തമോഗര്‍ത്തത്തിന്റെ ഗുരുത്വാകര്‍ഷണത്താല്‍ വലിച്ചുനീട്ടപ്പെടുന്ന വാതകമേഘം -ചിത്രകാരന്റെ ഭാവന |
ജോതിശ്ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍ ശരിയായാല്‍ അതൊരു വമ്പന്‍ വെടിക്കെട്ട് തന്നെയാകും. ആകാശഗംഗയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന അതിഭീമന്‍ തമോഗര്‍ത്തം ഒരു വന്‍വാതകമേഘത്തെ 'വെട്ടിവിഴുങ്ങാനൊ'രുങ്ങുകയാണ്. അതൊരു 'തൃശ്ശൂര്‍പൂര'ത്തില്‍ കലാശിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ഭീമന്‍ തമോഗര്‍ത്തം വാതകമേഘത്തെ അകത്താക്കുന്നതിന്റെ ഭാഗമായുള്ള 'കൂട്ടിയിടി' മാസങ്ങള്‍ക്കുള്ളില്‍ സംഭവിക്കുമെന്ന്, 'അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി' സമ്മേളനത്തില്‍ ഗവേഷകര്‍ അറിയിച്ചു. വാതകമേഘം തമോഗര്‍ത്തത്തിനരികിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
'നൂറുവര്‍ഷത്തിനിടെ ആ തമോഗര്‍ത്തത്തിന്റെ ഏറ്റവും വലിയ 'തീറ്റ'യാകുമിത്' - ലോസ് ആഞ്ചിലിസില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ലിയോ മെയര്‍ അറിയിച്ചു. 'അതൊരു വന്‍ വെടിക്കെട്ട് തന്നെയാകും'.
'സജിറ്റാരിയസ് എ*' ( Sagittarius A* ) എന്ന അതിഭീമന്‍ തമോഗര്‍ത്തമാണ് നമ്മുടെ മാതൃഗാലക്‌സിയായ ആകാംശഗംഗ അഥവാ ക്ഷീരപഥത്തിന്റെ ഹൃദയഭാഗം. 26,000 പ്രകാശവര്‍ഷമകലെ, ആകാശഗംഗയ്ക്കുള്ളലാണ് അതിന്റെ സ്ഥാനം.
ആ തമോഗര്‍ത്തത്തിന് നേരെ 'ജി2' ( G2 ) എന്ന വാതകമേഘം നീങ്ങുന്നതായി ആദ്യം നിരീക്ഷിച്ചത് 2011 ലാണ്. ഭൂമിയുടെ മൂന്നുമടങ്ങ് ദ്രവ്യമാനം (പിണ്ഡം) ഉണ്ട് ആ മേഘപടലത്തിന്.
അതിഭീമമായ സാന്ദ്രതയുള്ള പ്രാപഞ്ചിക കെണികളാണ് തമോഗര്‍ത്തങ്ങള്‍ . പ്രകാശത്തെപ്പോലും പുറത്തുവിടാത്തത്ര ശക്തമായ ഗുരുത്വാകര്‍ഷണമാണ് തമോഗര്‍ത്തങ്ങളുടെ സവിശേഷത.
ഒരു ഇടത്തരം തമോഗര്‍ത്തത്തിന് ആയിരം സൂര്യന്റെയത്ര ദ്രവ്യമാനവും ഭൂമിയുടെയത്ര മാത്രം വലിപ്പവുമാണ് ഉണ്ടാവുക. സജിറ്റാരിയസ് എ* പോലുള്ള അതിഭീമന്‍ തമോഗര്‍ത്തങ്ങളെ ഗാലക്‌സികളുടെ മധ്യഭാഗത്താണ് കാണാനാവുക.
ആകാശഗംഗയുടെ ഹൃദയഭാഗം. ഇവിടെയാണ് സജിറ്റാറിയസ് എ* തമോഗര്‍ത്തം സ്ഥിതിചെയ്യുന്നത് |
ശാസ്ത്രലോകത്തിന് തമോഗര്‍ത്തങ്ങള്‍ ഇപ്പോഴും പ്രഹേളികയാണ്. പ്രകാശംപോലും അതില്‍നിന്ന് പുറത്തുവരാത്തതിനാല്‍ , പരോക്ഷനിരീക്ഷണം വഴിയേ തമോഗര്‍ത്തങ്ങളുടെ സാന്നിധ്യം മനസിലാക്കാന്‍ സാധിക്കൂ.
തമോഗര്‍ത്തത്തില്‍ ദ്രവ്യം പതിക്കുമ്പോള്‍ അതില്‍നിന്ന് ചില മിന്നലുകള്‍ പുറത്തുവരും. സജിറ്റാറിയസ് എ* തമോഗര്‍ത്തം ആ ഭീമന്‍മേഘത്തെ വെട്ടിവിഴുങ്ങുമ്പോള്‍ വലിയ വെടിക്കെട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് അതുകൊണ്ടാണ്.
മാസങ്ങള്‍ക്കുള്ളില്‍ വാതകമേഘം അരികിലെത്തുകയും മേഘപടലത്തെ തമോഗര്‍ത്തം അകത്താക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ , വന്‍തോതില്‍ എക്‌സ്‌റേ സ്ഫുലിംഗങ്ങള്‍ പുറത്തുവരും. തമോഗര്‍ത്തത്തിന്റെ സവിശേഷതകള്‍ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങള്‍ അതുവഴി ലഭിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.
ആ വാതകമേഘത്തിന്റെ നീക്കം ശാസ്ത്രലോകം ആകാംക്ഷയോടെ നിരീക്ഷിച്ചുവരികയാണ്. ഹാവായിലെ കെക് ഒബ്‌സര്‍വേറ്ററിയുടെ സഹായത്തോടെയാണ് ഡോ. മെയറുടെ സംഘം നിരീക്ഷണം തുടരുന്നത്.
കെക്ക് ടെലസ്‌കോപ്പ് വാതകമേഘത്തെ സസൂക്ഷ്മം നിരീക്ഷിക്കുമ്പോള്‍ , നാസയുടെ എക്‌സ്‌റേ സ്‌പേസ് ടെലസ്‌കോപ്പായ 'സ്വിഫ്റ്റ്' ( Swift ) ആ തമോഗര്‍ത്തത്തെയാണ് നിരീക്ഷിക്കുന്നത്.
'അത്യപൂര്‍വമായേ ഇത്തരമൊരു സംഗതി നിരീക്ഷിക്കാന്‍ കഴിയൂ. അതിനാല്‍ എല്ലാവരും അത് കാണാന്‍ ആഗ്രഹിക്കുന്നു' - സ്വിഫ്റ്റിന്റെ മുഖ്യ അന്വേഷക നതാലി ഡിജെനാര്‍ പറഞ്ഞു.
തമോഗര്‍ത്തത്തിന്റെ അതിഭീമമായ ഗുരുത്വാകര്‍ഷണത്താല്‍ വാതകമേഘത്തിന്റെ മുന്‍ഭാഗം വലിച്ചുനീട്ടപ്പെടുന്നത് ഇപ്പോള്‍ തന്നെ ഗവേഷകര്‍ക്ക് നിരീക്ഷിക്കാനായിട്ടുണ്ട്. (വിവരങ്ങള്‍ക്ക് കടപ്പാട് - ബിബിസി ; ചിത്രങ്ങള്‍ - യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി)