പ്രമേഹരോഗികള്‍ക്ക് തുണയാകാന്‍ ഗൂഗിളിന്റെ 'സ്മാര്‍ട്ട് ലെന്‍സ്'

Yureekkaa Journal


ശരീരത്തിലെ ഗ്ലൂക്കോസ് നില എളുപ്പത്തില്‍ മനസിലാക്കാനും അതുവഴി പ്രമേഹരോഗികളെ സഹായിക്കാനുമായി ഗൂഗിളിന്റെ ആവനാഴിയില്‍ ഒരു 'സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ്' ഒരുങ്ങുന്നു.

കണ്ണീരിലെ ഗ്ലൂക്കോസ് നില അളക്കാന്‍ സഹായിക്കുന്ന 'സ്മാര്‍ട്ട് ലെന്‍സ്' പരീക്ഷിച്ചുവരികയാണെന്ന് ഗൂഗിള്‍ അറിയിച്ചു. തള്ളവിരലിന്റെ ആഗ്രത്തിന്റെ അത്രമാത്രം വലിപ്പമുള്ള 'ലെന്‍സാ'ണ് ഗൂഗിള്‍ പരീക്ഷിക്കുന്നത്.



ഗൂഗിളിന്റെ 'ഡ്രൈവറില്ലാ കാര്‍ പദ്ധതി'യും, 'ഗൂഗിള്‍ ഗ്ലാസു'മൊക്കെ പുറത്തുവന്ന രഹസ്യലാബായ 'ഗൂഗിള്‍ എക്‌സി' ( Google[x] ) ലാണ് പുതിയ സ്മാര്‍ട്ട് ലെന്‍സും പിറവിയെടുത്തത്.

തീരെച്ചെറിയ ഒരു വയര്‍ലെസ്സ് ചിപ്പാണ് സ്മാര്‍ട്ട് ലെന്‍സില്‍ ഉപയോഗിച്ചിരിക്കുന്നത്, ചെറിയൊരു ഗ്ലൂക്കോസ് സെന്‍സറുമുണ്ട്. ലെന്‍സും ഗ്ലൂക്കോസ് സെന്‍സറും ലെന്‍സിലെ രണ്ട് പാളികള്‍ക്കിടയിലായി സ്ഥാപിച്ചിരിക്കുന്നു.

ഗ്ലൂക്കോസ് നില പരിധിക്കപ്പുറത്തായാല്‍ അത് തിരിച്ചറിയാനായി ലെന്‍സില്‍ എല്‍ ഇ ഡി ലൈറ്റുകള്‍ സന്നിവേശിപ്പിക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണെന്ന്, ഗൂഗിള്‍ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റ് പറയുന്നു.

ഭൂമുഖത്ത് ഏറ്റവുമധികം വ്യാപിക്കുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹമെന്ന് ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. ലോകത്ത് 19 പേരില്‍ ഒരാള്‍ക്ക് ഈ രോഗമുണ്ട്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ (പഞ്ചസാരയുടെ) നില നിയന്ത്രണത്തില്‍ നിര്‍ത്തണമെങ്കില്‍ രക്തപരിശോധന കൂടിയേ തീരൂ.

വേദനാജനകമായ ഗ്ലൂക്കോസ് ടെസ്റ്റിങിന് അറുതിവരുത്താന്‍ സഹായിക്കുകയാണ്, സ്മാര്‍ട്ട് ലെന്‍സുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗൂഗിള്‍ പറഞ്ഞു. പക്ഷേ, പുതിയ പരിശോധനാമാര്‍ഗം സാങ്കേതിമായി ദൈനംദിന ഉപയോഗത്തില്‍ എത്താന്‍ ഇനിയും ഏറെ മുന്നേറാനുണ്ട്.

രക്തത്തിലെ ഗ്ലൂക്കോസ് നില എളുപ്പത്തില്‍ മനസിലാക്കാന്‍ വര്‍ഷങ്ങളായി പല സാധ്യതകളും ഗവേഷകര്‍ പരിഗണിച്ചുവരുന്നുണ്ട്. ഉച്ഛാസവായു പരിശോധിച്ച് ഗ്ലൂക്കോസ് നില നിര്‍ണിയിക്കാനുള്ള ശ്രമമാണ് അതിലൊന്ന്.

അതില്‍നിന്ന് വ്യത്യസ്തമാണ് ഗൂഗിളിന്റെ സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ്. കണ്ണീരാണ് ഇവിടെ ഉപയോഗിക്കുന്നത്. കണ്ണീര്‍ എപ്പോഴും കിട്ടില്ല എന്നത്, ഈ ശരീരദ്രവമുപയോഗിച്ച് പരിശോധന നടത്തുന്നതിന്റെ പരിമിതിയാണ്. അതെങ്ങനെ തരണംചെയ്യുമെന്ന് ഗൂഗിള്‍ പറഞ്ഞിട്ടില്ല.

മാത്രമല്ല, യു.എസ്.ഫുഡ് ആന്‍ഡ് ഡ്രഗ്ഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ ( FDA ) അനുമതി ലഭിച്ചാലേ പുതിയ സങ്കേതത്തിന്റെ ക്ലിനിക്കല്‍ ടെസ്റ്റ് സാധ്യമാകൂ. പുതിയ ഉത്പന്നം വിപണിയിലെത്തിക്കാനും ഗൂഗിളിന് പങ്കാളികള്‍ കൂടിയേ തീരൂ. ഇത് മുഖ്യധാരയിലെത്തിക്കാന്‍ എഫ് ഡി എ യുമായി സഹകരിക്കുന്നതായി ഗൂഗിള്‍ പറഞ്ഞു.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top