ഇനി സോണി എക്സ്പീരിയാ കാലം.

Yureekkaa Journal
കാലത്തിനൊപ്പം നടന്നാണ് ഇലക്‌ട്രോണിക്‌സ് ഉത്പന്ന വിപണിയില്‍ സോണി പ്രതീകമായത്. ലോകോത്തര സൂപ്പര്‍ബ്രാന്‍ഡായ 'വയോ' ( vaio ) യെ ജപ്പാന്‍ ഇന്റര്‍സ്ട്രിയല്‍ പാട്ണര്‍ എന്ന കമ്പനിക്ക് വിറ്റ് കളംമാറ്റി ചവിട്ടാനുള്ള നീക്കവും ഇതിനോട് ചേര്‍ത്തു വായിക്കണം. പതിനേഴ് വര്‍ഷത്തെ ചരിത്രത്തില്‍ ആറ് വര്‍ഷം നഷ്ടത്തിലായിരുന്നു വയോ വിപണിയെങ്കില്‍ അതില്‍നിന്ന് ചിലതുകൂടി മനസ്സിലാക്കാനുണ്ട്.

1980 കളില്‍ ജപ്പാനില്‍ മാത്രം കമ്പ്യൂട്ടറുണ്ടാക്കിയാണ് സോണി പി.സി. മാര്‍ക്കറ്റിലേക്കിറങ്ങിയത്. പത്തുവര്‍ഷത്തിന് ശേഷം മാര്‍ക്കറ്റില്‍നിന്ന് പിന്മാറിയ സോണി 1996 -ലാണ് വയോ എന്ന പുതിയ ബ്രാന്‍ഡുമായി എത്തിയത്. Visual Audio Intelligent Organizer ന്റെ ചുരുക്കെഴുത്താണ് vaio.

3D ഗ്രാഫിക്കല്‍ ഇന്റര്‍ഫേസുമായി ആദ്യമെത്തിയ വയോ അധികം വൈകാതെ മാര്‍ക്കറ്റില്‍ സ്വന്തം ഇടം കണ്ടെത്തി ക്രമേണ സ്റ്റാറ്റസ് സിംബലായി മാറി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ആറ് വര്‍ഷവും വയോ നഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമെന്നാല്‍ സ്മാര്‍ട്ട് ഫോണുകളും ടാബുകളും വിപണിയില്‍ തേരോട്ടം നടത്തിയ കാലം.

പതിനേഴ് വര്‍ഷത്തിന് ശേഷം അടുത്ത മാര്‍ച്ചോടെ ഞാഞ്ഞൂല്‍ ചിത്രം വരച്ചപോലെ ലോഗോയുള്ള വയോ സോണിയുടേതല്ലാതാവും.

ഒരു മേശ മുഴുവന്‍ നിറഞ്ഞിരുന്ന കമ്പ്യൂട്ടറുകളുടെ ആദ്യ തലമുറ ലാപ്‌ടോപ്പിന് വഴിമാറിയതുപോലെ, ലാപ്‌ടോപ് തലമുറ അടുത്ത തലമുറയ്ക്ക് വഴിമാറുന്ന അനിവാര്യത ഇവിടെയും സംഭവിച്ചുതുടങ്ങിയെന്ന് വേണം കരുതാന്‍. ആഗോള മാര്‍ക്കറ്റ് അങ്ങനെയാണ് പറയുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബുകളുടെയും ലോകത്ത് ലാപ്‌ടോപ്പുകളും പി.സി.കളും പിടിച്ചുനില്‍ക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ട്.

ചൈനക്കാരനായ 'ലെനോവോ' ( Lenovo ), അമേരിക്കക്കാരായ 'ഡെല്‍' ( Dell ), 'എച്ച്പി' ( HP ), തായ്‌വാനിയായ 'എയ്‌സര്‍' ( acer ), 'അസൂസ്' ( ASUS ) എന്നീ അഞ്ചംഗസംഘത്തിന്റെ കൈയിലാണ് ആഗോള പിസി മാര്‍ക്കറ്റിന്റെ ഏതാണ്ട് അറുപത് ശതമാനവും. പ്രീമിയം ബ്രാന്‍ഡായ 'ആപ്പിളി'ന് അഞ്ച് ശതമാനമേയുള്ളൂ. അതായത് ബാക്കിവരുന്ന ഏതാണ്ട് മൂന്നിലൊരു ഭാഗം മാര്‍ക്കറ്റിലേ മറ്റുള്ളവര്‍ക്ക് അവസരമുള്ളൂ എന്ന്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ അഞ്ച് കമ്പനികള്‍ക്ക് 2.6 ശതമാനം നഷ്ടം സംഭവിച്ചെന്നാണ് കണക്ക്.

അസൂസാണ് ഏറ്റവും ലാഭത്തിലോടുന്ന കമ്പനി. തമ്മില്‍ വിലക്കുറവും അസൂസ് ഉത്പന്നങ്ങള്‍ക്കാണ്. എയ്‌സറിനാണ് ഇക്കൂട്ടത്തില്‍ ഏറ്റവും നഷ്ടം നേരിട്ടത്. മറ്റുള്ളവയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വില കൂടുതലായ വയോയ്ക്ക് പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതില്‍ അത്ഭുതമില്ല. സോണിക്ക് മാത്രമല്ല, സാംസങ്, ഫ്യുജിട്‌സു, തോഷിബ തുടങ്ങിയ കമ്പനികള്‍ക്കും പി സി മാര്‍ക്കറ്റില്‍ നഷ്ടം നേരിട്ടു. പി സി മാര്‍ക്കറ്റില്‍ ആകെ 2011 -ല്‍ 361 ദശലക്ഷത്തില്‍ നിന്ന് 2013 -ല്‍ 315 ദശലക്ഷമായാണ് കച്ചവടം കുറഞ്ഞത്.

എന്നാല്‍, സോണിയുടെ 'എക്‌സ്പീരിയ' ( xperia ) യ്ക്ക് നല്ല വരവേല്‍പ്പാണ് ലഭിച്ചത്. ലോകത്തെ മൂന്നാമനാണ് എക്‌സ്പീരിയ സ്മാര്‍ട്ട്‌ഫോണുകള്‍. 2012 -ലാണ് എക്‌സ്പീരിയ ടാബ്‌ലറ്റുമായെത്തിയത്.

ലോകത്ത് സ്മാര്‍ട്ട് ഫോണ്‍/ ടാബ്‌ലറ്റുകള്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന കാലത്ത് ലാപ്പുകള്‍ക്ക് വലിയ മാര്‍ക്കറ്റില്ല എന്ന തിരിച്ചറിവുകൂടിയാണ് വയോ കൈവിടാന്‍ സോണിയെ പ്രേരിപ്പിച്ചത്. സ്മാര്‍ട്ട് ഫോണുകള്‍, ഗെയിം കണ്‍സോള്‍, മ്യൂസിക്-മൂവി പ്രസ്ഥാനങ്ങളില്‍ ശ്രദ്ധ ചെലുത്താനാണ് തങ്ങളുടെ ശ്രമമെന്ന കമ്പനിയുടെ വെളിപ്പെടുത്തലില്‍നിന്ന് വിപണിയുടെ വര്‍ത്തമാനവും ഭാവിയും വായിച്ചെടുക്കാം. ഇനിയുള്ളത് സോണി എക്‌സ്പീരിയയുടെ കാലമാകും.

You might also like:

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top