വിന്‍ഡോസിന്റെ സൗജന്യ വേര്‍ഷന്‍ വരുന്നു

Yureekkaa Journal
 
 
കാലം മാറുകയാണ്‌ അതുകൊണ്ട് ഇനി പിടിവാശിയും തന്‍പ്രമാണിത്തവും കാണിക്കുന്നത് ശരിയല്ല എന്ന് മിക്ക കമ്പനികളും മനസിലാക്കി തുടങ്ങി എന്ന് സാരം.ഉപഭോക്താക്കള്‍ക്ക്‌ ആവശ്യമായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഏവര്‍ക്കും നിലനില്‍പ്പ് കാണു എന്ന സത്യം ഏറെ വൈകിയാണെങ്കിലും മൈക്രോസോഫ്റ്റും മനസിലാക്കി കഴിഞ്ഞു .

അതുകൊണ്ടുതന്നെ മൈക്രോസോഫ്റ്റ് മാറുകയാണ്. തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ ഓപ്പറേറ്റിങ് സിസ്റ്റമായ (ഒഎസ്) വിന്‍ഡോസിനെ വെറുതെ കൊടുക്കാന്‍ അവര്‍ തയാറായിട്ടില്ല. എന്നാലിപ്പോള്‍ കമ്പനിക്ക് മനംമാറ്റം വന്നു തുടങ്ങിയിരിക്കുന്നു.അതിന്റെ ആദ്യപടിയായി മൊബൈല്‍, ടാബ്‌ലറ്റ് ഒഎസ്സുകളുടെ ലൈസന്‍സിന് വില കുറയ്ക്കുമെന്നായിരുന്നു ആദ്യത്തെ വര്‍ത്തമാനം. എന്നാലിപ്പോള്‍ വിന്‍ഡോസിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 8.1 ഡെസ്‌ക്‌ടോപ്പുകള്‍ക്ക് സൗജന്യമായി കൊടുക്കാനൊരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. 'വിന്‍ഡോസ് 8.1 വിത്ത് ബിങ്'' എന്നാണ് സൗജന്യ വേര്‍ഷന്റെ പേര്. ഇത് പരീക്ഷണഘട്ടത്തിലാണെന്നാണ് വിവരം. വിന്‍ഡോസ് ഒഎസ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടുകയാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്. പിന്നീട് ഇതിന്റെ അപ്‌ഗ്രേഡ് വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കാനാകുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടല്‍.

ഇത് നടപ്പായാല്‍ പിസി വിപണിയില്‍ ദൂരവ്യാപക ഫലങ്ങളാകും ഉണ്ടാകുക. കുറഞ്ഞ ചെലവില്‍ ഒഎസ് കിട്ടുമെന്നതിനാല്‍ ലാപ് ടോപ്പുകളുടെയും ഡെസ്‌ക് ടോപ്പുകളുടെയും വില കുറയാനും ഇത് കാരണമാകും. പരീക്ഷണഘട്ടം വിജയിച്ചാല്‍ മാത്രമേ കമ്പനി ഇത് അവതരിപ്പിക്കൂ എന്നാണ് അറിവ്‌ . അതുവരെ എന്തായാലും കാത്തിരിക്കേണ്ടിവരും .എന്നാല്‍ വിന്‍ഡോസ് 8നു ജനങ്ങളുടെ ഇടയില്‍ പ്രതീക്ഷിച്ച സ്വീകരണം ലഭിക്കാത്തതാണ് ഇങ്ങനെയൊരു മനംമാറ്റത്തിനു കാരണമെന്നും പറയപ്പെടുന്നു.വിന്‍ഡോസ് 8 ഉപയോഗിച്ചിരുന്ന പലരും പിന്നീട് പഴയ പതിപ്പായ വിന്‍ഡോസ് 7ലേയ്ക്ക് തിരിച്ചുപോവുകയായിരുന്നു.

You might also like:

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top