- കടുത്ത എല്‍നിനോ പേടിയിലാണിപ്പോള്‍ ലോകം.
പേടിക്കാതിരിക്കുന്നതെങ്ങനെ? ഈ വര്‍ഷം എല്‍നിനോ മടങ്ങിവന്നു
ശക്തിപ്രാപിച്ചാല്‍ നമ്മെ കാത്തിരിക്കുന്നത് വന്യമായ
കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു
നല്‍കിക്കഴിഞ്ഞു. പേമാരി, വെള്ളപ്പൊക്കം, വരള്‍ച്ച, സൈക്ലോണുകള്‍,
ടൊര്‍ണാഡോകള്‍, ടൈഫൂണുകള്‍, താപതരംഗങ്ങള്‍, അതിശൈത്യം, കാട്ടുതീ
തുടങ്ങിയവയുടെ പ്രഹരശേഷി കൂടും. ലോക കാലാവസ്ഥാ സംഘടനയുടെയും നാഷണല്‍
ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെയും കൈമ്ലറ്റ്
പ്രെഡിക്ഷന്‍ സെന്ററിന്റെയും മുന്നറിയിപ്പുകള്‍ക്കനുസരിച്ച് ചില
രാജ്യങ്ങള്‍ എല്‍നിനോ കെടുതികളില്‍നിന്നു രക്ഷപ്പെടാനുള്ള
മുന്നൊരുക്കംതുടങ്ങിക്കഴിഞ്ഞു. എങ്കിലും ലോകത്താകമാനം ഇത് വിതയ്ക്കുന്ന
കെടുതികള്‍ തടയാന്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരമില്ല.
ഈ വര്‍ഷം രൂപപ്പെട്ടേക്കാവുന്ന എല്‍നിനോ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടവയില്‍ ഏറ്റവും ശക്തിയേറിയതാകുമെന്നും 2014-ലോ 2015-ഓ ഏറ്റവും ചൂടുകൂടിയ വര്‍ഷമായേക്കുമെന്നും പഠനങ്ങള്‍ അപായമണികള്‍ മുഴക്കുന്നു. ഈ വര്‍ഷം എല്‍നിനോ ഉണ്ടാകാനുള്ള സാധ്യത 50 മുതല്‍ 70 ശതമാനംവരെയാണെന്ന് വിവിധ പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. പസഫിക്കില്‍ സമുദ്രോപരിതലത്തിനു 150 മീറ്റര്‍ ആഴത്തില്‍ ഉഷ്ണജലപ്രവാഹത്തിന്റെ സാന്നിധ്യമുള്ളതായും സമുദ്രോപരിതലം സമീപകാലത്തെക്കാള്‍ കൂടുതല്‍ ചൂടായിക്കൊണ്ടിരിക്കുന്നതായും സ്ഥിരീകരിക്കപ്പെട്ടുക്കഴിഞ്ഞു. അടുത്തമാസങ്ങളില്‍ത്തന്നെ എല്‍നിനോ രൂപംകൊള്ളുമെന്നാണ് ചില കാലാവസ്ഥാ മാതൃകകള്‍ നല്‍കുന്ന സൂചന. ജൂലൈയിലോ നവംബറിലോ ആവും എല്‍നിനോ പ്രത്യക്ഷപ്പെടുകയെന്നും പ്രവചിക്കുന്നുണ്ട് പഠനങ്ങള്‍. എന്താണ് എല്‍നിനൊ? പസഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം ചൂടുപിടിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എല്‍നിനോ. പസഫിക്സമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്ത് രൂപംകൊള്ളുന്ന ഉഷ്ണജലപ്രവാഹമാണ് മുകളിലേക്കുയര്‍ന്ന് സമുദ്രോപരിതലത്തെ ചൂടാക്കുന്നത്. എല്‍നിനോ ക്രമേണ ആഗോള കാലാവസ്ഥയെത്തന്നെ തകിടംമറിക്കും. മൂന്നുമുതല്‍ ഏഴുവര്‍ഷംവരെയുള്ള കാലയളവിലാണ് എല്‍നിനോ സതേണ്‍ ഓസിലേഷന്‍ (ഋചടഛ) സാധാരണ പ്രത്യക്ഷപ്പെടുന്നത്. എല്‍നിനോ (ഋഹചശിീ) എന്ന വാക്കിന് സ്പാനിഷില്‍ ഉണ്ണിയേശു, ചെറിയ ആണ്‍കുട്ടി എന്നൊക്കെയാണ് അര്‍ഥം. 19-ാം നൂറ്റാണ്ടില്‍ പെറുവിലെ മത്സ്യത്തൊഴിലാളികളാണ് ഈ പേരു നല്‍കിയത്. ഇതിനൊരു കാരണവുമുണ്ട്. ചില വര്‍ഷങ്ങളില്‍ ക്രിസ്മസിനോട് അടുപ്പിച്ച് മത്സ്യങ്ങള്‍ തീരക്കടലില്‍നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാവുന്നത് അവര്‍ ശ്രദ്ധിച്ചിരുന്നു. ശാന്തസമുദ്രത്തില്‍ രൂപംകൊള്ളുന്ന ചൂടിന്റെ പ്രവാഹം വായുവിലൂടെയും ജലത്തിലൂടെയും പെറുവിലേക്ക് നീങ്ങുന്നതിന്റെ ഫലമായാണ് ഇതു സംഭവിക്കുന്നത്. ഈ അസാധാരണ പ്രതിഭാസം ക്രിസ്മസിനോടടുപ്പിച്ച് ഉണ്ടാവുന്നതുകൊണ്ടാണ് പെറുവിലെ മുക്കുവര്‍ അതിനെ എല്‍നിനോ എന്നു വിളിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ത്തന്നെ എല്‍നിനോ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രം 23 എല്‍നിനോകള്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ 1982-83, 1997-98 വര്‍ഷങ്ങളിലെ എല്‍നിനോ അതിവിനാശകാരികളായിരുന്നു. 1997-98ലെ എല്‍നിനോയുടെ ഫലമായുണ്ടായ കെടുതികള്‍ ലോകത്താകെ കവര്‍ന്നത് പതിനായിരക്കണക്കിനു മനുഷ്യജീവനാണ്. വസ്തുവകകളുടെ നാശനഷ്ടമാവട്ടെ 33 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെയും. ഏഷ്യയില്‍ മണ്‍സൂണ്‍ ദുര്‍ബലമാകും എല്‍നിനോയുടെ വരവോടെ മഴയുടെ വിതരണം താളംതെറ്റും. ഏഷ്യയിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലുമൊക്കെ മഴയുടെ കുറവും വരള്‍ച്ചയും കാട്ടുതീയുമൊക്കെ കോടിക്കണക്കിനു ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കും. പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിയറോളജി നല്‍കുന്ന സൂചന അനുസരിച്ച് ഏഷ്യന്‍ മണ്‍സൂണ്‍ ദുര്‍ബലമാവാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ മഴയുടെ ലഭ്യതയില്‍ അഞ്ചു ശതമാനംവരെ കുറവുണ്ടായേക്കാം. ഇത് പഞ്ചസാര, അരി, ഗോതമ്പ് ഉല്‍പ്പാദനം കുറയ്ക്കും. ഇത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 1.75 ശതമാനം കുറച്ചേക്കും. കേരളത്തിലാണെങ്കില്‍ മഴ 12 ശതമാനം കുറഞ്ഞേക്കുമെന്നാണ് സൂചന.
2009ല്‍ ഇന്ത്യന്‍ മണ്‍സൂണിനെ എല്‍നിനോ കാര്യമായി ബാധിക്കുകയും കഴിഞ്ഞ നാലുദശകങ്ങളിലെ ഏറ്റവും വലിയ വരള്‍ച്ചയുണ്ടാക്കുകയും ചെയ്തു. ചൈനയിലാണെങ്കില്‍ മഞ്ഞനദിക്കു തെക്കുള്ള പ്രദേശങ്ങളില്‍ മഴയുടെ അളവ് കൂടുകയും അത് കൃഷിനാശത്തിന് ഇടയാക്കുകയും ചെയ്യും. തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും കൊടുങ്കാറ്റിന്റെയും വെള്ളപ്പൊക്കത്തിന്റെയും വരള്‍ച്ചയുടെയുമൊക്കെ രൂപത്തില്‍ എല്‍നിനോയുടെ കെടുതികള്‍ താണ്ഡവമാടും. അമേരിക്കയുടെ പടിഞ്ഞാറുഭാഗങ്ങളില്‍ കൊടുങ്കാറ്റുകളും വെള്ളപ്പൊക്കവുമാകും നാശംവിതയ്ക്കുക. ലാറ്റിനമേരിക്കയും എല്‍നിനോയുടെ കെടുതികളില്‍ വലയും. പെറുവിലും ബ്രസീലിലും കനത്ത മഴ ലഭിക്കും. ഇപ്പോള്‍ വരള്‍ച്ചയാല്‍ വലയുന്ന കലിഫോര്‍ണിയയില്‍ നല്ല മഴ ലഭിക്കും. സമുദ്രജലവിതാനം ഗണ്യമായതോതില്‍ ഉയരുകയും ചെയ്യും.
1997-98ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ ഉണ്ടായതിനു സമാനമായ വെള്ളപ്പൊക്കവും അവിടെയുണ്ടാവും. ഭൗമതാപനില ഉയരുമ്പോള്‍ ഉണ്ടാവുന്ന മഞ്ഞുരുകല്‍ നദികള്‍ കരകവിഞ്ഞൊഴുകാനും ഇടയാക്കും. യൂറോപ്പിന്റെ വടക്കന്‍ ഭാഗങ്ങളില്‍ തണുത്തതും വരണ്ടതുമായ ശൈത്യകാലമാകും വരുന്നത്. ഇന്‍ഡോനേഷ്യയിലും മലേഷ്യയിലും തായ്ലന്‍ഡിലും ഫിലിപ്പീന്‍സിലുമൊക്കെ മഴ കുറയും.
ലോകത്തിന്റെ പല ഭാഗത്തും വാണിജ്യവാതകങ്ങളുടെയും സമുദ്രജലപ്രവാഹങ്ങളുടെയുമൊക്കെ ഗതിയെ എല്‍നിനോ ബാധിക്കും. മത്സ്യങ്ങള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാവും. ജൈവവൈവിധ്യവും ഭീഷണിയുടെ നിഴലിലാവും. പസഫിക്കില്‍ ഹറികെയ്നുകള്‍ എന്നറിയപ്പെടുന്ന ചുഴലിക്കൊടുങ്കാറ്റ് ശക്തിപ്രാപിക്കും. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് അറ്റ്ലാന്റിക്കില്‍ ഹറികെയ്നുകളുടെ എണ്ണം കുറയാനാണു സാധ്യത. ആഗോള കാലാവസ്ഥാവ്യതിയാനങ്ങളും കുതിച്ചുയരുന്ന താപനിലയും പ്രകൃതിദുരന്തങ്ങളുമൊക്കെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനും കാരണമാവും. ഇങ്ങനെ പ്രവചിക്കാന്‍കഴിയുന്നതും പ്രവചനാതീതവുമായ അതീവ ഗുരുതരമായ കെടുതികളാണ് എല്‍നിനോ വിതയ്ക്കാന്‍പോവുന്നത്. കൃത്യമായ മുന്നറിയിപ്പു സംവിധാനങ്ങളും അതിനനുസരിച്ചുള്ള മുന്നൊരുക്കങ്ങളും യാഥാര്‍ഥ്യമായില്ലെങ്കില്‍ നാശത്തിന്റെ വ്യാപ്തി കൂടുമെന്ന് കഴിഞ്ഞ വിനാശകാരിയായ എല്‍നിനോ അനുഭവങ്ങള്‍ തെളിയിക്കുന്നു.
ലാനിനയുമുണ്ട്
എല്‍നിനോയ്ക്കു നേരെ വിപരീതമായ ഒരു പ്രതിഭാസമുണ്ട്. അതാണ് ലാനിന. സ്പാനിഷ് ഭാഷയില്‍ ഇതിന് ചെറിയ പെണ്‍കുട്ടി എന്നാണര്‍ഥം. പസഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം തണുപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണിത്. എല്‍നിനോ പെരുമഴ പെയ്യിച്ച പ്രദേശങ്ങളില്‍ ലാനിന വരള്‍ച്ചയുണ്ടാക്കും. എല്‍നിനോ കാരണം വരള്‍ച്ചയുണ്ടായ സ്ഥലങ്ങളിലാവട്ടെ ലാനിന പേമാരിയും മഞ്ഞുവീഴ്ചയും ഉണ്ടാക്കും. ചെറിയ പെണ്‍കുട്ടിയെന്നാണ് അര്‍ഥമെങ്കിലും അത്ര ചെറുതൊന്നുമല്ല ലാനിന ആഗോള കാലാവസ്ഥയില്‍ സൃഷ്ടിക്കുന്ന വ്യതിയാനങ്ങള്‍. എല്‍നിനോ പിന്‍വാങ്ങുമ്പോഴാണ് ചില വര്‍ഷങ്ങളില്‍ ലാനിന പ്രത്യക്ഷപ്പെടാറുള്ളത്. ആഗോളതാപനം ഭൂമിയെ ചുട്ടുപൊള്ളിക്കുമ്പോള്‍ സമുദ്രവും അന്തരീക്ഷവും തമ്മിലുള്ള ഊര്‍ജവിനിമയത്തില്‍ ഉണ്ടാവുന്ന അസന്തുലിതാവസ്ഥയും അതു ക്രമീകരിക്കാനുള്ള ഭൂമിയുടെ ശ്രമങ്ങളുമാവാം എല്‍നിനോ, ലാനിനാ പോലുള്ള പ്രതിഭാസങ്ങള്‍ക്കു കാരണമാവുന്നതെന്നു കരുതപ്പെടുന്നു.
[ ദേശാഭിമാനി കിളിവാതില്‍ എല്‍നിനോ സീമ ശ്രീലയം ]