ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ സുരക്ഷാപിഴവ്

Yureekkaa Journal
ഇന്‍ര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ബ്രൗസറിന്റെ ആറു മുതല്‍ 11 വരെയുള്ള വേര്‍ഷനുകളിലാണ് സുരക്ഷാപിഴവ്

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ബ്രൗസറിലെ സുരക്ഷാപിഴവ് മുതലെടുത്ത്, പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ സൈബര്‍ ഭേദകര്‍ ആക്രമിച്ചേക്കാമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്.

കമ്പനിയുടെ സ്വന്തം ബ്രൗസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററി ( IE ) ന്റെ ആറ് മുതല്‍ 11 വരെയുള്ള വേര്‍ഷനുകളിലാണ് പിഴവ് കണ്ടെത്തിയത്.
സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ 'ഫയര്‍ഐ' ( FireEye ) ആണ്, IE യിലെ 'സീറോ ഡേ' പിഴവ് ( 'Zero Day' vulnerability ) ആദ്യം തിരിച്ചറിഞ്ഞത്. ആ പിഴവ് മുതലെടുത്തുകൊണ്ട്, 'ഓപ്പറേഷന്‍ ക്ലാഡസ്റ്റൈന്‍ ഫോക്‌സ്' എന്ന പേരിലൊരു ക്യാമ്പയ്ന്‍ തന്നെ ഹാക്കര്‍മാര്‍ ആരംഭിച്ചിട്ടുണ്ടത്രേ.
സുരക്ഷാപ്രശ്‌നമുള്ള IE വേര്‍ഷനുകളെല്ലാംകൂടി ആഗോള ബ്രൗസര്‍ വിപണിയില്‍ 50 ശതമാനത്തിലേറെ വരുമെന്ന് 'നെറ്റ്മാര്‍ക്കറ്റ് ഷെയര്‍ ' പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു.
ബ്രൗസറിലെ പിഴവിനെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും, അനുയോജ്യമായ നടപടി ഉടന്‍ കൈക്കൊള്ളുമെന്നും മൈക്രോസോഫ്റ്റ് ടെക്‌സെന്ററിന്റെ ബ്ലോഗ് പറഞ്ഞു. ഇതുവരെ ഈ പിഴവ് ചൂഷണംചെയ്ത് പരിമിതമായ ആക്രമണങ്ങളേ നടന്നിട്ടുള്ളൂ എന്നും കമ്പനി അറിയിച്ചു.
IE യിലെ പിഴവ് മുതലെടുക്കാന്‍ കഴിയുന്ന ഹാക്കര്‍ക്ക്, നിങ്ങളുടെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാനും, അതിലെ ഡേറ്റ കാണാനും, മാറ്റംവരുത്താനും, ഡിലീറ്റ് ചെയ്യാനും സാധിക്കും. ഓര്‍ക്കുക - പരിചയമില്ലാത്ത സ്രോതസ്സുകളില്‍ നിന്നുള്ള ഈമെയില്‍ അറ്റാച്ച്‌മെന്റുകളും ഇന്‍സ്റ്റന്റ് മെസേജ് ലിങ്കുകളും ക്ലിക്ക് ചെയ്യുന്നത് സൂക്ഷിച്ചുവേണം.

വിന്‍ഡോസ് എക്‌സ്പി ഉപയോഗിക്കുന്നവരുടെ കാര്യത്തിലാകും ബ്രൗസറിലെ സുരക്ഷാപിഴവ് കൂടുതല്‍ കുഴപ്പമുണ്ടാക്കുക. കാരണം, കഴിഞ്ഞ ഏപ്രില്‍ 8 മുതല്‍ വിന്‍ഡോസ് എക്‌സ്പിക്കുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരുന്നു. സുരക്ഷാ അപ്‌ഡേറ്റുകളും കിട്ടില്ല.

ജനപ്രിയ OpenSSL ക്രിപ്‌റ്റോഗ്രാഫിക് സോഫ്റ്റ്‌വേര്‍ കോഡിന്റെ ഒരു വേര്‍ഷനില്‍ രണ്ടുവര്‍ഷമായി നിലനില്‍ക്കുന്ന 'ഹാര്‍ട്ട്ബ്ലീഡ്' സുരക്ഷാപഴുത് അടുത്തയിടെയാണ് ലോകമെങ്ങും ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ ആശങ്ക പടര്‍ത്തിയത്. അതിന് പിന്നാലെയാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പുതിയ പ്രശ്‌നം വെളിപ്പെട്ടിരിക്കുന്നത്.

You might also like:

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top