പൊന്നും വില കൊടുത്ത് 'വാട്ട്സ്ആപ്പിനെ' സ്വന്തമാക്കിയതിനു പിന്നാലെ ഫെയ്സ്ബുക്ക് മറ്റൊരു ഏറ്റെടുക്കല്‍ കൂടി നടത്തി; മൂവ്സ് ( Moves ) എന്ന ആക്ടിവിറ്റി ട്രാക്കിങ് മൊബൈല്‍ ആപ്ലിക്കേഷനെ. തീര്‍ത്തും അപ്രതീക്ഷിതമായി.
സോഷ്യല്‍ മെസേജിങ് രംഗത്ത് കൊടികുത്തിവാഴുന്നത് വാട്‌സ് ആപ്പാണെങ്കില്‍ , വെറും അഞ്ചില്‍ താഴെ മാത്രം ജോലിക്കാെരവെച്ച് ഓടുന്ന മൂവ്സ് വന്‍ ഹിറ്റൊന്നുമല്ല. എത്ര വിലയ്ക്കാണ് വാങ്ങിയതെന്ന് ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയിട്ടില്ല. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വാങ്ങിക്കൂട്ടി ഫെയ്സ്ബുക്ക് ഈ രംഗത്ത് പുതിയ പാതവെട്ടിത്തുറക്കുകയാണോ എന്നിങ്ങനെ ആപ്പ് രംഗത്ത് മുന്‍നിര ഇന്റര്‍നെറ്റ് കമ്പനികള്‍ നടത്തുന്ന ഏറ്റെടുക്കലുകളുടെ കണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കുന്നതിനിടെ പലരും വിട്ടുപോകുന്ന ഒരു ഭാഗമുണ്ട്, അവരുടെ ദീര്‍ഘദൃഷ്ടിയെക്കുറിച്ച്. ഈ ഏറ്റെടുക്കലിലും ആ ദീര്‍ഘദൃഷ്ടി കണ്ടില്ലെന്നു നടിക്കാനാകില്ല. അതു മനസ്സിലാകണമെങ്കില്‍ മൂവ്സ് എന്താണെന്നറിയണം.
ഓരോ മനുഷ്യന്റെയും ചലനങ്ങള്‍ മനസ്സിലാക്കി, അയാളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആരോഗ്യപരമാണോ എന്നു മനസ്സിലാക്കി നിര്‍ദേശങ്ങള്‍ നല്‍കുന്ന റിസ്റ്റ് വാച്ചും മറ്റും മാര്‍ക്കറ്റില്‍ ഇടം നേടിയിട്ടുണ്ട്. ഈ പാതയിലൂടെയാണ് ആപ്പിളിന്റെ ഐഫോണില്‍ കഴിഞ്ഞ വര്‍ഷം മൂവ്സ് എന്ന ആപ്പ് എത്തിയത്. കണ്ടാല്‍ വളരെ സിംപിള്‍. ജി.പി.എസും ഇന്റര്‍നെറ്റും ഓണ്‍ ആണെങ്കില്‍ നമ്മുടെ നടത്തവും യാത്രയും അനങ്ങാതെയുള്ള ഇരിപ്പും വരെ മനസ്സിലാക്കി അവ അപഗ്രഥിച്ച് അവതരിപ്പിക്കുകയാണ് മൂവ്സിന്റെ ജോലി.
ഓരോ സമയത്തും നമ്മുടെ ശരീരത്തില്‍ എത്ര കലോറി കത്തിയെന്നുപോലും പുള്ളി പറഞ്ഞുകളയും. എത്ര ചുവട് നടന്നു, എത്രദൂരം സൈക്കിളോടിച്ചു എന്നൊക്കെ നല്ല നിറമുള്ള കുമിളകളില്‍ സ്‌ക്രീനില്‍ എഴുതിക്കാണിക്കും. ഫോണില്‍ പിന്നണിയിലിരുന്ന് നമ്മുടെ ഓരോ ദിവസത്തെ പ്രവൃത്തികളും കൃത്യമായി അത് രേഖപ്പെടുത്തിയിട്ടുണ്ടാകും. ആരോഗ്യം നന്നായി നോക്കുന്ന ആര്‍ക്കും താത്പര്യമുള്ള ആപ്പ്
കിടക്കുന്നത് ഫോണിലാണെങ്കിലും ഉപയോഗിച്ചവരുടെയൊക്കെ മനസ്സില്‍ അത് കയറിപ്പറ്റിയെന്ന് ഈ ചുരുങ്ങിയ കാലഘട്ടത്തിനിടെ കിട്ടിയ നാല്‍പ്പതുലക്ഷം ഡൗണ്‍ലോഡുകളില്‍നിന്ന് വ്യക്തം. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ലഭ്യമായ മൂവ്സിന്റെ ഉടയോന്‍ ഹെല്‍സിങ്കി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ പ്രോട്ടോജിയോ ആണ്. അവര്‍ തന്നെയാണ് മൂവ്സ് ഫെയ്സ്ബുക്കിന്റെ ഭാഗമായ കാര്യം ആദ്യം എഴുതി ബ്ലോഗിലിട്ടതും. മൂവ്സ് സ്വതന്ത്ര ആപ്പ് ആയി തുടരുമെന്നും അവര്‍ വ്യക്തമാക്കി. വാട്ട്സ്ആപ്പ് പറഞ്ഞപോലെ തന്നെ.
ഇനി നമുക്ക് അല്പം ദോഷൈകദൃക്കാകാം. എന്തുകണ്ടിട്ടാണ് മൂവ്സില്‍ ഫെയ്സ്ബുക്കിന്റെ കണ്ണ് ഉടക്കിയതെന്ന് ചോദിച്ചാല്‍ ഒന്നു നന്നായി ആലോചിച്ചാല്‍ കാര്യം പിടികിട്ടും. കാരണം, ഓരോ വ്യക്തിയെയും അവര്‍ അറിഞ്ഞോ അറിയാതെയോ പിന്തുടരുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് മൂവ്സ്. ഓരോ നീക്കവും അവര്‍ രേഖപ്പെടുത്തിവെക്കുന്നുമുണ്ട്. ഓരോ ദിവസവും നമ്മള്‍ എവിടെയൊക്കെ പോകുന്നു ഏതുവഴി പോകുന്നു എന്നൊക്കെ സാറ്റലൈറ്റ് മാപ്പിന്റെ സഹായത്തോടെ അതു രേഖപ്പെടുത്തിത്തരുന്നു. ഇവയെല്ലാം സൂക്ഷിക്കപ്പെടുന്നു. അവിടെയാണ് നേരത്തേ പറഞ്ഞ ദീര്‍ഘദൃഷ്ടി.
ഫെയ്സ്ബുക്കെന്നാല്‍ ലോകത്തിലെ പല തരത്തില്‍പ്പെട്ട വ്യക്തികളുടെ വിവരശേഖരമാണ്. മൊത്തം കണക്കെടുത്താല്‍ ഇന്ത്യയെപോലൊരു രാജ്യത്തെ ജനസംഖ്യയേക്കാള്‍ വരും ഫെയ്സ്ബുക്ക് അംഗങ്ങളുടെ ശക്തി. ഓരോ വ്യക്തിയേയും ഫെയ്സ്ബുക്ക് ഏതൊക്കെ തരത്തില്‍ മനസ്സിലാക്കുന്നുണ്ടെന്ന് അതിന്റെ വലതുഭാഗത്ത് പ്രത്യക്ഷപ്പെടുന്ന പരസ്യം നോക്കിയാല്‍ മനസ്സിലാകും. അത്തരമൊരു കേന്ദ്രത്തിലേക്കാണ് മൂവ്സ് കൂടിയെത്തുന്നത്.
മൂവ്സ് ഉപയോക്താക്കളെ വേണമെങ്കില്‍ ഫെയ്സ്ബുക്കിന് 'പിന്തുടരാമെ'ന്ന് വ്യംഗ്യം. വാട്ട്സ്ആപ്പ് ഒരേസമയം സ്വകാര്യവും സാമൂഹികവുമായ മെസഞ്ചറാണ്. ടെക്സ്റ്റിനു പുറമേ വീഡിയോയും സംഭാഷണവും ചിത്രങ്ങളുമൊക്കെ കൈമാറാം. ഫെയ്സ്ബുക്ക് നേരത്തേ പറഞ്ഞതുപോലെ വ്യക്തിവിവരങ്ങളുടെ മഹാസമുദ്രം. ഇനി ഇവയെല്ലാം ചേര്‍ത്ത് ഒരു അക്കൗണ്ടിനുകീഴില്‍ കൊണ്ടുവരികയേ വേണ്ടൂ. ഓരോരുത്തരുടേയും മനസ്സറിഞ്ഞുള്ള പുത്തന്‍ മാര്‍ക്കറ്റിങ് രംഗത്ത് ശോഭിക്കാന്‍ ഫെയ്സ്ബുക്ക് സുസജ്ജം.
Facebook
Twitter
Google+
Rss Feed
