ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ ഗ്രഹവേട്ടയിലൂടെ, പുതിയ 715 ഗ്രഹങ്ങളെക്കൂടി സൗരയൂഥത്തിന് വെളിയില്‍ തിരിച്ചറിഞ്ഞതായി നാസ പ്രഖ്യാപിച്ചു. 'കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പി'ന്റെ രീക്ഷണവിവരങ്ങളുപയോഗിച്ചാണ് ഇത്രയും അന്യഗ്രഹങ്ങളെ ഗവേഷകര്‍ കണ്ടെത്തിയത്.
305 നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്നവയാണ് ഈ 715 ഗ്രഹങ്ങള്‍ . 2009 ല്‍ വിക്ഷേപിച്ച കെപ്ലര്‍ ടെലിസ്‌കോപ്പ് ആദ്യ രണ്ടുവര്‍ഷം നടത്തിയ ആകാശനിരീക്ഷണ വിവരങ്ങളില്‍നിന്നാണ് ഇത്രയും ഗ്രഹങ്ങളെ ഗവേഷകര്‍ തിരിച്ചറിഞ്ഞത്.
വിദൂരനക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്ന ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ തേടിയാണ് 2009 ല്‍ കെപ്ലര്‍ ടെലിസ്‌കോപ്പ് വിക്ഷേപിച്ചത്. മാതൃനക്ഷത്രത്തിന് മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോള്‍ (സംതരണം ചെയ്യുമ്പോള്‍ ) നക്ഷത്രവെളിച്ചത്തിലുണ്ടാകുന്ന മങ്ങല്‍ കണക്കാക്കി ഗ്രഹസാന്നിധ്യം അറിയാനുള്ള സങ്കേതമാണ് കെപ്ലര്‍ പ്രയോഗിച്ചത്.
കഴിഞ്ഞവര്‍ഷം തകരാറിലായ കെപ്ലറിന്റെ നിരീക്ഷണ ഡേറ്റയില്‍നിന്ന് ഇനിയും പുതിയ ഗ്രഹങ്ങളെ തിരിച്ചറിയാനാകുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
ഇതിനുമുമ്പ് സൗരയൂഥത്തിന് വെളിയില്‍ 246 ഗ്രഹങ്ങളെ കെപ്ലാറിന്റെ നിരീക്ഷണം വഴി തിരിച്ചറിഞ്ഞിരുന്നു. പുതിയ കണ്ടെത്തലോടെ കെപ്ലര്‍ വഴി തിരിച്ചറിഞ്ഞ അന്യഗ്രഹങ്ങളുടെ ( Exoplanets ) ആകെയെണ്ണം 961 ആയി.
1992 ലാണ് സൗരയൂഥത്തിന് വെളിയില്‍ ഗവേഷകര്‍ ആദ്യമായി ഒരു ഗ്രഹം തിരിച്ചറിഞ്ഞത്. ഇതുവരെ ആകെ 1800 ഓളം അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ പകുതിയിലേറെയും കെപ്ലറിന്റെ സംഭാവനയും.
പുതിയതായി തിരിച്ചറിഞ്ഞ 715 ഗ്രഹങ്ങളില്‍ 95 ശതമാനവും നെപ്ട്യൂണിനെക്കാള്‍ വലിപ്പം കുറഞ്ഞവയാണെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമിയെക്കാള്‍ നാലുമടങ്ങ് വലിപ്പമുള്ളവയാണ് ഏറെയും.
അവയില്‍ നാലെണ്ണം ഭൂമിയെ അപേക്ഷിച്ച് രണ്ടര മടങ്ങ് മാത്രം വലിപ്പമുള്ളവയാണ്. മാത്രമല്ല, മാതൃനക്ഷത്രത്തിനടുത്ത് വെള്ളം ദ്രാവകരൂപത്തില്‍ കാണപ്പെടാന്‍ സാധ്യതയുള്ള 'ആവാസമേഖലയിലാ'ണ് ആ നാലുഗ്രഹങ്ങളും സ്ഥിതിചെയ്യുന്നതെന്നും നാസയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു.
ഈ പഠനത്തിന്റെ ഒന്നാമത്തെ പ്രത്യേകത, ഇത്രയും പുതിയ ഗ്രഹങ്ങളെ തിരിച്ചറിഞ്ഞ കാര്യം ഇതിനുമുമ്പ് ഒരിക്കലും ഒറ്റയടിക്ക് പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് - നാസയിലെ ഗവേഷകന്‍ ഡഗ്ലാസ് ഹ്യൂഡ്ഗിന്‍സ് അറിയിച്ചു.
രണ്ടാമത്തെ പ്രത്യേകത, നമ്മുടെ സൗരയൂഥംപോലെ മാതൃനക്ഷത്രത്തെ ഒന്നിലധികം ഗ്രഹങ്ങള്‍ പരിക്രമണം ചെയ്യുന്ന ഗ്രഹസംവിധാനങ്ങള്‍ ആകാശഗംഗയില്‍ സുലഭമാണ് എന്നകാര്യം ഇത് വ്യക്തമാക്കുന്നു.
മൂന്നാമത്തെ സവിശേഷത, നെപ്ട്യൂണിനും ഭൂമിക്കും മധ്യേ വലിപ്പമുള്ള ചെറിയ ഗ്രഹങ്ങളാണ് പുതിയതായി തിരിച്ചറിഞ്ഞവയില്‍ ബഹുഭൂരിപക്ഷവും എന്നതാണ്.
നൂറുകണക്കിന് പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന നക്ഷത്രത്തിന് മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോള്‍ നക്ഷത്രത്തിളക്കത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അതിനാല്‍ , കെപ്ലാര്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ വിശകലനം ചെയ്ത് ഗ്രഹങ്ങളെ തിരിച്ചറിയുക വളരെ സങ്കീര്‍ണമായ പ്രവര്‍ത്തനമാണ്.
'വെരിഫിക്കേഷന്‍ ബൈ മള്‍ട്ടിപ്ലിസിറ്റി' ( verification by multiplictiy ) എന്നൊരു സമീപനമാണ് ഇത്തവണ ഗവേഷകര്‍ അവലംബിച്ചത്. പുതിയൊരു സ്റ്റാറ്റിസ്റ്റിക്കല്‍ സങ്കേതമാണത്.