ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ ലേല സൈറ്റായ ഈബേ ആക്രമിക്കപ്പെട്ടു. തങ്ങളുടെ ഒരു ഡേറ്റാബേസിന് നേരെ സൈബര്‍ ആക്രമണം നടന്നതായും, ഉപയോക്താക്കള്‍ ഉടന്‍ പാസ്‌വേഡുകള്‍ മാറ്റണമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ഫിബ്രവരി അവസാനമാണ് ഡേറ്റാബേസ് ആക്രമിക്കപ്പെട്ടതെന്ന് ഈബേ ( eBay ) അറിയിച്ചു. എന്‍ക്രിപ്റ്റ് ചെയ്ത പാസ്‌വേഡുകളും മറ്റ് ചില വിവരങ്ങളും സൂക്ഷിച്ചിട്ടുള്ള കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്.
അംഗങ്ങളുടെ അക്കൗണ്ടില്‍ എന്തെങ്കിലും നിയമവിരുദ്ധ നടപടി നടന്നതായി തെളിവില്ലെന്ന് കമ്പനി അറിയിച്ചു. എന്നിരിക്കിലും, ആക്രമണമുണ്ടായ സ്ഥിതിക്ക് ഈബേ യുസര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള മികച്ച മാര്‍ഗം പാസ്‌വേഡുകള്‍ മാറ്റുകയെന്നതാണ് - ഈബേ അറിയിപ്പില്‍ പറഞ്ഞു.
ഉപയോക്താക്കളില്‍ കുറച്ച് അംഗങ്ങളുടെ പേര്, എന്‍ക്രിപ്റ്റഡ് പാസ്‌വേഡുകള്‍, ഈമെയില്‍ വിലാസങ്ങള്‍, ശരിക്കുള്ള വിലാസം, ഫോണ്‍ നമ്പര്‍, ജനനതിയതി തുടങ്ങിയ വിവരങ്ങളുള്ള ഡേറ്റാബേസിലാണ് ഭേദകര്‍ കടന്നുകയറിയതെന്ന് ഈബേ പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പോസ്റ്റ് പറയുന്നു.
ഏതെങ്കലും സാമ്പത്തിക വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ ആ ഡേറ്റാബേസിലുണ്ടായിരുന്നില്ലെന്നും കമ്പനി അറിയിച്ചു.