വൈ-ഫൈയുടെ ഭാവി ഇന്ത്യയില്‍

Yureekkaa Journal
ഇന്ത്യയില്‍ എവിടെയിരുന്നാലും ഓണ്‍ലൈന്‍വഴി ഏതാവശ്യവും എപ്പോള്‍ വേണമെങ്കിലും നടത്താവുന്ന പൊതു വൈ-ഫൈ സംവിധാനം അടുത്തിടെ യാഥാര്‍ഥ്യമാകുന്നു. യാത്രകള്‍ക്കിടെ, വൈ-ഫൈ സൗകര്യമുള്ള ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലെറ്റ് എന്നിവയിലേതെങ്കിലും കൈയിലുണ്ടെങ്കില്‍ ഒരവസരത്തിലും തനിച്ചാണെന്ന തോന്നല്‍ ഉണ്ടാകില്ല. വിമാനത്തിനു കാത്തുനില്‍ക്കേണ്ടിവരുന്ന അവസരങ്ങളില്‍ സ്പ്രെഡ്ഷീറ്റില്‍ സ്വന്തം ജോലികളില്‍ തുടരാം.
കോഫി ഷോപ്പിലിരുന്ന് മെയിലുകള്‍ പരിശോധിക്കാം. ഹോട്ടല്‍മുറിയില്‍ വിശ്രമിക്കുന്നതിനിടെ പാട്ടുകളും സിനിമകളും ഡൗണ്‍ലോഡ്ചെയ്ത് ആസ്വദിക്കാം. ഇതിനൊന്നും ഇനി വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷന്‍ വേണ്ട. കാരണം, പൊതുസ്ഥലങ്ങളില്‍ ഇനി വൈ-ഫൈ സംവിധാനം ലഭഭ്യമായിത്തുടങ്ങുകയാണ്. ഇന്ത്യയില്‍ 16.50 കോടിയിലധികം ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗംപേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മൊബൈലിലൂടെയാണ്. സ്മാര്‍ട്ട് ഫോണ്‍ വിപണി 2012ലെ 16.2 ദശലക്ഷത്തില്‍നിന്ന് 44 ദശലക്ഷമായി വളര്‍ന്നുകഴിഞ്ഞു. അതായത് 171 ശതമാനം വളര്‍ച്ച. ഇന്ത്യയില്‍ കൂടുതല്‍ പേര്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ഇത് ബാന്‍ഡ്വിഡ്ത്തിനും നെറ്റ്കണക്ഷനുകള്‍ക്കുമുള്ള ആവശ്യങ്ങള്‍ വര്‍ധിപ്പിച്ചു. ഇതാണ് ഇന്ത്യയില്‍ വൈ-ഫൈ സേവനം വ്യാപിപ്പിക്കുന്നതിന് വഴിത്തിരിവായത്. സൗജന്യ സ്പെക്ട്രവും കുറഞ്ഞ നിരക്കുകളും കൂടുതല്‍ വേഗവും ലഭ്യമായതോടെ പൊതു വൈ-ഫൈ സേവനത്തിന് പ്രസക്തിയേറി. ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ ഇന്നത്തെ ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ ഇതിനു കഴിയുന്നു. 2ജി, 3ജി, 4ജി ഡാറ്റാ സേവനങ്ങള്‍ക്ക് പെര്‍മിറ്റ് വേണമെന്നിരിക്കെയാണ് വൈ-ഫൈ സൗജന്യമായി ലഭ്യമാകുന്നത്. ഒരു പ്രത്യേക ഭൂപരിധിക്കുള്ളില്‍ ബദല്‍ സംവിധാനമായി ഇന്റര്‍നെറ്റിന് ഇത് ഉപയോഗിക്കാം. മൊബൈല്‍ഫോണുകളിലൂടെയുള്ള ഡാറ്റാ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചതായി ടാറ്റാ ടെലിസര്‍വീസസ് ലിമിറ്റഡിന്റെ വൈ-ഫൈ ബിസിനസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അവിനാഷ് ഗബ്രിയേല്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലെ ലോഗിനുകള്‍ ഒരുലക്ഷം ആയിരുന്നെങ്കില്‍ 2014 ജനുവരിയില്‍ ഇത് 4.4 ലക്ഷമായി വളര്‍ന്നെന്നും ഓരോരുത്തരും ശരാശരി 40 മിനിറ്റ് സമയം ചെലവഴിക്കുന്നതായും അവിനാഷ് പറഞ്ഞു. ടെലികോം കമ്പനികള്‍ക്ക് 3ജി, 4ജി നെറ്റ്വര്‍ക്കുകളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ ഉപയോഗിക്കാവുന്നതിനാല്‍ ഇത് കൂടുതല്‍ സൗകര്യപ്രദമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ രാജ്യാന്തര ഗ്രൂപ്പുകളെല്ലാം ഇതിനകം വൈ-ഫൈ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മുംബൈ, ഡല്‍ഹി, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലും ടാറ്റാ ഡോകോമോയുടെ ഈ പൊതു വൈ-ഫൈ സംവിധാനം ലഭ്യമാണ്.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top