ഇന്റര്‍നെറ്റോ സെല്ലുലാര്‍ കണക്ഷനോ ഇല്ലാത്തപ്പോള്‍ പോലും ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന മൊബൈല്‍ മെസേജിങ് ആപ്ലിക്കേഷന്‍ രംഗത്തെത്തി. 'ഫയര്‍ചാറ്റ്' ( FireChat ) എന്ന ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ, സമീപത്തുള്ള സുഹൃത്തുക്കളുമായി മൊബൈല്‍ ഫോണില്‍ കണക്ഷനില്ലാത്തപ്പോള്‍ പോലും ആശയവിനിമയം നടത്താന്‍ കഴിയും.
ഫയര്‍ചാറ്റിന്റെ ഐഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത് രണ്ടാഴ്ച മുമ്പാണ്. ഇതിനകം 10 ലക്ഷം ഐഒഎസ് ഉപകരണങ്ങളില്‍ ഫയര്‍ചാറ്റ് ഇന്‍സ്റ്റോള്‍ ചെയ്തുകഴിഞ്ഞു. കഴിഞ്ഞ ദിവസം ആന്‍ഡ്രോയ്ഡ് ആപ്പും രംഗത്തെത്തി.
'വയര്‍ലെസ്സ് മെഷ് നെറ്റ്‌വര്‍ക്കിങ്' ( wireless mesh networking ) സങ്കേതമുപയോഗിച്ചാണ് ഫയര്‍ചാറ്റ് പ്രവര്‍ത്തിക്കുന്നത്. ബില്‍റ്റിന്‍ റേഡിയോ ഉള്ള ആയിരക്കണക്കിന് ഉപകരണങ്ങള്‍ക്ക്, ഭാവയില്‍ കണക്ടിവിറ്റിയില്ലാതെ പരസ്പരം ബന്ധപ്പെടാന്‍ വഴിയൊരുക്കിയേക്കാവുന്ന സാങ്കേതികവിദ്യയാണിത്.
വൈഫൈ സംവിധാനങ്ങളോ സെല്ലുലാര്‍ സിഗ്നലുകളോ ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലും, ഭൂകമ്പം, പ്രളയം പോലുള്ളവ ദുരിതം വിതക്കുന്നിടത്തും ഈ സാങ്കേതികവിദ്യ വലിയ അനുഗ്രഹമാകും.
മാത്രമല്ല, ഔപചാരിക നെറ്റ്‌വര്‍ക്കില്‍ കൂടിയല്ല ആശയവിനിമയം നടക്കുന്നത് എന്നതിനാല്‍ സന്ദേശങ്ങള്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും. ആശയപ്രകാശന സ്വാതന്ത്രത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഭരണകൂടങ്ങള്‍ക്ക് ഇത് തലവേദന സൃഷ്ടിക്കാം.
'ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളുണ്ടാക്കുന്ന നെറ്റ്‌വര്‍ക്കുകള്‍ സൃഷ്ടിക്കാനാണ് ഞങ്ങളുടെ ശ്രമം'- ഫയര്‍ചാറ്റ് ആപ്പിന് രൂപംനല്‍കിയ ഓപ്പണ്‍ ഗാര്‍ഡന്റെ മേധാവി മൈക്ക ബെനോലിയല്‍ പറഞ്ഞു. അമേരിക്കയില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പ്രവര്‍ത്തിക്കുന്ന 10 ജീവനക്കാരുള്ള കമ്പനിയാണ് ഓപ്പണ്‍ ഗാര്‍ഡന്‍ .
നിലവില്‍ ഫയര്‍ചാറ്റിന്റെ ദൂരപരിധി വളരെ കുറവാണ്. സെല്ലുലാര്‍ , വൈഫൈ കണക്ഷനില്ലാത്തിടത്ത് ഐഫോണ്‍ ആപ്പ് യൂസര്‍മാര്‍ക്ക് 30 മുതല്‍ നൂറടി വരെ മാത്രമേ സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കൂ. വൈകാതെ ഐഫോണ്‍ ആപ്പ് അപ്‌ഗ്രേഡ് ചെയ്യാനും ദൂരപരിധി വര്‍ധിപ്പിക്കാനും ഓപ്പണ്‍ ഗാര്‍ഡന്‍ ഉദ്ദേശിക്കുന്നു.