ഫേസ്ബുക്കിന്റെ ലക്ഷം കോടി തീരുമാനം മണ്ടത്തരമോ?

Yureekkaa Journal

wats-up_FBഒരു ലക്ഷം കോടി(190 കോടി ഡോളര്‍) രൂപ മുടക്കി ഫേസ്ബുക്ക് വാട്‌സ് അപ്പിനെ സ്വന്തമാക്കിയെന്നത് ടെക് ലോകത്തിനു തന്നെ അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു. ഫേസ്ബുക്കിന്റെ നീക്കം ബുദ്ധിപൂര്‍വ്വമാണെന്നും ഫേസ്ബുക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് നടത്തിയതെന്നും അഭിപ്രായമുള്ളവരുണ്ട്.
എന്തായാലും ടെക് ലോകം കണ്ട ഏറ്റവും വലിയ വാങ്ങലിനാണ് വാട്‌സ് അപ്പിനെ നേടിയതിലൂടെ ഫേസ്ബുക്ക് പങ്കാളിയായിരിക്കുന്നത്.
കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലാണ് ആസ്ഥാനമെങ്കിലും അമേരിക്കയില്‍ കാര്യമായ പ്രചാരം വാട്‌സ് ആപ്പിനില്ല. എന്നാല്‍ ഏഷ്യയിലും യൂറോപ്പിലും ഫേസ്ബുക്കിനെ കവച്ചുവെക്കുന്ന പ്രചാരമാണ് വാട്‌സ്അപ്പിനുള്ളത്. വെറും 55 ജീവനക്കാരെ മാത്രം വെച്ചായിരുന്നു ഫേസ് ബുക്ക് ഗോലിയാത്തിനെതിരായ വാട്‌സ് അപ്പിന്റെ വെല്ലുവിളി.
അഞ്ച് വര്‍ഷം മാത്രം പ്രായമായ വാട്‌സ് അപ്പിന് 45 കോടി സജീവ ഉപഭോക്താക്കളാണ് ഉള്ളത്. ഇതില്‍ 32 കോടിയും എല്ലാദിവസവും വാട്‌സ് അപ്പ് ഉപയോഗിക്കുന്നവരാണ്. ലോകത്തെ മറ്റ് എസ്.എം.എസ് മെസേജിംഗ് സേവനങ്ങളില്‍ നടക്കുന്ന സന്ദേശ കൈമാറ്റങ്ങള്‍ക്ക് തുല്യമായ അളവില്‍ വാട്‌സ് അപ്പില്‍ മാത്രം പ്രതിദിനം സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഈ വിവരങ്ങള്‍ ഫേസ്ബുക്ക് മേധാവി സുക്കര്‍ ബര്‍ഗ് തന്നെയാണ് വാട്‌സ് അപ്പിനെ വാങ്ങിയെന്ന വാര്‍ത്തക്ക് പിന്നാലെ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
mark_zukerആപ്പിളില്‍ തുടങ്ങി ഒരുകാലത്ത് മൊബൈല്‍ ഒഎസിന്റെ പര്യായമായിരുന്ന നോക്കിയ സിംബിയനില്‍ വരെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നതാണ് വാട്‌സ് അപ്പിന്റെപ്രചാരം വര്‍ധിപ്പിച്ചത്. ഇന്റര്‍നെറ്റ് അതിവേഗത്തില്‍ കമ്പ്യൂട്ടറില്‍ നിന്നും മൊബൈലിലേക്ക് പറിച്ചു നടുന്ന ഈ കാലത്ത് ഫേസ് ബുക്കിനേക്കാള്‍ സാധ്യത വാട്‌സ് അപ്പിനായിരുന്നു എന്ന് കരുതിയിരുന്നവരും ചെറുതല്ല.
പരമാവധി ലളിതമായ രീതിയിലുള്ള സന്ദേശ കൈമാറ്റം എന്നതിനപ്പുറം വാട്‌സ് അപ്പ് യാതൊരു സേവനങ്ങളും വാട്‌സ് അപ്പ് ലഭ്യമാക്കിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. പല സന്ദേശ കൈമാറ്റ സൈറ്റുകളും ഗെയിമുകള്‍ക്കും ലൊക്കേഷന്‍ സര്‍വ്വീസുകള്‍ക്കുമെല്ലാം പുറകെ പോയപ്പോള്‍ വാട്‌സ് അപ്പ് അവരുടെ അടിത്തറ അതിവേഗം വിപുലപ്പെടുത്തുകയായിരുന്നു.
ഓഹരി വിപണിയില്‍ ഇറങ്ങിയതുവഴി കഴിഞ്ഞ വര്‍ഷം ഫേസ് ബുക്ക് നേടിയ 160 കോടി ഡോളറിനൊപ്പം 30 കോടി ഡോളര്‍ കൂടി ചേര്‍ത്താണ് വാട്‌സ് അപ്പിനെ സ്വന്തമാക്കിയത്. 12ബില്യണ്‍ ഫേസ്ബുക്ക് ഷെയര്‍ എന്ന നിലയിലും, നാല് ബില്യണ്‍ പണമായും, മൂന്ന് ബില്യണ്‍ മൂല്യമുള്ള ഫേസ്ബുക്ക് ഷെയര്‍ വാട്ട്‌സ് ആപ്പ് സ്ഥാപകര്‍ക്കും ജീവനക്കാര്‍ക്കും എന്ന നിലയിലാണ് 19 ബില്യണ്‍ ഫേസ്ബുക്ക് നല്‍കുക. വാട്‌സ് അപ്പിനെ നോട്ടമിട്ടിരുന്ന ഗൂഗിള്‍ 10 ബില്യണ്‍ ഡോളറായിരുന്നു വാഗ്ദാനം നല്‍കിയിരുന്നതെന്ന ഫോര്‍ച്ച്യൂണ്‍ വാര്‍ത്ത വിശ്വസിച്ചാല്‍ ഇത് ലഭിക്കാവുന്ന ഏറ്റവും വലിയ മോഹവില തന്നെ.
ഫേസ്ബുക്കിന്റെ ഈ തീരുമാനത്തോട് ഓഹരിവിപണി അത്ര സന്തോഷത്തോടെയല്ല പ്രതികരിച്ചത് എന്നതും വസ്തുതയാണ്. വാങ്ങല്‍ വാര്‍ത്ത പുറത്തുവന്നതോടെ ഫേസ്ബുക്കിന്റെ ഓഹരികള്‍ ഇടിഞ്ഞു. അതിനൊപ്പം ഇതുവരെ സംഭവിക്കാത്ത രീതിയില്‍ വാട്‌സ് അപ്പിന്റെ സേവനങ്ങള്‍ തടസപ്പെട്ടതും കല്ലുകടിയായി. ഫേസ്ബുക്ക് വാങ്ങി മൂന്നാംദിവസം മൂന്ന് മണിക്കൂറോളമാണ് വാട്‌സ് അപ്പിന്റെ സേവനങ്ങള്‍ക്ക് തടസപ്പെട്ടത്.
ആശങ്കകളും പ്രതീക്ഷകളും എന്തുതന്നെയായാലും തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ഏറ്റവും ശക്തനായ എതിരാളിയെയാണ് ഈ കച്ചവടത്തിലൂടെ ഫേസ്ബുക്ക് വിഴുങ്ങിയിരിക്കുന്നത് എന്നത് വസ്തുതയാണ്. ഇതോടെ താത്ക്കാലികമായി വിപണിയിലെ മത്സരം ഇല്ലാതാക്കാന്‍ ഫേസ്ബുക്കിനായി. അതുകൊണ്ടുതന്നെ ഒരു മുഴം നീട്ടിയെറിയുകയായിരുന്നു സുക്കര്‍ബര്‍ഗ് ചെയ്തത് എന്നത് വ്യക്തം. എന്നാല്‍ സുക്കര്‍ബര്‍ഗിന്റെ ഏറ് ഫലിക്കുമോ എന്നതിലാണ് സംശയം.
ഫേസ്ബുക്കും വാട്‌സ് അപ്പും ചേര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് പറഞ്ഞത് സാക്ഷാല്‍ സുക്കര്‍ബര്‍ഗ് തന്നെയാണ്. എന്ത് സംഭവിക്കുമെന്നറിയാന്‍ നമുക്കും കാത്തിരിക്കേണ്ടിവരും.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top