ശബ്ദത്തിന്റെ യൂട്യൂബ്

Yureekkaa Journal


നിങ്ങള്‍ ഒരു പാട്ടുകാരനാണെന്നിരിക്കുക. സ്വന്തം പാട്ടുകളെ ഇന്റര്‍നെറ്റില്‍ ഇട്ട് ബ്ലോഗിലും മറ്റും ചേര്‍ക്കാനുള്ള സൗകര്യം ഉണ്ടായെങ്കില്‍ എത്ര നന്നായിരുന്നു അല്ലേ? സ്വന്തം വെബ്സൈറ്റില്‍ പാട്ട് അപ്ലോഡ് ചെയ്യുകയാണെങ്കില്‍ സ്ഥലപരിമിതി, ഫോര്‍മാറ്റ്, വേഗം, പ്ലേ ചെയ്യേണ്ട പ്ലഗിന്റെ വിശ്വാസ്യത അങ്ങനെ നിരവധി പ്രശ്നങ്ങള്‍.
വേറെ ഒരിടത്ത് ഹോസ്റ്റ്ചെയ്ത്, അവരുടെ പ്ലെയറില്‍ പ്ലേ ചെയ്യുകയാണെങ്കില്‍ ഈ പ്രശ്നമൊന്നുമില്ല. ഇത് നിങ്ങളുടെ ബ്ലോഗില്‍ എംപെഡ് ചെയ്യാന്‍കഴിഞ്ഞാല്‍ വേവലാതിപ്പെടുകയേ വേണ്ട. എംപെഡ് എന്താണെന്നു പിടികിട്ടിയില്ലേ? ചില ബ്ലോഗുകളിലും വെബ്സൈറ്റുകളിലും യൂട്യൂബ് വീഡിയോകള്‍ കണ്ടിട്ടില്ലേ? അതുപോലെ. ഇനി നിങ്ങള്‍ ഒരു പ്രാസംഗികനാണെങ്കിലും മേല്‍പ്പറഞ്ഞ പാട്ടുകാരന്റെ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കും ബാധകമാണ്.

ഇനി ഒരല്‍പ്പം പഴയകാര്യം. അലക്സ് എല്‍ജംഗ്, എറിക് വാഹ്ഫോര്‍സ് ആദ്യം പറഞ്ഞ വ്യക്തി ഒരു ശബ്ദലേഖകന്‍. രണ്ടാമന്‍ ഒരു കലാകാരന്‍. അവരുടെ പ്രശ്നവും നമ്മള്‍ തുടക്കത്തിലേ പറഞ്ഞതൊക്കെ ആയിരുന്നു. താങ്കളുടെ പാട്ടുകള്‍ രഹസ്യമായി സുഹൃത്തുക്കളുടെ ഇടയില്‍ പങ്കുവയ്ക്കുക, എന്നിട്ട് അഭിപ്രായം ആരായുക. ഇതൊക്കെ ചെയ്യാന്‍ ഇവര്‍ കുറേയധികം കഷ്ടപ്പെട്ടു. അങ്ങനെയാണ് 2007ല്‍ സ്വീഡനിലെ സ്റ്റോക്ഹോമില്‍ സൗണ്ട് ക്ലൗഡ് (http://soundcloud.com)  ജനിക്കുന്നത്. ആവശ്യം കണ്ടുപിടിത്തത്തിന്റെ മാതാവല്ല എന്ന് നിങ്ങള്‍ പറയരുത്.

ഫോട്ടോകള്‍ക്ക് ഫ്ളിക്കര്‍ എന്നപോലെ, വീഡിയോകള്‍ക്ക് യൂട്യൂബ് എന്നപോലെ, പ്രസന്റേഷനുകള്‍ക്ക് സ്ളൈഡ് ഷെയര്‍ എന്നപോലെയാണ് ശബ്ദത്തിന് സൗണ്ട് ക്ലൗഡ്. ഒരു ശബ്ദശകലത്തിന്റെ ഏതു "ഭാഗത്തും" അഭിപ്രായം എഴുതാനുള്ള സൗകര്യം ഈ സേവനത്തില്‍ ലഭ്യമാണ്. ഉദാഹരണത്തിന് ഒരു പ്രസംഗത്തിലെ രണ്ടുമിനിറ്റ് മുപ്പത്തിരണ്ട് സെക്കന്‍ഡില്‍ പറഞ്ഞ കാര്യം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ നിങ്ങളുടെ കമന്റ് ആ സ്ഥലത്ത് എഴുതാം. എങ്ങനെ എന്നോ? നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ വിഷ്വല്‍ രൂപം നിങ്ങളുടെ മുന്നില്‍ തെളിയും. ഇടത്തുനിന്നു വലത്തോട്ട് അങ്ങനെ നീളത്തില്‍ ഓരോ ശബ്ദശകലവും നീണ്ടുകിടക്കും. നിങ്ങളുടെ പാട്ടുകളും പ്രസംഗങ്ങളും മറ്റുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും സൗണ്ട് ക്ലൗഡിലുണ്ട്.

സോഷ്യല്‍ നെറ്റ്വര്‍ക്കിലെന്നപോലെ ഇതിലും നിങ്ങള്‍ക്ക് നിങ്ങളുടെ ഒരു സുഹൃദ്വലയം ഉണ്ടാക്കാവുന്നതാണ്. നിങ്ങള്‍ മറ്റുള്ളവരെ ഫോളോ ചെയ്യുന്നു, അവര്‍ തിരിച്ചും അങ്ങോട്ടും, ഇങ്ങോട്ടും ഒക്കെയുള്ള കമന്റുകള്‍, ലൈക്കുകള്‍, റീപോസ്റ്റുകള്‍ അങ്ങനെ ഒക്കെ. കഴിഞ്ഞില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടാനുസരണം ഗ്രൂപ്പുകളിലും ചേരാം. ഗ്രൂപ്പില്ലാതെ എന്ത് മലയാളി!

അത്രയ്ക്കും വലിയ ഒന്നാണോ ഈ സേവനം? അതെയല്ലോ. നമ്മുടെ സ്വന്തം ഓള്‍ ഇന്ത്യ റേഡിയോ ഈയിടെ സൗണ്ട് ക്ലൗഡില്‍ എത്തി.https://soundcloud.com/allindiaradionews ബിബിസിക്കൊക്കെ സൗണ്ട് ക്ലൗഡില്‍ നിരവധി ചാനലുകള്‍ ഉണ്ട്. ഉദാഹരണത്തിന് https://soundcloud.com/bberadio1 ഭാര്യയെക്കാളും (അല്ലെങ്കില്‍ ഭര്‍ത്താവിനെക്കാളും) സ്മാര്‍ട്ട് ഫോണുകളെ സ്നേഹിക്കുന്ന ന്യൂജനറേഷനില്‍പ്പെട്ട ഒരാളാണ് നിങ്ങളെങ്കില്‍ സൗണ്ട് ക്ലൗഡ് ആപ് ലഭ്യമാണ്. റേഡിയോ പരിപാടികള്‍, സംഗീതം, പ്രസംഗം, ബ്രോഡ്കാസ്റ്റ്, ശബ്ദ-പുസ്തകങ്ങള്‍ (audio books) എന്നിവയൊക്കെ ഇപ്പോഴും എവിടെയും കേള്‍ക്കാനുള്ള സൗകര്യം വിരല്‍ത്തുമ്പില്‍.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top