വിന്‍ഡോസ് ഫോണ്‍ ഒഎസിലുള്ള മൈക്രോമാക്‌സിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ ഡല്‍ഹിയില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ ബോളിവുഡ് താരം ഡയാന പെന്റി ഫോണുമായി - ചിത്രം: പി ടി ഐ |
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ഇന്ത്യക്കാര്‍ക്ക് സുപരിചിതമാക്കിയതില്‍ മൈക്രോമാക്‌സിനുളള പങ്ക് വളരെ വലുതാണ്. സാംസങും എച്ച്.ടി.സിയും പോലുള്ള വമ്പന്‍ കളിക്കാര്‍ രാജ്യത്ത് ആന്‍ഡ്രോയ്ഡ് ഫോണുകളിറക്കിയ കാലത്താണ് തനി ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് ആന്‍ഡ്രോയ്ഡ് ഫോണ്‍ പരീക്ഷണാര്‍ഥം വിപണിയിലെത്തിച്ചത്. 2010 നവംബറിലായിരുന്നു അത്. ആന്‍ഡ്രോ എ60 എന്ന് പേരുള്ള ആ ഫോണില്‍ ആന്‍ഡ്രോയ്ഡ് 2.1 എക്ലയര്‍ വെര്‍ഷനായിരുന്നു ഉണ്ടായിരുന്നത്. വില 8000 രൂപ. പന്ത്രണ്ടായിരം രൂപയില്‍ കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കിട്ടാനില്ലാത്ത അക്കാലത്തിറങ്ങിയ ആ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ പെട്ടെന്ന് ജനശ്രദ്ധ നേടി.
അവിടെ തുടങ്ങുകയായിരുന്നു മൈക്രോമാക്‌സും ആന്‍ഡ്രോയ്ഡും തമ്മിലുള്ള വിജയസഖ്യം. പിന്നീട് ആഴ്ചതോറും പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് മൈക്രോമാക്‌സ് ഏവരെയും ഞെട്ടിച്ചു. എണ്ണായിരം രൂപയില്‍ തുടങ്ങിയെങ്കിലും പിന്നീട് അയ്യായിരത്തിന്റെയും നാലായിരത്തിന്റെയുമെല്ലാം ഫോണുകള്‍ കമ്പനിയിറക്കി. കഴിഞ്ഞ വര്‍ഷം ഫിബ്രവരിയില്‍ കമ്പനി അവതരിപ്പിച്ച ബോള്‍ട്ട് എ27 എന്ന ഫോണിന് 3195 രൂപയായിരുന്നു വില. ആന്‍ഡ്രോയ്ഡ് 2.3.5 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ബോള്‍ട്ട് എ27 ആകും ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണ്‍.
മൈക്രോമാക്‌സിന്റെ ഈ വിപ്ലവ നീക്കത്തിലൂടെയാണ് ഇടത്തരക്കാര്‍ക്ക് ആന്‍ഡ്രോയ്ഡിന്റെ സേവനങ്ങള്‍ പ്രാപ്യമായത്. ഇന്നിപ്പോള്‍ 15.6 കോടി സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുണ്ട് രാജ്യത്ത്. 2014 കഴിയുന്നതോടെ അത് ഇരട്ടിയാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൈക്രോമാക്‌സാകട്ടെ ലോകത്തെ പത്താമത് വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി മാറിക്കഴിഞ്ഞു. ഇന്ത്യന്‍വിപണിയില്‍ സാംസങിന് തൊട്ടുപുറകില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ മൈക്രോമാക്‌സ്.
ഇപ്പോഴിതാ മൈക്രോസോഫ്റ്റുമായി പുതിയ കൂട്ടുകെട്ടിലൂടെ മൈക്രോമാക്‌സ് വീണ്ടും പത്രത്തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കുന്നു. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമിലുള്ള ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ടാണിപ്പോള്‍ മൈക്രോമാക്‌സ് വീണ്ടും ശ്രദ്ധനേടുന്നത്.
മൈക്രോമാക്‌സിന്റെ വിന്‍ഡോസ് ഫോണുകള്‍ തിങ്കളാഴ്ചയാണ് വിപണിയിലെത്തിയത്. രണ്ടുമാസംമുമ്പ് കമ്പനിയെ തങ്ങളുടെ വിന്‍ഡോസ് ഫോണ്‍ പങ്കാളിയായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന കാന്‍വാസ് വിന്‍ ഡബ്ല്യു092 ( Canvas Win W092 ), കാന്‍വാസ് വിന്‍ ഡബ്ല്യു121 ( Canvas Win W121 ) എന്നീ ഫോണുകളാണ് മൈക്രോമാക്‌സ് ഇന്ത്യക്കാര്‍ക്ക് സമ്മാനിക്കുന്നത്. ആദ്യത്തെ ഫോണിന് 6500 രൂപയും, രണ്ടാമത്തേതിന് 9,500 രൂപയുമാണ് വില.
രണ്ടുഫോണുകളും ഡ്യുവല്‍ സിം മോഡലുകളാണ്. ഡ്യുവല്‍ സിം സൗകര്യമുളള വിന്‍ഡോസ് ഫോണുകള്‍ വളരെ കുറവാണിപ്പോള്‍. നോക്കിയയുടെ ലൂമിയ 630 ല്‍ മാത്രമാണ് ഇതുവരെ ആ സൗകര്യമുണ്ടായിരുന്നത്.
480 X 800 പിക്‌സല്‍സ് റിസൊല്യൂഷനുളള നാലിഞ്ച് ഡബ്ല്യു.വി.ജി.എ. ഐ.പി.എസ്. ഡിസ്‌പ്ലേയുളള ഫോണാണ് കാന്‍വാസ് വിന്‍ ഡബ്ല്യു092. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, എസ്.ഡി. കാര്‍ഡ് സൗകര്യം എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറയും 0.3 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഇതിലുണ്ട്. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ജി.പി.ആര്‍.എസ്./എഡ്ജ്, ബ്ലൂടൂത്ത് സംവിധാനങ്ങളും. 1500 എം.എച്ച്. ബാറ്ററിയാണ് ഫോണിന് ഊര്‍ജ്ജം പകരുന്നത്.
കാന്‍വാസ് വിന്‍ ഡബ്ല്യു121 ല്‍ 720 X 1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള അഞ്ചിഞ്ച് എച്ച്.ഡി. ഐ.പി.എസ്. ഡിസ്‌പ്ലേയാണുളളത്. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് സൗകര്യം എന്നിവയും ഇതിലുണ്ട്. ഫ് ളാഷോടു കൂടിയ എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറയും രണ്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് ഇതിലുള്ളത്. കണക്ടിവിറ്റിക്കായി 3ജി, വൈഫൈ, ജി.പി.ആര്‍.എസ്./എഡ്ജ്, ബ്ലൂടൂത്ത് സംവിധാനങ്ങളുമുണ്ട്. 2000 എം.എച്ച്. ബാറ്ററിയാണ് ഫോണില്‍. തുടര്‍ച്ചയായ എട്ടു മണിക്കൂര്‍ സംസാരസമയവും 150 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.
മൈക്രോമാക്‌സുമായി കൈകോര്‍ക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ അവര്‍ക്ക് മേല്‍ക്കൈ നേടിക്കൊടുക്കുമെന്നാണ് പലരും കരുതുന്നത്. മൊബൈല്‍ ഒ.എസ്. രംഗത്ത് സ്വാധീനമുറപ്പിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമം നടത്തിവരികയാണ്. അതിന്റെ ഭാഗമായി ഒമ്പതിഞ്ചില്‍ താഴെ സ്‌ക്രീന്‍ വലിപ്പമുള്ള ഡിവൈസുകള്‍ക്ക് വിന്‍ഡോസ് ഫോണ്‍ ഒ.എസ്. ലൈസന്‍സ് സൗജന്യമാക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനമെടുത്തിരുന്നു.
നിലവില്‍ നോക്കിയ ലൂമിയ ഫോണുകള്‍ മാത്രമാണ് വിന്‍ഡോസ് ഫോണ്‍ 8.1 വെര്‍ഷന്‍ ഒ.എസ്. ഉപയോഗിക്കുന്നത്. എന്നാല്‍ മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്ന തരത്തിലൊരു വില്പന ലൂമിയ ഫോണുകള്‍ക്കുണ്ടാകുന്നില്ല. വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്. ജനപ്രിയമാക്കാന്‍ മൈക്രോമാക്‌സിന് സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടല്‍.