എണ്‍പതിഞ്ച് വലിപ്പമുള്ള ടി.വി. എട്ടടി ദൂരത്ത് നിന്ന് കാണുന്ന ദൃശ്യാനുഭവമാണ് ഗ്ലിഫ് ( Glyph ) സമ്മാനിക്കുക. ശക്തി കുറഞ്ഞ ഒരു എല്‍.ഇ.ഡിയില്‍നിന്ന് പ്രസരിപ്പിക്കുന്ന പ്രകാശം ഇരുപതുലക്ഷത്തിലേറെ കുഞ്ഞുകണ്ണാടികളിലൂടെ കടത്തിവിട്ട് ലെന്‍സില്‍ പതിപ്പിച്ചാണ് ദൃശ്യങ്ങള്‍ നമ്മുടെ കണ്ണിലേക്കെത്തുന്നത്. ടുഡി, ത്രിഡി ദൃശ്യങ്ങള്‍ ഇങ്ങനെ സൃഷ്ടിക്കാനാകും. ഓരോ കണ്ണിന്റെയും കാഴ്ചശക്തിക്കനുസരിച്ച് ദൃശ്യങ്ങളുടെ ദൂരം ക്രമീകരിക്കാനുമാകും. അതുകൊണ്ട് പതിവായി കണ്ണട ധരിക്കുന്നയാള്‍ക്കാര്‍ക്ക് അതൂരിവെച്ച് ഗ്ലിഫിലൂടെ വീഡിയോകള്‍ മിഴിവോടെ കാണാനാകും.
എച്ച്.ഡി.എം.ഐ. ഇന്‍പുട്ട് വഴിയാണ് ഗ്ലിഫിലേക്ക് വീഡിയോകള്‍ എത്തിക്കുക. നിങ്ങളുടെ വീട്ടിലെ സി.ഡി. പ്ലെയറിലേക്കോ സ്മാര്‍ട്‌ഫോണിലേക്കോ ടാബ്‌ലറ്റിലേക്കോ ഗ്ലിഫ് കണക്ട് ചെയ്യാന്‍ പറ്റുമെന്നര്‍ഥം.
ഏതാണ്ട് 450 ഗ്രാം തൂക്കം വരുന്ന ഗ്ലിഫിന്റെ ബാറ്ററി മൂന്നു മണിക്കൂര്‍ തുടച്ചയായ വീഡിയോ കാണലും 48 മണിക്കൂര്‍ ഓഡിയോ കേള്‍ക്കലും ഉറപ്പുതരുന്നു. മൈക്രോ യു.എസ്.ബി. കേബിള്‍ വഴിയാണ് ഇത് ചാര്‍ജ് ചെയ്യുക.
നീല, കറുപ്പ്, വെളുപ്പ് നിറങ്ങളിലെത്തുന്ന ഗ്ലിഫിന് 500 ഡോളറാണ് താത്കാലികമായി വിലയിട്ടിരിക്കുന്നത്. നിലവില്‍ ലോകത്തിലെ വിവിധ നഗരങ്ങളില്‍ പരീക്ഷണാര്‍ഥം കുറച്ച് യൂണിറ്റുകള്‍ അവ്ഗാന്റ് വിറ്റഴിക്കുന്നുണ്ട്. ഉപയോക്താക്കളില്‍ നിന്നുളള പ്രതികരണം കൂടിയറിഞ്ഞ ശേഷം ലോകവിപണിയിലേക്ക് പ്രവേശിക്കാനാണ് കമ്പനിയുടെ പരിപാടി.
ടി.വി. അടുത്തുനിന്ന് കാണരുതെന്ന അമ്മമാരുടെ ഉപദേശം കേട്ടുവളര്‍ന്നവര്‍ ഈ ഗാഡ്ജറ്റ് വാങ്ങുമോ എന്ന സംശയമാണിനി ബാക്കിയുള്ളത്. ഗ്ലിഫിന്റെ നിര്‍മാതാക്കളായ അവ്ഗാന്റിന്റെ സി.ഇ.ഒ. എഡ്വാര്‍ഡ് ടാങ്കിന് ഇക്കാര്യത്തില്‍ കൃത്യമായ മറുപടിയുണ്ട്. 'ലോകമെങ്ങുമുള്ള അമ്മമാരുടെ ഈ ഉപദേശത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു. സ്‌ക്രീനില്‍ നിന്ന് പുറപ്പെടുവിക്കുന്ന കൃത്രിമ പ്രകാശമാണ് അടുത്തുനിന്ന് കാണുമ്പോള്‍ ഹാനികരം. ആ സ്‌ക്രീന്‍ ഒഴിവാക്കിയാല്‍ പ്രശ്‌നം തീര്‍ന്നു. നമ്മുടെ ചുറ്റുമുള്ള പ്രകാശത്തെ പുനസൃഷ്ടിക്കുകയാണ് ഗ്ലിഫില്‍ ചെയ്യുന്നത്. ആ പ്രകാശത്തോട് കണ്ണുകള്‍ പെട്ടെന്ന താദാത്മ്യം പ്രാപിക്കും. സ്‌ക്രീനിന് പകരം നിങ്ങളുടെ കണ്ണിലും തലച്ചോറിലുമാണ് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഗ്ലിഫ് കണ്ണുകള്‍ക്ക് ഹാനികരമേയല്ല''- അദ്ദേഹം പറയുന്നു