അഭിപ്രായസ്വാതന്ത്ര്യം, മനുഷ്യാവകാശം, ധാര്‍മികത തുടങ്ങി
മാനുഷികമൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഇന്റര്‍നെറ്റിലെ 'സായുധ'
സംഘമാണ് ഹാക്ടിവിസ്റ്റുകള്‍. വെബ് കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍
നുഴഞ്ഞുകയറാനുള്ള കഴിവും കമ്പ്യൂട്ടര്‍ ഭാഷയിലെ അഗാധജ്ഞാനവുമാണ് അവരുടെ
ആയുധം. സര്‍ക്കാര്‍ ഓഫീസുകളുടെ ചുമരില്‍ കരിഓയിലൊഴിച്ച് പ്രതിഷേധവാചകങ്ങള്‍
എഴുതുന്നതുപോലെ വെബ്‌സൈറ്റുകള്‍ തകരാറിലാക്കി (ഡിഫെയ്‌സിങ്) ഹോംപേജില്‍
സന്ദേശങ്ങള്‍ പതിക്കുകയാണ് പ്രധാന ആക്രമണരീതി. മിനുട്ടില്‍ ആയിരങ്ങള്‍
സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളില്‍ യഥാര്‍ഥ ഉള്ളടക്കത്തിന് പകരം തങ്ങളുടെ
സന്ദേശം പ്രത്യക്ഷപ്പെടുമ്പോള്‍ അവയ്ക്ക് കിട്ടുന്ന പ്രചാരം വളരെ
വലുതായിരിക്കും. ഭരണനിര്‍വഹണമോ ബാങ്കിങ്ങോ സംബന്ധിച്ച വെബ്‌സൈറ്റാണെങ്കില്‍
അത് ഒരു പൊതുപണിമുടക്കിന്റെ ദോഷം ചെയ്യും. വിക്കിലീക്‌സ്
വെളിപ്പെടുത്തലുകള്‍ക്കെതിരെ രംഗത്തുവന്ന അമേരിക്കയുടെ
സമ്മര്‍ദത്തെത്തുടര്‍ന്ന് 'പേപല്‍' എന്ന ഓണ്‍ലൈന്‍ പണം കൈമാറ്റ
സ്ഥാപനത്തിനെതിരെ അനോണിമസ് നടത്തിയ ആക്രമണം അവര്‍ക്ക് വന്‍നഷ്ടമാണ്
ഉണ്ടാക്കിയത്. വെബ്‌സൈറ്റ്, ഉപയോക്താക്കള്‍ക്ക് കിട്ടാതെയാക്കുന്ന ഡിഡോസ്
ആക്രമണമായിരുന്നു അത്.