കശ്മീരിലായാലും ഡല്‍ഹിയിലായാലും അറിയാനുള്ള അവകാശം നിഷേധിക്കുന്നത് ഇന്ത്യയെപോലെ ആഢ്യത്വമുള്ള ജനാധിപത്യസംവിധാനത്തിന് ചേര്‍ന്നതല്ല. പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിനെ അതീവരഹസ്യമായി തൂക്കിലേറ്റിയ ഫിബ്രവരി ഒമ്പതുമുതല്‍ മൂന്നുദിവസത്തിലേറെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കശ്മീരില്‍ ടെലികോം വകുപ്പ് ഇന്റര്‍നെറ്റ്/ മൊബൈല്‍ സേവനങ്ങള്‍ പൂര്‍ണമായും തടഞ്ഞു. അഫ്‌സല്‍ ഗുരു മരിച്ച വാര്‍ത്ത പ്രചരിച്ച് പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങാതിരിക്കാന്‍ ഇന്ത്യ സ്വീകരിച്ച നയം അറബ് വിപ്ലവകാലത്ത് ഈജിപ്തിലെയും ലിബിയയിലെയും ഏകാധിപത്യഭരണകൂടങ്ങള്‍ ചെയ്തതിന് സമാനമായിരുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. മണിക്കൂറുകള്‍ക്കകം ഓപ്പറേഷന്‍ കശ്മീര്‍ (#OPKASHMIR) എന്ന പേരില്‍ സൈബര്‍ ആക്രമണം പ്രഖ്യാപിച്ചാണ് അനോണിമസിന്റെ ഇന്ത്യന്‍ ഘടകം തിരിച്ചടിച്ചത്.
കശ്മീരിലെ ക്രൂരമായ സൈനിക/ പോലീസ് നടപടികളുടെ ദൃശ്യങ്ങള്‍ക്കൊപ്പം അവിടത്തെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം നല്‍കുന്നുവെന്ന് വ്യക്തമാക്കിയ രണ്ട് യൂട്യൂബ് വീഡിയോകള്‍ പുറത്തിറക്കിയാണ് 'അനോണിമസ്', സര്‍ക്കാറിനും രാഷ്ട്രീയ നേതൃത്വത്തിനുമെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. തൊട്ടുപിന്നാലെ കശ്മീരിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി., ജമ്മു കശ്മീര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍, നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍, ബി.ജെ.പി. മധ്യപ്രദേശ് ഘടകം എന്നിവയുടേതടക്കം ഒട്ടേറെ വെബ്‌സൈറ്റുകള്‍ തകര്‍ത്തു. ഇന്ത്യന്‍ ആര്‍മി, ജമ്മുകശ്മീര്‍ പോലീസ് എന്നീ വെബ്‌സൈറ്റുകള്‍ക്കുനേരെ ആക്രമണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്കൊപ്പം സെഡ് കമ്പനി പോലുള്ള ഹാക്കിങ് ഗ്രൂപ്പുകളും സ്വതന്ത്ര ഹാക്കര്‍മാരും ഈ ആക്രമണത്തില്‍ പങ്കുചേര്‍ന്നു. അനോണിമസ് അന്താരാഷ്ട്രസംഘത്തിലെ പ്രധാനി സ്‌കോട്ട് ഹെയ്ഗര്‍ നേരിട്ട് ആഹ്വാനംചെയ്ത ആക്രമണമായിരുന്നു ഇത്.
അനോണിമസ്
2003-ല്‍ 'ഫോര്‍ ചാന്‍' എന്ന ചാറ്റ് റൂമില്‍ ഒത്തുകൂടിയ തീവ്രആശയമുള്ളവരാണ് അനോണിമസ് എന്ന പേരില്‍ ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് തുടങ്ങിയത്. പിന്നീട് ഈ പൊതുബ്രാന്‍ഡിന് കീഴില്‍ ലോകത്ത് എല്ലായിടത്തുമുള്ള സാമൂഹികപ്രതിപത്തിയുള്ള ഹാക്കര്‍മാര്‍ ഒത്തുകൂടി. ഓരോരാജ്യങ്ങള്‍ക്കും പ്രത്യേക ഘടകങ്ങളുണ്ടായി. ലോകത്തെ പ്രധാന രാഷ്ട്രീയസംഘര്‍ഷങ്ങളുണ്ടാവുമ്പോഴൊക്കെ അവര്‍ ആക്രമണം ആസൂത്രണംചെയ്ത് നടത്തിവരുന്നു.
''ഞങ്ങള്‍ക്ക് പേരില്ല. ഞങ്ങള്‍ അസംഖ്യം. ഞങ്ങള്‍ മാപ്പുനല്‍കില്ല, ഞങ്ങള്‍ മറക്കില്ല. പ്രതീക്ഷിപ്പിന്‍ ഞങ്ങളെ''(We are Anonymous. We are Legion. We do not forgive. We do not forget. Expect Us!) ഇതാണ് അനോണിമസിന്റെ മുദ്രാവാക്യം. 'ഗൈ ഫോക്‌സ്' മുഖംമൂടിയാണ് അനോണിമസിന്റെ ചിഹ്നം. 2009-ല്‍ ഇറാനിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തിരിമറികള്‍ക്കെതിരെ നടത്തിയ പ്രതിഷേധം, 2011-ല്‍ ഓപ്പറേഷന്‍ ടുണീഷ്യ, ഓപ്പറേഷന്‍ ഈജിപ്ത്, ഒക്യുപൈ വാള്‍സ്ട്രീറ്റിനെ അനുകൂലിച്ചുള്ള സമരം, ഓപ്പറേഷന്‍ സിറിയ, ഓപ്പറേഷന്‍ സോണി... അങ്ങനെ കഴിഞ്ഞ ഏതാനുംവര്‍ഷത്തിനുള്ളില്‍ അനോണിമസിന്റെ വിവിധ ഗ്രൂപ്പുകള്‍ ഒരേ സ്വഭാവത്തിലുള്ള ഒട്ടേറെ സമരങ്ങള്‍ നടത്തി. അനോണിമസിനെ പിന്തുണച്ച് യുവാക്കള്‍ പലപ്പോഴും തെരുവിലിറങ്ങി. ഐ.ടി. ആക്ട് 2008-ലെ ചില വകുപ്പുകള്‍ക്കെതിരെയും കഴിഞ്ഞ ആഗസ്തില്‍ വടക്കുകിഴക്കന്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ഇന്റര്‍നെറ്റില്‍ കിംവദന്തികള്‍ പരത്തിയതിനെത്തുടര്‍ന്ന് വെബ്‌സൈറ്റുകളും ട്വിറ്റര്‍ അക്കൗണ്ടും ബ്ലോക്കുചെയ്തതിലും പ്രതിഷേധിച്ച് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും പ്രകടനങ്ങളുണ്ടായി.
ലോക്പാല്‍ സമരകാലത്തെ പോലീസ് നടപടികള്‍ക്കെതിരെയാണ് ഓപ്പറേഷന്‍ ഇന്ത്യ (#opindia)എന്ന പേരില്‍ സൈബര്‍ ആക്രമണങ്ങള്‍ അനോണിമസ് പ്രഖ്യാപിച്ചത്. പിന്നീട് ഡല്‍ഹി കൂട്ടബലാത്സംഗത്തിനെതിരെയുള്ള സമരകാലത്തും അനോണിമസ് ആക്രമണമുണ്ടായി. സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് ആക്രമണം നടത്തിയതും മെട്രോ സ്റ്റേഷനുകളും റോഡുകളും അടച്ചിട്ട് ജനജീവിതം തടസ്സപ്പെടുത്തിയതിലും പ്രതിഷേധിച്ച് delhipolice.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ത്തുകൊണ്ടായിരുന്നു തുടക്കം. ഇതിന്റെ തുടര്‍ച്ചയായി 'ഓപ്പറേഷന്‍ ഇന്ത്യ ഫെയ്‌സ് വണ്‍' എന്ന പേരില്‍ ഫിബ്രവരി 28-ന് ആക്രമണം നടത്താന്‍ പദ്ധതിയിട്ടെങ്കിലും അത് നടന്നില്ല. അനോണിമസ് ഇന്ത്യാ ഘടകത്തിലെ ചേരിതിരിവായിരുന്നു കാരണം. കപില്‍ സിബലിന്റെ സെന്‍സര്‍ഷിപ്പ് അനുകൂലനയങ്ങളില്‍ പ്രതിഷേധിച്ചും മറ്റും ഇതിനുമുമ്പ് പലതവണ സൈബര്‍ ആക്രമണങ്ങളുണ്ടായി. നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ്, പ്രധാനമന്ത്രി, കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് നേരേയായിരുന്നു അന്ന് ആക്രമണം നടന്നത്.
കശ്മീര്‍ ജനതയ്‌ക്കെതിരെയുള്ള നടപടികളില്‍ പ്രതിഷേധിക്കണമെന്ന അനോണിമസിന്റെ വാദത്തിനെതിരെ 'അനോണിമസ് ഇന്ത്യ'യിലെ ചില അംഗങ്ങള്‍ രംഗത്തെത്തിയതാണ് അവിടെ ചേരിതിരിവുണ്ടാകാന്‍ കാരണം. മ്യാന്‍മറിലെ കലാപത്തില്‍ മുസ്‌ലിം അനുകൂല നിലപാടെടുത്ത അനോണിമസിലെ പ്രമുഖന്‍ സ്‌കോട്ട് ഹെയ്ഗറുടെ വീക്ഷണങ്ങള്‍ക്കെതിരെയായിരുന്നു ഇവരുടെ പടയൊരുക്കം. ഇതേത്തുടര്‍ന്ന് സ്‌കോട്ടും കൂട്ടരും 'ഓപ്പറേഷന്‍ കശ്മീരി'ല്‍ നിന്ന് പിന്മാറുകയും പ്രതിഷേധം ഇന്റര്‍നെറ്റ് ബ്ലോക്കുചെയ്തതില്‍മാത്രമായി മാറുകയും ചെയ്തു.
ബ്രൗസറുകളിലോ മറ്റെവിടെയെങ്കിലുമോ വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്താത്ത ഇന്റര്‍നെറ്റ് റിലേ ചാറ്റ് (ഐ.ആര്‍.സി. ചാറ്റ്) വഴിയാണ് ഹാക്കര്‍മാര്‍ ഒത്തുകൂടുന്നത്. ചില പ്രത്യേക കോഡുഭാഷകളുപയോഗിച്ചാണ് സംഭാഷണം. ഒരുനേരം എത്രപേര്‍ക്കും ഇതുവഴി ചാറ്റുചെയ്യാം. ഇത്തരം ചാറ്റുകളില്‍, ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും അവ 'പേസ്റ്റ് ബിന്‍' (pastebin.com) പോലെ സുരക്ഷിതമായ വെബ്‌സൈറ്റിലോ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയയിലെ അവരുടെ അക്കൗണ്ടുകളിലോ ആക്രമണത്തിന് മുമ്പുതന്നെ അതിന്റെ തീയതിയും മറ്റുവിവരങ്ങളും പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. 'ഓപ്പറേഷന്‍ കശ്മീര്‍' പ്രഖ്യാപിച്ചപ്പോള്‍ തന്നെ ജമ്മുകശ്മീര്‍ പോലീസ്, നാഷണല്‍ കോണ്‍ഫറന്‍സ്, ഇന്ത്യന്‍ ആര്‍മി തുടങ്ങിയവയുടെ വെബ്‌സൈറ്റുകള്‍ തകര്‍ക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. ഇക്കാലത്തുതന്നെ സോഷ്യല്‍ മീഡിയയില്‍ ചാരപ്രവൃത്തി നടത്തുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ ആര്‍മിക്കെതിരെ ആക്രമണം നടത്തുമെന്നും അനോണിമസ് പ്രഖ്യാപിച്ചിരുന്നു. സൈബര്‍സുരക്ഷ സംബന്ധിച്ച വാര്‍ത്തകളെല്ലാം പുറത്തുവരുന്ന 'ദി ഹാക്കര്‍ ന്യൂസ്' (thehackernews.com) പോലുള്ള വെബ്‌സൈറ്റുകളും സജീവമാണ്.
അനോണിമസ് അന്താരാഷ്ട്രതലത്തില്‍നിന്ന് പ്രാദേശികമായ ഉപഗ്രൂപ്പുകളായി മാറിക്കഴിഞ്ഞു. സംസ്ഥാനതലത്തില്‍ ആദ്യമായി രൂപവത്കരിച്ച ഘടകം 'അനോണിമസ് മധ്യപ്രദേശ്' ആണ്. സ്‌കോട്ട് ഹേഗലിന്റെ ഗേള്‍ഫ്രണ്ട് ജൂലി ലാര്‍സന്‍, സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഹാക്കിങ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്.
ലോകത്തെ വിവരസാങ്കേതിക വിപ്ലവത്തിന്റെ മുഖ്യ ചാലകശക്തികളിലൊരാളെന്ന് വീമ്പിളക്കുന്ന നമ്മള്‍ ഇപ്പോഴും അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന സെന്‍സര്‍ഷിപ്പ് പോലെ കാലഹരണപ്പെട്ട നടപടികളുമായി മുന്നോട്ടുപോകുന്നതിനെതിരെയാണ് അനോണിമസ് പോലുള്ള ഹാക്ടിവിസ്റ്റുകള്‍ രംഗത്തുവരുന്നത്. ചൈനയുടെ ഭാഗത്തുനിന്നുള്ള ആസൂത്രിത ആക്രമണങ്ങള്‍ തടയുന്നതില്‍ വീഴ്ചവന്നാല്‍ അത് ഇന്ത്യയുടെ സൈബര്‍ സംവിധാനത്തിന്റെ ബലക്ഷയമാണെന്ന് ആശ്വസിക്കാം. എന്നാല്‍, ആക്രമണം നടത്തുന്ന സമയവും വൈബ്‌സൈറ്റിന്റെ പേരുംവരെ നേരത്തേ പുറത്തുവിട്ടിട്ടും പലപ്പോഴും ആക്രമണങ്ങള്‍ തടയുന്നതില്‍ സൈബര്‍സുരക്ഷാ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് നമ്മുടെ കഴിവുകേടായേ കാണാന്‍ കഴിയൂ.
തന്ത്രങ്ങള്‍ പലവിധം
വെബ്‌സൈറ്റുകള്‍ സൂക്ഷിച്ചിരിക്കുന്ന സെര്‍വറുകളിലും നിയന്ത്രണസംവിധാനങ്ങളിലുമുള്ള സുരക്ഷാ പിഴവുകള്‍ (വള്‍നറബിലിറ്റി) മനസ്സിലാക്കി അവ തകര്‍ക്കുകയോ തകരാറിലാക്കുകയോ ചെയ്യുന്ന പല തന്ത്രങ്ങളും ഹാക്കര്‍മാര്‍ ഉപയോഗിച്ചുവരുന്നു. സെര്‍വറില്‍ കടന്ന് യഥാര്‍ഥ വെബ്‌സൈറ്റിന് പകരം അതേ അഡ്രസ്സില്‍ തങ്ങളുടെ സന്ദേശമെഴുതിയ മറ്റൊരു വെബ്‌പേജ് സ്ഥാപിക്കുന്ന രീതിയാണ് 'ഡീഫെയ്‌സിങ്'.
ഒരു പ്രമുഖ വെബ്‌സൈറ്റിന് താങ്ങാവുന്നതിലും കൂടുതല്‍ ട്രാഫിക് കൃത്രിമമായി സൃഷ്ടിച്ച് ഉപയോക്താക്കള്‍ക്ക് അത് കിട്ടാതാക്കുന്ന വിദ്യയാണ് 'ഡോസ്', 'ഡിഡോസ്' എന്നിവ (DOS -ഡിനയല്‍ ഓഫ് സര്‍വീസ് അറ്റാക്ക്, DDOS-ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് അറ്റാക്ക്). കമാന്‍ഡുകളും സോഫ്റ്റ്‌വെയറുകളുമുപയോഗിച്ചാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുക. വെബ്‌സൈറ്റിന് കേടുപാടുണ്ടാക്കാതെ അത് കിട്ടാതാക്കുന്ന വിദ്യയാണ് ഇവ. ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റിന് നേരേ ഏതാനും മണിക്കൂറുകള്‍ ഇത്തരം ആക്രമണം നടന്നാല്‍ നഷ്ടം ലക്ഷക്കണക്കിന് രൂപയായിരിക്കും. വെബ്‌സൈറ്റുകളുടെ കണ്ടന്റ് മാനേജ്‌മെന്റ് സംവിധാനത്തില്‍ നുഴഞ്ഞുകയറി ഉള്ളടക്കത്തില്‍ മാറ്റംവരുത്തുന്ന തന്ത്രമാണ് 'എസ്.ക്യു.എല്‍. ഇന്‍ജക്ഷന്‍'.