സ്വതന്ത്രസോഫ്റ്റ്‌വേര്‍ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ഗൂഗിള്‍ നടത്തുന്ന പദ്ധതിയാണ് 'ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്'. നിര്‍വാഹക സംഘടനകള്‍ക്ക് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്വതന്ത്രസോഫ്റ്റ്‌വേര്‍ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും.
വിജയകരമായി പ്രോജക്ട് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5500 ഡോളര്‍ (ഏകദേശം 3,40,000 രൂപ) സ്‌റ്റൈപ്പന്റും സര്‍ട്ടിഫിക്കറ്റും ഗൂഗിള്‍ നല്‍കും.
സ്വതന്ത്ര സോഫ്റ്റ്‌വേറുകളുടെ മലയാളഭാഷയിലുള്ള പുരോഗതി, പ്രാദേശികവത്ക്കരണം, ഏകീകരണം, പ്രചാരണം എന്നീ ലക്ഷ്യങ്ങളോടെ 2002 മുതല്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് (എസ്.എം.സി).
ഇന്ത്യയില്‍നിന്ന് ഗൂഗിള്‍ സമ്മര്‍ കോഡ് പദ്ധതിക്കായി ഗൂഗിള്‍ തിരഞ്ഞെടുത്ത ആദ്യ സംഘടനയാണ് എസ്.എം.സി. 2007 ലായിരുന്നു അത്. 2013 ലും, ഇപ്പോള്‍ 2014 ലും സംഘടനയെ ഈ ബഹുമതി തേടിയെത്തി. ഈ വര്‍ഷം എസ്.എം.സി ഉള്‍പ്പടെ 190 സംഘടകളെയാണ് അന്താരാഷ്ട്രതലത്തില്‍ പദ്ധതിക്കായി ഗൂഗിള്‍ തിരഞ്ഞെടുത്തിട്ടുള്ളത്.
കഴിഞ്ഞ രണ്ടുതവണ എസ്.എം.സിക്ക് കീഴില്‍ ആകെ എട്ട് വിദ്യാര്‍ഥികള്‍ക്ക് ഗൂഗിള്‍ സമ്മര്‍കോഡ് പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. ഇത്തവണ കൂടുതല്‍ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിക്കുകയാണ് ലക്ഷ്യമെന്ന്, എസ്.എം.സി. പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
'ഭാഷാസമൂഹത്തിന് പ്രയോജനപ്രദമായ ഒരുപിടി ആശയങ്ങളാണ് ഇത്തവണത്തെ ഗൂഗിള്‍ സമ്മര്‍ കോഡ് പദ്ധതിക്കായി സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് മുന്നോട്ടു വെച്ചിരിക്കുന്നത്' - എസ്.എം.സി.അധികൃതര്‍ അറിയിച്ചു.
മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലെ ഭാരതീയ ഭാഷാഉപയോഗം സുഗമമാക്കാനുള്ള പദ്ധതിക്കാണ് ഇത്തവണ ഊന്നല്‍ നല്‍കുക. മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ഭാഷകള്‍ എഴുതാനുപയോഗിക്കുന്ന 'വര്‍ണ്ണം' എന്ന ടൂളിന്റെ വിപുലീകരണവും ഇത്തവണ ഉദ്ദേശിക്കുന്നു.
ഭാരതീയ ഭാഷാകമ്പ്യൂട്ടിങ് പ്രോജക്ടുകള്‍ ഏകോപിപ്പിക്കാനുള്ള 'ശില്പ'യെ വിപുലീകരണമാണ് മറ്റൊരു പദ്ധതി. മാത്രമല്ല, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭാഷാകമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട ആശയങ്ങളും പദ്ധതികളും നിര്‍ദേശിക്കുകയുമാകാം.
പദ്ധതി വിവരങ്ങള്‍ക്ക് http://www.google-melange.com/gsoc/org2/google/gsoc2014/smc എന്ന പേജ് സന്ദര്‍ശിക്കുക.