മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ബ്രൗസറുടെ പ്രധാന്യം കുറയ്ക്കാനും ആപ്പുകളെ കൂടുതല്‍ ഉപയോഗിക്കാനും വഴി തെളിക്കുന്ന വിപ്ലവകരമായ ഒരു വിദ്യയുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തിയിരിക്കുന്നു. ഒരുപക്ഷേ, മൊബൈല്‍ ബ്രൗസറുകളുടെ മരണമണി പോലുമായേക്കാവുന്ന ആ സര്‍വീസിന് ഇട്ടിരിക്കുന്ന പേര് 'ആപ്പ് ലിങ്ക്‌സ്' ( App Links ) എന്നാണ്.
മൊബൈലിലെ മെസഞ്ചര്‍ സര്‍വീസിലൂടെ അയച്ചുകിട്ടിയ ഒരു ലിങ്ക് ടാപ്പ് ചെയ്താല്‍ മൊബൈലിലെ ബ്രൗസറിലാണ് സാധാരണഗതിയില്‍ അത് തുറന്നുവരിക. ആ സ്ഥിതി മാറിയിട്ട് ബന്ധപ്പെട്ട ആപ്പില്‍ തന്നെ ലിങ്ക് തുറുന്നുവരാനുള്ള മാര്‍ഗമാണ് 'ആപ്പ് ലിങ്ക്‌സ്' മുന്നോട്ടുവെയ്ക്കുന്നത്.
ആന്‍ഡ്രോയ്ഡ് ഫോണുപയോഗിക്കുന്ന ഒരാളുടെ ഫോണിലേക്ക് 'മാതൃഭൂമി ഓണ്‍ലൈനി'ലെ ഒരു വാര്‍ത്തയുടെ ലിങ്ക് ആരെങ്കിലും അയച്ചുവെന്ന് കരുതുക. മാതൃഭൂമിയുടെ ആന്‍ഡ്രോയ്ഡ് ആപ്പ് ആ ഫോണിലുണ്ടെങ്കിലും, ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അത് തുറക്കുക ബ്രൗസറിലാകും. പകരം, മാതൃഭൂമി വാര്‍ത്തയുടെ ലിങ്ക് മാതൃഭൂമി ആപ്പില്‍ തന്നെ തുറുന്നുകിട്ടാനാണ് പുതിയ സര്‍വീസ് വഴിയൊരുക്കുക.
സാധാരണഗതില്‍ മൊബൈല്‍ ബ്രൗസറില്‍ ഒരു പേജിന്റെ ലിങ്ക് തുറക്കുമ്പോള്‍ , അത് മൊബൈലില്‍ അത്ര ഭംഗിയായി വായിക്കാന്‍ കഴിയണമെന്നില്ല. അതേസമയം, ബന്ധപ്പെട്ട ആപ്പിലാണ് അത് തുറക്കുന്നതെങ്കില്‍ ആ പ്രശ്‌നമില്ല.
മിക്ക സ്മാര്‍ട്ട്‌ഫോണിലും യുട്യൂബ് ആപ്പ് ഉണ്ടാകും. എങ്കിലും മെസെഞ്ചര്‍ വഴി ഒരു യുട്യൂബ് ലിങ്ക് കിട്ടിയാല്‍ , അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ബ്രൗസറിലാണ് അത് തുറക്കുക. ഇത്തരം സംഗതികളില്‍ , ഫെയ്‌സ്ബുക്കിന്റെ നീക്കം വഴി ഫോണിലെ ആപ്പുകള്‍ക്ക് കൂടുതല്‍ പ്രയോജനം കൈവരികയാണ് ചെയ്യുക.
'ആപ്പ്-ടു-ആപ്പ് ലിങ്കിങ്' അഥവാ 'മൊബൈല്‍ ഡീപ് ലിങ്കിങ്' എന്ന സങ്കേതം വഴിയാണ്, ആപ്പുകളില്‍ ലിങ്ക് തുറക്കുന്ന ഏര്‍പ്പാട് സാധ്യമാവുക. ഇതൊരു പുതിയ വിദ്യയല്ല. എങ്കിലും അത് കാര്യമായി പ്രാവര്‍ത്തികമായിട്ടില്ല. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് ഫോണ്‍ എന്നിങ്ങനെ വ്യത്യസ്ത മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഡീപ് ലിങ്കിങ് വ്യത്യസ്ത തരത്തിലാണ് സാധ്യമാവുക എന്നതാണ് ഇതിന് കാരണം.
അതിനാല്‍ , നിലവിലുള്ള സ്ഥിതിയില്‍ ഡെവലപ്പര്‍മാര്‍ ഡീപ് ലിങ്കിങ്ങിനെക്കുറിച്ച് തലപുകയ്ക്കാറില്ല. ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗമാണ് 'ആപ്പ് ലിങ്ക്‌സ്' എന്ന പേരില്‍ F8 കോണ്‍ഫറന്‍സില്‍ അടുത്തയിടെ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്.
Facebook
Twitter
Google+
Rss Feed
