍ അറുന്നൂറോളം പേര്‍ കയറിപ്പറ്റിയിരുന്നു. മണിക്കൂറില്‍ 24 കിലോമീറ്റര്‍ ആയിരുന്നു വേഗം.

ഈ ‘അദ്ഭുതവണ്ടി’യുടെ ആദ്യ യാത്ര കാണാന്‍ 40,000ത്തോളം ആളുകള്‍ പാളത്തിനിരുപുറവും ആര്‍പ്പുവിളികളോടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നത്രേ. ആ തീവണ്ടിയുടെ എന്‍ജിന്‍ ഡാര്‍ലിങ്ടണില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.


തീവണ്ടിയില്‍ പിന്നീട് നിരവധി പരീക്ഷണങ്ങളും പരിഷ്കാരങ്ങളും അദ്ദേഹം വരുത്തി. ലോകമാകെ തീവണ്ടി ചീറിപ്പാഞ്ഞു തുടങ്ങുമ്പോള്‍ ദാരിദ്ര്യത്തിന്‍െറ കറുത്ത പുകയകന്ന് ജോര്‍ജ് സ്റ്റീഫന്‍സണ്‍ സമ്പന്നതയിലേക്ക് കുതിക്കുകയായിരുന്നു. 1848 ആഗസ്റ്റ് 12ന് അദ്ദേഹം മരിച്ചു.



വൈദ്യുതിയുടെ പിതാവിന് 225-ആം ജന്മദിനം

Yureekkaa Journal 0 Comments



വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേൽ ഫാരഡേ(1791 സെപ്റ്റംബർ 22 - 1867 ഓഗസ്റ്റ് 25).

വൈദ്യുതി കൃത്രിമമായി ഉല്പാദിപ്പിക്കുവാനുള്ള വഴി കണ്ടെത്തിയ ഫാരഡേയാണ് ഇന്നു ലോകത്തുള്ള എല്ലാ അത്യന്താധുനിക കണ്ടുപിടിത്തങ്ങൾക്കും നാന്ദി കുറിച്ചത് എന്നു പറയാം.

 സാറയായിരുന്നു ഭാര്യ. വൈദ്യുതകാന്തികത്, വൈദ്യുതരസതന്ത്രം എന്നീ മേഖലകളിൽ ഇദ്ദേഹം ധാരാ‌ളം സംഭാവനകൾ നൽകിയിട്ടുണ്ട്. വൈദ്യുത കാന്തിക ഇൻഡക്ഷൻ, ഡയാമാഗ്നറ്റിസം, ഇലക്ട്രോലൈസിസ് എന്നീ മേഖലകളിലെ ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ എടുത്തുപറയാവുന്നവയാണ്. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും ചരിത്രത്തിലും ശാസ്ത്രത്തിലും ഏറ്റവും സ്വാധീനം ചെലുത്തിയ ചില കണ്ടുപിടുത്തങ്ങൾ നടത്തിയ വ്യക്തിയാണിദ്ദേഹം.
ശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരീക്ഷണവിദഗ്ദ്ധൻ ഇദ്ദേഹമാണെന്ന് പറയാവുന്നതാണ്.




http://www.openotify.in/


 ഡയറക്റ്റ് കറണ്ട് പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റുമുള്ള വൈദ്യുതകാന്തിക ഫീൽഡിനെ സംബന്ധിച്ച ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളാണ് വൈദ്യുത കാന്തിക ക്ഷേത്രം എന്നതുസംബന്ധിച്ച ധാരണ തന്നെ ഊർജ്ജതന്ത്രത്തിൽ ഉണ്ടാവാൻ കാരണം. പ്രകാശവീചികളെ സ്വാധീനിക്കാനുള്ള കഴിവും കാന്തികമണ്ഡലത്തിനുണ്ട് എന്ന് ഇദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. ഈ രണ്ടു കാര്യങ്ങൾ തമ്മിൽ ബന്ധമുണ്ട് എന്നും ഇദ്ദേഹമാണ് ഊഹിച്ചത്.

വൈദ്യുത മോട്ടോറുകളുടെ കണ്ടുപിടുത്തം ഈ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന് കാരണമായി. ഈ കണ്ടുപിടുത്തം കാരണമാണ് വൈദ്യുതി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകൾ വികസിച്ചതുതന്നെ. ബെൻസീൻ കണ്ടുപിടിച്ചതും, ക്ലോറിന്റെ ക്ലാത്രേറ്റ് ഹൈഡ്രേറ്റ് സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തിയതും, ബൺസൺ ബർണറിന്റെ ഒരു ആദ്യരൂപം കണ്ടുപിടിച്ചതും, ഓക്സിഡേഷൻ നമ്പറുകൾ സംബന്ധിച്ച വ്യവസ്ഥകൾ രൂപപ്പെടു‌ത്തിയതും ഇദ്ദേഹത്തിന്റെ രസതന്ത്രമേഖലയിലെ സംഭാവനകളാണ്. ആനോഡ്, കാഥോട്, ഇലക്ട്രോഡ്, അയോൺ എന്നീ പ്രയോഗങ്ങൾ പ്രചാരത്തിൽ കൊണ്ടുവന്നതും ഇദ്ദേഹമാണ്. ബ്രിട്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂഷനിലെ ആദ്യത്തെ ഫുള്ളേറിയൻ പ്രഫസർ ഓഫ് കെമിസ്ട്രി എന്ന ആജീവനാന്ത സ്ഥാനം ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. ഗണിതശാസ്ത്രത്തിൽ ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം ശുഷ്കമായിരുന്നു. ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളെ ഗണിതശാസ്ത്ര സമവാക്യങ്ങ‌ളിലൂടെ ചുരുക്കിയിരുന്നു. ഇതാണ് വൈദ്യുതകാന്തിക പ്രതിഭാസങ്ങളെ സംബന്ധിച്ച സിദ്ധാന്തങ്ങളുടെ അടിസ്ഥാനശിലയായി കണക്കാക്കപ്പെടുന്നത്. ബലരേഖകളെ സംബന്ധിച്ച ഫാരഡേയുടെ നിരീക്ഷണങ്ങളെപ്പറ്റി മാക്സ്‌വെല്ലിന്റെ നിരീക്ഷണമനുസരിച്ച് ഫാരഡേ "വളരെ ഉയർന്ന ഗണത്തിൽ പെട്ട ഒരു ഗണിതശാസ്ത്രജ്ഞനുമായിരുന്നു – ഇദ്ദേഹത്തി‌ൽ നിന്ന് ഭാവിയിലെ ഗണിതശാസ്ത്രജ്ഞർ മികച്ച രീതികൾ കണ്ടുപിടിച്ചേയ്ക്കാം."



http://www.openotify.in/

കപ്പാസിറ്റൻസിന്റെ എസ്.ഐ. യൂണിറ്റ് ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഫാരഡ് എന്നാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. ആൽബർട്ട് ഐൻസ്റ്റീൻ ഫാരഡേയുടെ ചിത്രം തന്റെ പഠനമുറിയിൽ സൂക്ഷിച്ചിരുന്നു. ഐസക് ന്യൂട്ടൺ, ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ എന്നിവരുടെ ചിത്രങ്ങളും ഐൻസ്റ്റീൻ സൂക്ഷിച്ചിരുന്നു.



 ഊർജ്ജതന്ത്രജ്ഞനായിരുന്ന ഏണസ്റ്റ് റൂഥർഫോർഡ് ഇപ്രകാരം പറയുകയുണ്ടായി; "ഫാരഡേയുടെ കണ്ടുപിടുത്തങ്ങളുടെ വലിപ്പവും വ്യാപ്തിയും; അവ ശാസ്ത്രത്തിനും വ്യവസായമേഖലയ്ക്കും നൽകിയ നേട്ടങ്ങളും കണക്കിലെടുത്താൽ അദ്ദേഹത്തിന് എത്ര ബഹുമാനം നൽകിയാലും അത് അധികമാവില്ല. ഇദ്ദേഹം ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ കാര്യത്തിൽ ഏറ്റവും മഹാന്മാരുടെ ഗണ‌ത്തിൽ പെടുന്നു. ".




http://www.openotify.in/


അഡ അഗസ്റ്റ കിംഗ് Ada Lovelace ( 1815 ഡിസംബര്‍ 10 – 1852 നവംബര്‍ 27 )

Yureekkaa Journal

കമ്പ്യൂട്ടറിന്‍റെ ചരിത്രത്തില്‍ഏറെ പ്രധാന്യമുള്ള വനിതയായ അഡ അഗസ്റ്റ കിംഗിന്റെ അനുസ്മരണ ദിനമാണ് നവംബര്‍ 27. ചാള്‍സ് ബാബേജിന്റെ അനലറ്റികല്‍ എഞ്ചിന്റെ രൂപരേഖ തയ്യാറാക്കാന്‍ സഹായിച്ചതും ബാബേജിന്‍റെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിച്ചതും ലേഡി അഡയായിരുന്നു. ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി പരിഗണിക്കപ്പെടുന്നത് ലേഡി അഡയാണ്. ആന്‍ ഇസബെല്ല ബൈറന്റെയും പ്രശസ്ത കവി ബൈറന്‍ പ്രഭുവിന്റെയും പുത്രിയായി 1815 ഡിസംബര്‍ 10-നു അഡ അഗസ്റ്റ കിംഗ് ജനിച്ചു. ആണ്‍കുട്ടി ജനിക്കണം എന്ന ആഗ്രഹിച്ച ബൈറന്‍ ഒരു പെണ്‍കുട്ടി പിറന്നതില്‍ നിരാശനായിരുന്നു. ഏകദേശം 4 മാസങ്ങള്‍ക്ക് ശേഷം ബൈറന്‍ അവരെ ഉപേക്ഷിച്ച് ഇംഗ്ലണ്ടില്‍നിന്ന് യാത്ര തിരിച്ചു. ഗ്രീസില്‍ വച്ച് അദ്ദേഹം മരണപ്പെട്ടു ചെയ്തു. അന്ന് അഡയ്ക്ക് 8 വയസ്സായിരുന്നു. അച്ഛന്റെ ഭ്രാന്തന്‍ കവിതാജീവിതത്തിലേക്ക് തന്റെ മകള്‍ കടക്കുന്നതില്‍ അമ്മയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. അവര്‍ അഡയ്ക്ക് കണക്കിലും ശാസ്ത്രത്തിലും പ്രത്യേകം അധ്യാപകരെ ഏര്‍പ്പെടുത്തി. സാമൂഹ്യ പരിഷ്ക്കര്‍ത്താവായിരുന്ന വില്യം ഫ്രെന്‍ഡ്, കുടുംബ ഡോക്ടര്‍ ആയിരുന്ന വില്യം കിംഗ്, സ്കോട്ട് ലാന്റുകാരിയായ ഗണിതശാസ്ത്രജ്ഞയും വാനശാസ്ത്രജ്ഞയുമായ മറി സൊമര്‍വില്ലെ തുടങ്ങിയവര്‍ അഡയുടെ അദ്ധ്യാപകരായിരുന്നു. 1833 ല്‍ അതായത് 17ആം വയസ്സില്‍ ആണ് അഡ, ചാള്‍സ് ബാബേജിനെ ഇരുവരുടെയും സുഹൃത്തായ മറി സൊമര്‍വില്ലെ വഴി പരിചയപ്പെടുന്നത്. കമ്പ്യൂട്ടറിന്റെ പിതാവായി ഇന്ന് കണക്കാക്കപ്പെടുന്ന ബാബേജ് കേംബ്രിഡ്ജ് യൂണിവേസിറ്റിയിലെ ഒരു ഗണിതശാസ്ത്ര പ്രൊഫസറായിരുന്നു. ബാബേജ് തന്റെ ഡിഫെറെന്‍സ് എഞ്ചിന്‍ എന്ന ഗണിതക്രിയകള്‍ ചെയ്യാന്‍ സഹായിക്കുന്ന യന്ത്രത്തെ പറ്റിയുള്ള ആശയം അഡയുമായി പങ്കുവച്ചു. ബാബേജ് അതിന്റെ പ്രാരംഭ രൂപം കാണുന്നതിന് അഡയെ ക്ഷണിച്ചു. അഡ അതില്‍ അത്യന്തം ആകൃഷ്ടയായി. ബാബേജ് അഡയ്ക്ക് ഒരു സുഹൃത്തും വഴികാട്ടിയുമായി മാറി. ബാബേജ് വഴി ലണ്ടന്‍ യൂനിവേര്‍സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറായ അഗസ്ടസ് ഡീ മോര്‍ഗനെ അഡ പരിചയപ്പെടുകയും അദ്ദേഹത്തില്‍ നിന്ന് ഗണിതശാസ്ത്ര തുടര്‍പഠനത്തിന് സഹായം ലഭിക്കുകയും ചെയ്തു.

 അനലറ്റിക്കല്‍ എഞ്ചിന്‍ മാതൃക 1835 ജൂലൈ 8ന് ലവ്ലേസ് പ്രഭുവുമായിള്ള വിവാഹശേഷം ബാബേജുമൊത്തുള്ള ഗവേഷണപ്രവര്‍ത്തനം ഒരു പരിധിവരെ അവസാനിച്ചെങ്കിലും കത്തുകള്‍ വഴി അവര്‍ ആശയവിനിമയം നടത്തിവന്നു. ബാബേജ് 1837 ല്‍ ആയിരുന്നു അനലറ്റിക്കല്‍ എഞ്ചിനെപ്പറ്റി ചിന്തിച്ചുതുടങ്ങിയത്. ഡിഫെറെന്‍സ് എഞ്ചിനേക്കാള്‍ സങ്കീര്‍ണമായ ക്രിയ്യകള്‍ ചെയ്യാന്‍ കെല്പ്പുള്ളതായിരുന്നു ഈ അനലറ്റിക്കല്‍ എഞ്ചിന്‍. അതില്‍ പ്രവര്‍ത്തനകേന്ദ്രമായ (CPU) മില്‍, പഞ്ച്ഡ് കാര്‍ഡുകള്‍ കൊണ്ടുള്ളട സ്ടോര്‍ എന്ന പേരില്‍ ഒരു മെമ്മറി ഭാഗവും വിഭാവനം ചെയ്തിരുനു. ഇറ്റാലിയന്‍ എഞ്ചിനീയറായ ലുയിഗി ഫെഡെരികൊ മെനബ്രിയ (Luigi Federico Menabrea) യുടെ അനലറ്റിക്കല്‍ എഞ്ചിനെപ്പറ്റി എഴുതിയ കുറിപ്പുകള്‍ തര്‍ജജമ ചെയ്യാന്‍ ബാബേജ് ആവശ്യപ്പെട്ടതനുസരിച്ച് അഡ ആ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയുണ്ടായി. 9 മാസങ്ങള്‍ക്ക് ശേഷം ഈ തര്‍ജ്ജമ കൈമാറിയപ്പോള്‍ അതില്‍ തന്റേതായ ചില കുറിപ്പുകള്‍ കൂടി ലവ്ലേസ് ചേര്‍ത്തിരുന്നു. ബാബേജിന്റെ ചില പിഴവുകള്‍ തിരുത്തുന്നതിനോടൊപ്പം പുതിയ യന്ത്രം ഉപയോഗിച്ച് ബെര്‍ണുള്ളീ നമ്പറുകള്‍ എന്നറിയപ്പെടുന്ന സംഖ്യാശ്രേണീ നിര്‍മിക്കാം എന്നും അഡ കണ്ടെത്തി. ചിത്രങ്ങളൂം ചാര്‍ട്ടുകളും ഉപയോഗിച്ച് അത് എങ്ങിനെയെന്ന് അവര്‍ വിശദീകരിക്കുകയും ചെയ്തു. ആദ്യത്തെ കമ്പ്യൂട്ടര്‍ അല്‍ഗോരിതമായി ഇതിനെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമറെന്ന് അഡയെ വിശേഷിപ്പിക്കുന്നവരുമുണ്ട്. ബാബേജിന്റെ അനലറ്റിക്കല്‍ എഞ്ചിന്‍ പക്ഷേ നിര്‍മിക്കപ്പെട്ടില്ല. ലവ്ലേസിന്റെ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ശാസ്ത്രസമൂഹത്തില്‍ അവ വന്‍തോതില്‍ സ്വീകരിക്കപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രശസ്ത ശാസ്ത്രജ്ഞനായ മൈക്കല്‍ ഫാരഡെ താന്‍ അഡയുടെയുടെ ആരാധകനായി എന്ന് പറയുകയുണ്ടായി. 1852 ല്‍, 36ആം വയസ്സില്‍ അഡ ലവ്ലേസ്, കാന്‍സര്‍ ബാധിതയായി ഈ ലോകത്തോട് വിട പറഞ്ഞു. ലവ്ലേസിന്റെ ആഗ്രഹപ്രകാരം ഇംഗ്ലണ്ടിലെ നോട്ടിംഹാമിലെ സെന്റ് മേരി ദേവാലയത്തില്‍ ലോര്‍ഡ് ബൈറന്റെ കുഴിമാടത്തിന് സമീപം തന്നെ അവരെ അടക്കി. അവരുടെ കുറിപ്പുകള്‍ പുനഃപ്രസിദ്ധീകരിക്കപ്പെടുന്നതിനും ആധുനീക കമ്പ്യൂട്ടറുകള്‍ നിര്‍മിച്ചുതുടങ്ങുന്നതിനും വീണ്ടും ഏകദേശം 100 വര്‍ഷങ്ങള്‍ വരെ എടുത്തു. ബാബേജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അഡ ലവ്ലേസ് സംഖ്യാമാന്ത്രികയായിരുന്നു. ആദ്യകാല പ്രോഗ്രാമിംഗ് ഭാഷയായ അഡ (ADA) ഇവരുടെ ഓര്‍മ്മയ്ക്കായി നാമകരണം ചെയ്യപ്പെട്ടു.

 അനലറ്റിക്കല്‍ എഞ്ചിനെക്കുറിച്ച് അഡ പറഞ്ഞ ചില വാചകങ്ങള്‍:

 “ഒരു നെയ്ത്ത് യന്ത്രം ഇലകളും പൂക്കളും തുണിയില്‍ നെയ്യുന്നത് പോലെയാണ് അനലറ്റിക്കല്‍ എഞ്ചിന്‍ ബീജഗണിത ക്രമവിന്യാസങ്ങള്‍ നെയ്യുന്നത്.”
“ഗണിതശാസ്ത്രത്തില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തവര്‍ കരുതും, അനലറ്റിക്കല്‍ എഞ്ചിന്റെ ലക്ഷ്യം ഉത്തരങ്ങള്‍ അക്കങ്ങളുടെ രൂപത്തില്‍ നല്‍കുന്നതാണ്, ആയതിനാല്‍ ബീജഗണിതപരവും വിശ്ലേഷണ സംബന്ധിയായതുമല്ല അതിന്റെ പ്രവര്‍ത്തനം എന്നും, സംഖ്യകളും ഗണനക്രിയ്യകളും ഉപയോഗിച്ചുള്ളതുമാണെന്നും കരുതും, അത് തെറ്റാണ്. ഈ എഞ്ചിന് അക്ഷരങ്ങളെയും സാമാന്യ ചിഹ്നരൂപങ്ങളെയും ചെയ്യുന്നത് പോലെ സംഖ്യകളെ വിന്യസിക്കാനും കൂട്ടിച്ചേര്‍ക്കുവാനും കഴിയും. ഒരുപക്ഷേ, വേണ്ടവിധം സജ്ജീകരണങ്ങള്‍ ഉണ്ടെങ്കില്‍ ഉത്തരം ബീജഗണിഛിഹ്നങ്ങളിലും ഇതിനു നല്‍കാനാവും.”
back to top