പറക്കും തളികകള്‍ സത്യവും മിഥ്യയും

Yureekkaa Journal
എന്താണ് ഈ തളികകള്‍?

അന്യഗ്രഹങ്ങളില്‍ നിന്നുള്ള ജീവികള്‍ പറക്കും തളികയില്‍ ഭൂമിയില്‍വന്ന് മനുഷ്യനെ പലവിധ ആവശ്യങ്ങള്‍ക്കായി തട്ടിക്കൊണ്ടുപോകുമെന്നതാണ് ആധുനിക അന്ധവിശ്വാസങ്ങളിലൊന്ന്.

 ‘എലെയ്ന്‍ അബ്ഡക്ഷന്‍’(alien abduction) എന്നാണിതറിയപ്പെടുന്നത്. മനുഷ്യനെക്കാള്‍ ബുദ്ധിയും ശക്തിയുമുള്ള അന്യഗ്രഹ ജീവികള്‍ വളരെ കാലങ്ങള്‍ക്കു മുമ്പുതന്നെ ഭൂമിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവരുടെ ശാസ്ത്ര പുരോഗതിക്കും മറ്റുമുള്ള പല പരീക്ഷണങ്ങള്‍ക്കും മനുഷ്യനെയും ഭൂമിയിലെ ഇതര വിഭവങ്ങളെയും ഉപയോഗിക്കുമെന്നുമാണ് ഈ വിശ്വാസത്തിന്‍െറ ഉള്ളടക്കം.
ഇതുസംബന്ധമായി പല കഥകളും പ്രചരിക്കുന്നുണ്ട്. പലരും തങ്ങളെ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോയെന്നും ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ചുവെന്നും അവകാശപ്പെടുന്നുമുണ്ട്. ലോകത്തെ 20 ശതമാനം ആളുകളും ഈ കഥകളൊക്കെ വിശ്വസിക്കുന്നുണ്ടത്രെ. ശാസ്ത്രത്തിന്‍െറ പിന്‍ബലമില്ലാത്ത ഈ കഥകളുടെ പിന്നാമ്പുറത്തേക്ക് നമുക്കൊന്ന് കടന്നുചെല്ലാം.
1960കളിലാണ് അമേരിക്കയും സോവിയറ്റ് യൂനിയനുമെല്ലാം ബഹിരാകാശ പര്യവേക്ഷണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കിയത്. അതിന്‍െറ ഫലമായാണ് പില്‍ക്കാലത്ത് മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതും മറ്റും. ഈ ഭൂമിക്കും സൗരയൂഥത്തിനുമപ്പുറം വിശാലമായ മറ്റൊരു ലോകമുണ്ടെന്ന തിരിച്ചറിവാണ് ഈ യാത്രകളിലൂടെ ശാസ്ത്രലോകത്തിനുണ്ടായത്. അപ്പോള്‍ സ്വാഭാവികമായും ചില സംശയങ്ങള്‍ ഉടലെടുത്തു. ആ വിശാല ലോകത്തില്‍ നമ്മെപ്പോലെ മനുഷ്യര്‍ ഉണ്ടായിരിക്കുമോ? ഇനി നമ്മെക്കാള്‍ ബുദ്ധിയും ശക്തിയുമുള്ള മനുഷ്യരാണ് അവരെങ്കില്‍, ആ അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ വന്ന് നമ്മെ ആക്രമിക്കുമോ? ഈ സംശയങ്ങളുടെ/ ഭയത്തിന്‍െറ പിന്‍ബലത്തില്‍ ധാരാളം കഥകള്‍ അക്കാലത്ത് പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. മറ്റുഗ്രഹങ്ങളിലെ മനുഷ്യര്‍ ഭൂമിയിലെത്തി ഇവിടത്തുകാരുമായി സംസാരിച്ചുവെന്നും അവര്‍ നമ്മെ, പല പരീക്ഷണങ്ങള്‍ക്കും വിധേയമാക്കി എന്നൊക്കെയായിരുന്നു ആ കഥകളുടെ ഉള്ളടക്കം. അതിലൊന്നാണ് ബാര്‍നെ-ബെറ്റി സംഭവം. ഒരു കാലത്ത് മനുഷ്യരില്‍ ഭീതിപരത്തിയ ഒന്നായിരുന്നു പറക്കും തളികയും അന്യഗ്രഹങ്ങളുമെല്ലാം. ഇന്നും അതിന് കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോഴും പല പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ‘പറക്കും തളിക’ വാര്‍ത്തകള്‍ കേള്‍ക്കാം. ആധുനിക ശാസ്ത്രത്തിന്‍െറ വെളിച്ചത്തില്‍ അതൊക്കെയും വിശ്വസിക്കുക പ്രയാസം.
സാധാരണക്കാര്‍ മാത്രമല്ല ഈ കഥകളൊക്കെ അക്കാലത്ത് (ഇന്നും) പറഞ്ഞു നടന്നിരുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഐസനോവറുമായി ബന്ധപ്പെടുത്തിയുള്ള കഥകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രചരിച്ചിരുന്നു. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടെ സ്ഥാപകരില്‍ ഒരാളാണ് ഐസനോവര്‍. പ്രസിഡന്‍റ് പദവിയിലിരിക്കെ അദ്ദേഹം മൂന്നു തവണ അന്യഗ്രഹ ജീവികളുമായി സംഭാഷണം നടത്തിയ ‘സംഭവം’ ലോകത്തെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത് . അമേരിക്കന്‍ ഭരണകൂടത്തിന്‍െറ മുന്‍ ഉപദേഷ്ടാവും ഗ്രന്ഥകാരനുമായ തിമോത്തി ഗുഡിനെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. 1954ല്‍ ഫെബ്രുവരി 20ന് (ചില പത്രങ്ങളില്‍ 21) പൊടുന്നനെ അദ്ദേഹം അപ്രത്യക്ഷനാവുകയായിരുന്നത്രെ. കാലിഫോര്‍ണിയയില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടയിലായിരുന്നു ഈ മിസിങ്. അവിടെ എഡ്വേഡ് വ്യോമനിലയത്തില്‍ വെച്ചാണ് ഐസനോവറും സംഘവും ഭൂമിയിലെ അതിഥികളുമായി ആദ്യമായി സംസാരിച്ചത്. അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ജെറാള്‍ഡ് ലൈറ്റ് ഈ സംഭവം ബോര്‍ഡര്‍ലാന്‍ഡ് സയന്‍സ് റിസര്‍ച് സെന്‍ററിനെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐസനോവറുടെ ഈ കഥക്കും വലിയ പ്രചാരം ലഭിച്ചിരുന്നു. എന്നാല്‍, കഥയുടെ വിശ്വാസ്യത പലരും ചോദ്യംചെയ്ത് രംഗത്തുവന്നതോടെ സംഭവം പൊളിഞ്ഞു. ശാസ്ത്രത്തില്‍ അതീവ തല്‍പരനായിരുന്ന ഐസനോവര്‍ ഇത്രയും പ്രധാനപ്പെട്ട ഒരു സംഭവം അന്ന് ആരെയും അറിയിച്ചില്ല എന്നതായിരുന്നു അതില്‍ പ്രധാനപ്പെട്ട ചോദ്യം. മാത്രമല്ല, അദ്ദേഹം പറക്കും തളികകളില്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ഐസനോവര്‍ എന്തുകൊണ്ട് ഇത്രയും പ്രധാനപ്പെട്ട സംഭവം എവിടെയും രേഖപ്പെടുത്തിയില്ല? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. എന്നാലും, ചില ആളുകള്‍ ഇപ്പോഴും ഈ കഥ ആവര്‍ത്തിക്കുന്നു.
പറക്കും തളികകള്‍ ഉണ്ടാകാനുള്ള സാധ്യത
യുറേ-മില്ലര്‍ പരീക്ഷണത്തെക്കുറിച്ച് ചിലരെങ്കിലും കേട്ടിരിക്കും. 1952ല്‍, ഷികാഗോ സര്‍വകലാശാലയില്‍ സ്റ്റാന്‍ലി മില്ലര്‍, ഹരോള്‍ഡ് യുറേ എന്ന ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് നടത്തിയ വിഖ്യാതമായ പരീക്ഷണമാണ് ഇങ്ങനെ അറിയപ്പെടുന്നത്. പരീക്ഷണശാലയില്‍ ഭൂമി ഉണ്ടായ സമയത്തെ അവസ്ഥ കൃത്രിമമായി സൃഷ്ടിച്ച് അമിനോ അമ്ളങ്ങളെയും ജൈവ തന്മാത്രകളെയും നിര്‍മിക്കാന്‍ ഈ പരീക്ഷണത്തിലൂടെ സാധിച്ചു. ജീവന് അടിസ്ഥാനമായ കണങ്ങളെ ആദ്യമായി കൃത്രിമമായി വികസിപ്പിച്ചെടുക്കുകയായിരുന്നു ആ പരീക്ഷണത്തിലൂടെ. പരീക്ഷണ ശാലയില്‍ സൃഷ്ടിച്ചെടുത്ത ഈ അവസ്ഥ ഭൂമിക്ക് പുറത്ത് എവിടെയെങ്കിലും സംജാതമായിട്ടുണ്ടെങ്കില്‍ അവിടെയും ജൈവ തന്മാത്രകള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതുവഴി ജീവന്‍ നിലനില്‍ക്കുകയും ചെയ്യുന്നുണ്ടാകാം. അങ്ങനെയെങ്കില്‍ ആ ഗ്രഹങ്ങളിലും ജീവന്‍ നിലനില്‍ക്കാം. ഈ ചിന്തയാണ് മനുഷ്യനെ അന്യഗ്രഹ ജീവികളെ തേടിയുള്ള യാത്രക്ക് പ്രേരിപ്പിച്ചത്.
ഈ സമയത്തുതന്നെ, നാസയുടെ നേതൃത്വത്തില്‍ മറ്റൊരു പരീക്ഷണവും നടക്കുന്നുണ്ടായിരുന്നു. അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കുന്നുണ്ടോ, അവ ഭൂമിയിലേക്ക് വല്ല സിഗ്നലുകളും അയക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിനുള്ള പദ്ധതിയായിരുന്നു അത്. സേറ്റി (സര്‍ച് ഫോര്‍ എക്സ്ട്രാ ടെറസ്ട്രിയല്‍ ഇന്‍റലിജന്‍സ്) എന്നാണതറിയപ്പെടുന്നത്. ഗ്രഹാന്തര ജീവികള്‍ പരസ്പര ആശയവിനിമയത്തിനായി കൈമാറാന്‍ സാധ്യതയുള്ള എക്സ്ട്രാ ടെറസ്ട്രിയല്‍ ഇന്‍റലിജന്‍സ് സിഗ്നലുകളെ (ഇ.ടി.ഐ സിഗ്നല്‍) തിരിച്ചറിയുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വിവിധ ഘട്ടങ്ങളിലായി അര നൂറ്റാണ്ടു കാലം പരീക്ഷണം തുടര്‍ന്നെങ്കിലും നിരാശയായിരുന്നു ഫലം. ഒരൊറ്റ സിഗ്നലുകളെപോലും തിരിച്ചറിയാന്‍ സാധിച്ചില്ല. അഥവാ, ഇക്കാലയളവിനുള്ളില്‍ ഒരു അന്യഗ്രഹ ജീവിയും നമ്മുടെ മുന്നില്‍വന്നുപെട്ടിട്ടില്ല. അപ്പോള്‍, നാം കേട്ട കഥകളുടെയും വാര്‍ത്തകളുടെയുമൊക്കെ സത്യാവസ്ഥ എന്താണ്? കഥയില്‍ ചോദ്യമില്ല.
ഇനിയിപ്പോള്‍, ഈ വസ്തുതകളെല്ലാം മാറ്റിനിര്‍ത്തി, ഭൂമിക്കു പുറത്ത് ജീവന്‍ കണ്ടെത്തി എന്നു വിചാരിക്കുക. എങ്കില്‍, അവ ഭൂമിയെയും ഇവിടത്തെ ജീവജാലങ്ങളെയും നിരീക്ഷിക്കുക എപ്രകാരമായിരിക്കും? നേരത്തേ പറഞ്ഞ കഥകളിലേതു പോലെ അവ നമ്മെ കീഴ്പ്പെടുത്താനുള്ള സാധ്യത എത്രത്തോളമാണ്. പ്രശസ്ത ബ്രിട്ടീഷ് ശാസ്ത്രമെഴുത്തുകാരനായ ബില്‍ ബ്രൈസല്‍ അദ്ദേഹത്തിന്‍െറ ‘എ ഷോര്‍ട്ട് ഹിസ്റ്ററി ഒഫ് നിയര്‍ലി എവരിതിങ്’ എന്ന ഗ്രന്ഥത്തില്‍ ഇതിന് കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്. ഭൂമിക്കു പുറത്ത് ജീവന്‍ നിലനില്‍ക്കണമെങ്കില്‍ അത് ഭൂമിയില്‍ നിന്ന് ഏകദേശം 200 പ്രകാശ വര്‍ഷമെങ്കിലും അകലെയായിരിക്കണം. അഥവാ, അവര്‍ അവിടെ നിന്നും ഭൂമിയെ നിരീക്ഷിക്കുമ്പോള്‍ കാണുക 200 വര്‍ഷം മുമ്പുള്ള ഭൂമിയും അക്കാലത്തെ ആളുകളെയുമായിരിക്കും. പിന്നെയെന്തിന് നാം ഭയപ്പെടണം.
ഭൂമിക്ക് പുറത്തും മനുഷ്യനെപ്പോലെയുള്ള ജീവികള്‍ ഉണ്ടാകാമെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ, ശാസ്ത്രലോകം സമാഹരിച്ച തെളിവുകളുടെ വെളിച്ചത്തിലാണ് ഇത്തരമൊരു നിഗമനം. എന്നാല്‍, ഈ നിഗമനത്തെ ചുറ്റിപ്പറ്റി ശാസ്ത്രലോകത്തുതന്നെ പല അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. അവയിലൊന്നാണ് പറക്കും തളികകള്‍. അന്യഗ്രഹങ്ങളിലുള്ള ജീവികളുടെ വാഹനമാണ് പറക്കും തളികകള്‍ എന്ന് അറിയപ്പെടുന്നത്. ഭൂമിയില്‍നിന്ന് പലപ്പോഴും അതിനെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയുടെതെന്ന് കരുതുന്ന പല ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടാറുമുണ്ട്. എന്നാല്‍, അതിനൊന്നും കൃത്യമായ തെളിവ് ലഭിച്ചിട്ടില്ല. ശാസ്ത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ ഇതുവരെ അതൊന്നും തെളിയിക്കാനും സാധിച്ചിട്ടില്ല.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top