മംഗള്‍യാന്‍ സഞ്ചാരപഥത്തിന്റെ ക്രമീകരണം വിജയം

Yureekkaa Journal


ബാംഗ്ലൂര്‍: ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ മംഗള്‍യാന്റെ സഞ്ചാരപഥത്തിലെ ക്രമീകരണം ഐ.എസ്.ആര്‍.ഒ. വിജയകരമായി നടപ്പാക്കി. ബുധനാഴ്ച വൈകിട്ട് 4.30-ന് പേടകത്തിലെ നാല് ചെറുറോക്കറ്റുകള്‍ 16 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് നിശ്ചിത സഞ്ചാരപഥത്തിലേക്ക് മാറ്റിയത്.
ആകെ 680 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കേണ്ട പേടകം ഭൂമിയില്‍നിന്ന് 460 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു. മാറ്റം വരുത്തിയ സഞ്ചാരപഥത്തിലൂടെ സഞ്ചരിച്ചാണ് പേടകം സപ്തംബര്‍ 24-ന് ചൊവ്വയില്‍ പ്രവേശിക്കുന്നത്. 2013 ഡിസംബര്‍ ഒന്നിനാണ് മംഗള്‍യാനെ ചൊവ്വയിലേക്കുള്ള സഞ്ചാരപഥത്തിലേക്ക് മാറ്റിയത്. ഡിസംബര്‍ മൂന്നിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തിന്റെ പരിധിയായ 9.75 ലക്ഷം കിലോമീറ്റര്‍ ഭേദിച്ച പേടകത്തെ ആദ്യമായാണ് സഞ്ചാരപഥ ക്രമീകരണത്തിന് വിധേയമാക്കിയത്. സൂര്യന്റെ ഗുരുത്വാകര്‍ഷണ വലയത്തിലൂടെ സഞ്ചരിക്കുന്ന പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്ന 2014 സപ്തംബര്‍ 24-നാണ് ഇനി ഏറെ നിര്‍ണായകം.

സഞ്ചാരപഥത്തിന്റെ ക്രമീകരണം വിജയകരമാണെന്നും പേടകത്തിന്റെ കാര്യക്ഷമത മികച്ചതാവുമെന്നും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ മംഗള്‍യാന്‍ ഒരു മണിക്കൂറില്‍ 1,00,800 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്.

ഒമ്പതുമാസം എടുത്താണ് പേടകം ചൊവ്വയെ ചുറ്റാനായി എത്തുക. ദീര്‍ഘവൃത്തത്തിലുള്ളതാണ് ഭ്രമണപഥം. ചൊവ്വയോട് ഏറ്റവും അടുക്കുമ്പോള്‍ ദൂരം 372 കിലോമീറ്ററും ഏറ്റവും അകലുമ്പോള്‍ എണ്‍പതിനായിരം കിലോമീറ്ററുമായിരിക്കും അകലം. ചൊവ്വാദൗത്യത്തിന് 450 കോടി രൂപയാണ് ചെലവ്. 1350 കിലോഗ്രാം ഭാരമുള്ള ബഹിരാകാശപേടകത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനായുള്ള അഞ്ച് ഉപകരണങ്ങള്‍ക്ക് (പേലോഡ്‌സ്) 15 കിലോഗ്രാം ഭാരം വരും. ഹൈഡ്രജന്റെയും അതിന്റ വകഭേദമായ ഡ്യൂറ്റേരിയത്തിന്റെയും അനുപാതം കണ്ടെത്താനാണ് ഇതില്‍ ഒരു ഉപകരണം.

ചൊവ്വയില്‍ വെള്ളത്തിന്റെയും മീഥെയ്ന്‍ വാതകത്തിന്റെയും സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ചൊവ്വാഗ്രഹത്തിന്റെയും അതിന്റെ ഉപഗ്രഹങ്ങളായ ഫോബോസിന്റെയും ഡെയ്‌മോസിന്റെയും വര്‍ണചിത്രങ്ങള്‍ എടുക്കുന്ന ക്യാമറയും പേടകത്തിലുണ്ട്.

You might also like:

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top