സ്മാര്‍ട്ട്‌ഫോണ്‍ പേറ്റന്റുകള്‍ ലംഘിച്ചുവെന്നാരോപിച്ച് ആപ്പിളും സാംസങും അമേരിക്കന്‍ കോടതിയില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു. കാലിഫോര്‍ണിയയില്‍ സാന്‍ ജോസിലെ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മൊബൈല്‍ സോഫ്റ്റ്‌വേറുമായി ബന്ധപ്പെട്ട് തങ്ങളുടെ അഞ്ച് പേറ്റന്റുകള്‍ സാംസങ് ലംഘിച്ചുവെന്നും, അതിന് 200 കോടി ഡോളര്‍ (12000 കോടി രൂപ) നഷ്ടപരിഹാരം കിട്ടണമെന്നുമാണ് ആപ്പിള്‍ വാദിക്കുന്നത്. അതേസമയം, തങ്ങളുടെ രണ്ട് പേറ്റന്റുകള്‍ ആപ്പിള്‍ ലംഘിച്ചതായി സാംസങ് ആരോപിക്കുന്നു.
സാംസങ് നടത്തിയ പേറ്റന്റ് ലംഘനമായി ആപ്പിള്‍ ആരോപിക്കുന്ന ചില ഫീച്ചറുകള്‍ , ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ളതാണ്.
ലോകത്താകമാനം നൂറുകോടിയിലേറെ മൈബൈല്‍ ഉപകരണങ്ങള്‍ ഓടുന്നത് ആന്‍ഡ്രോയ്ഡിലാണ്. എന്നുവെച്ചാല്‍ , കേസില്‍ ആപ്പിള്‍ ജയിച്ചാല്‍ അത് സാംസങിനല്ല, ഗൂഗിളിനാകും തിരിച്ചടിയാവുക. ആന്‍ഡ്രോയ്ഡിലെ ചില പ്രധാന ഫീച്ചറുകള്‍ ഗൂഗിളിന് മാറ്റേണ്ടിയും വരും.
ആപ്പിളും സാംസങും തമ്മില്‍ നടക്കുന്ന രണ്ടാമത്തെ വലിയ പേറ്റന്റ് പോരാണിത്. 2012 ല്‍ ആദ്യ പേറ്റന്റ് പോരില്‍ സാംസങ് തോറ്റിരുന്നു. ആപ്പിളിന് 93 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടിയും വന്നിരുന്നു.
എന്നിരിക്കിലും, സാംസങിന്റെ ഫോണുകള്‍ക്ക് അമേരിക്കയില്‍ വില്‍പ്പന വിലക്ക് കൊണ്ടുവരാന്‍ ആപ്പിളിന് കഴിഞ്ഞിട്ടില്ല.
ഇപ്പോള്‍ ആപ്പിള്‍ രണ്ടാമത്തെ യുദ്ധം ആരംഭിച്ചിരിക്കുന്നത് വെറും പണത്തിന് വേണ്ടി മാത്രമല്ലെന്ന് വിദഗ്ധര്‍ കരുതുന്നു. അങ്ങനെയാണെങ്കില്‍ , കാശ് വാങ്ങി കേസ് ഒതുക്കാന്‍ ആപ്പിളിന് കഴിയും. ഇതിനര്‍ഥം ആന്‍ഡ്രോയ്ഡ് ഇല്ലാതാക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം എന്നാണ്.
'ആന്‍ഡ്രോയ്ഡ് ഒരു മോഷണ മുതലാണ്, അതിനെതിരെ ആണവയുദ്ധം പ്രഖ്യാപിക്കാനും ഞാന്‍ തയ്യാറാണ്' - അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ഇങ്ങനെ പറഞ്ഞ കാര്യം അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഇസാക്‌സണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റീവിന്റെ ആ നിലപാട് തന്നെയാണ്, ഇപ്പോഴത്തെ ആപ്പിള്‍ മേധാവി ടിം കുക്കും പിന്തുടരുന്നതെന്ന് പുതിയ കേസ് വ്യക്തമാക്കുന്നു.
അതേസമയം, ഒരു ഡസനോളം പേറ്റന്റുകളുടെ പേരില്‍ ആന്‍ഡ്രോയ്ഡിനെ ഇല്ലാതാക്കുക അത്ര എളുപ്പമല്ലെന്ന്, ബോസ്റ്റണ്‍ സര്‍വകലാശാലയിലെ നിയമ അധ്യാപകന്‍ ജെയിംസ് ബെസ്സന്‍ പറഞ്ഞു.
സാംസങിനെക്കാളാറെ ആന്‍ഡ്രോയ്ഡിനെ ഉന്നംവെച്ചാണ് ആപ്പിളിന്റെ പുതിയ നീക്കമെന്ന്, തര്‍ക്ക പേറ്റന്റുകളില്‍നിന്ന് വ്യക്തമാണ്. ടെക്‌സ്റ്റ് മെസേജിനുള്ളിലെ ഫോണ്‍ നമ്പര്‍ ടാപ്പ് ചെയ്ത് നമ്പര്‍ ഡയല്‍ ചെയ്യുന്ന ഫീച്ചറിന്റേതാണ് ആപ്പിള്‍ ചോദ്യംചെയ്യുന്ന ഒരു പേറ്റന്റ്. 'സ്ലൈഡ് ടു അണ്‍ലോക്ക്' ( Slide to Unlock ) ഫീച്ചറാണ് തര്‍ക്കമുന്നയിച്ചിരിക്കുന്ന മറ്റൊരു ഫീച്ചര്‍ .
അതേസമയം, സ്മാര്‍ട്ട്‌ഫോണില്‍ ഡേറ്റ സ്വീകരിക്കാനും അയയ്ക്കാനും സഹായിക്കുന്ന തങ്ങളുടെ വയര്‍ലെസ്സ് ടെക്‌നോളജി ആപ്പിള്‍ മോഷ്ടിച്ചുവെന്നതാണ് സാംസങിന്റെ വാദം