മനുഷ്യനിര്‍മിതമായ നാല് വാതകങ്ങള്‍ക്കൂടി അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയെ ശോഷിപ്പിക്കുന്നതായി കണ്ടെത്തല്‍ . ഉത്ക്കണ്ഠാജനകമായ തോതില്‍ ആ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതായാണ് കണ്ടൈത്തിയിരിക്കുന്നത്.
ഓസോണ്‍ പാളിയുടെ ശോഷണത്തില്‍ മുഖ്യപ്രതിയായി ഇത്രകാലവും കണ്ടിരുന്നത് 'ക്ലോറോഫ് ളൂറോകാര്‍ബണ്‍ ( CFC ) വാതകങ്ങളെ'യാണ്. 1980 കളുടെ മധ്യേ മുതല്‍ ഉത്പാദനത്തിലും ഉപയോഗത്തിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള രാസവസ്തുക്കളാണ് സി എഫ് സികള്‍ .
എന്നാല്‍ , 1960 കള്‍ക്ക് ശേഷം ഭൗമാന്തരീക്ഷത്തില്‍ എത്തിത്തുടങ്ങിയ നാല് വാതകങ്ങളാണ്, ഓസോണിന് ഭീഷണിയെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതില്‍ മൂന്നെണ്ണം സി എഫ് സികളും ഒരെണ്ണം 'ഹൈഡ്രോക്ലോറോഫ് ളൂറോകാര്‍ബണ്‍ ' ( HCFC ) വാതകവുമാണ്.
ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകരാണ്, ഓസോണിന് ഭീഷണിയായ പുതിയ വാതകങ്ങളുടെ സാന്നിധ്യം അന്തരീക്ഷത്തില്‍ വര്‍ധിക്കുന്ന കാര്യം കണ്ടെത്തിയത്. എന്നാല്‍, വാതകങ്ങളുടെ ഉറവിടം നിഗൂഢമായി തുടരുന്നു.
1960 കള്‍ക്ക് ശേഷം അന്തരീക്ഷത്തിലെത്തി തുടങ്ങിയ വാതകങ്ങളാകയാല്‍ , അവ മനുഷ്യനിര്‍മിതമാണെന്നതില്‍ ഗവേഷകര്‍ക്ക് സംശയമില്ല.
ഭൗമോപരിതലത്തില്‍നിന്ന് 15 മുതല്‍ 30 കിലോമീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓസോണ്‍ പാളിയാണ്, സൂര്യനില്‍നിന്നുള്ള അപകടകാരിയായ ആള്‍ട്രാവയലറ്റ് കിരണങ്ങളെ ഭൂമിയിലെത്തുന്നതില്‍നിന്ന് തടയുന്നത്. ഓസോണ്‍ പാളി തടയാതിരുന്നാല്‍ , അത്തരം അപകാരികളായ കിരണങ്ങള്‍ ഭൂമിയില്‍ പതിക്കുകയും മനുഷ്യനും മറ്റ് ജീവികള്‍ക്കും വിളകള്‍ക്കും വലിയ അപകടം വരുത്തുകയും ചെയ്യും.
ദക്ഷിണധ്രുവമായ അന്റാര്‍ട്ടിക്കയ്ക്ക് മുകളില്‍ ഓസോണ്‍ പാളിയില്‍ വിള്ളലുള്ള ( Ozone Hole ) കാര്യം 1985 ലാണ് സ്ഥിരീകരിക്കപ്പെടുന്നത്. സി എഫ് സികളാണ് അതിന് കാണമെന്ന് ശാസ്ത്രലോകം നിഗമനത്തിലെത്തുകയും ചെയ്തു. 1920 കളുടെ അവസാനമാണ് ശീതീകരണികളില്‍ ഉപയോഗിക്കുന്ന സി എഫ് സികള്‍ കണ്ടുപിടിച്ചത്.
ഓസോണ്‍ പാളിയിലെ വിള്ളലിന് കാരണം സി എഫ് സികളാണെന്ന കണ്ടെത്തലാണ്, 1987 ല്‍ പ്രസിദ്ധമായ മോണ്‍ട്രിയള്‍ ഉടമ്പടിക്ക് വഴിതെളിച്ചത്. ആ ഉടമ്പടിയുടെ വെളിച്ചത്തില്‍ , ആഗോളതലത്തില്‍ സി എഫ് സികളുടെ ഉത്പാദന നിരോധം 2010 മുതല്‍ പൂര്‍ണമായി നിലവില്‍വന്നു.
ധ്രുവപ്രദേശത്ത് മഞ്ഞുപാളിയ്ക്കുള്ളില്‍ നൂറുവര്‍ഷംമുമ്പ് മുതല്‍ ശേഖരിക്കപ്പെട്ട വായുശേഖരം വിശകലനം ചെയ്താണ്, 1960 കള്‍ മുതല്‍ ഓസോണിന് ഹാനികരമായ നാല് വാതകങ്ങള്‍ക്കൂടി അന്തരീക്ഷത്തിലെത്തുന്ന കാര്യം കണ്ടെത്തിയത്. ഡോ.യോഹാന്‍സ് ലോബിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
74,000 ടണ്ണോളം അളവില്‍ ആ വാതകങ്ങള്‍ അന്തരീക്ഷത്തിലെത്തിയിട്ടുണ്ട് എന്നാണ് ഗവേഷകര്‍ കണക്കുകൂട്ടിയത്. അവയില്‍ രണ്ടെണ്ണത്തിന്റെ തോത് കൂടുതലാണെന്നും അവര്‍ വിലയിരുത്തി. 'ആശങ്കയുണര്‍ത്തുന്നതാണ് നാല് വാതകങ്ങളുടെ അന്തരീക്ഷത്തിലെ സാന്നിധ്യം, അവ ഓസോണ്‍ പാളിയുടെ നാശത്തില്‍ പങ്ക് വഹിക്കുന്നുണ്ട്' ഡോ.ലോബ് പറഞ്ഞു.
പുതിയ വാതകങ്ങള്‍ എവിടെ നിന്നാണെത്തുന്നതെന്ന് തങ്ങള്‍ക്കറിയില്ല. അക്കാര്യം അന്വേഷിക്കേണ്ടതുണ്ട്. കീടനാശിനികളുടെ നിര്‍മാണവേളയിലോ, ഇലക്ട്രോണിക് സംയുക്തങ്ങളുടെ ശുദ്ധീകരിക്കലിന്റെയോ ഭാഗമായാകാം ഈ വാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നതെന്നും ഡോ.ലോബ് അഭിപ്രായപ്പെട്ടു.
CFC-112, CFC112a, CFC-113a, HCFC-133a എന്നിവയാണ് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതായി കണ്ട പുതിയ വാതകങ്ങള്‍ .
ഇതില്‍ CFC-113a കീടനാശിനിയുടെ നിര്‍മാണത്തിലുപയോഗിക്കുന്ന രാസവസ്തുവാണ്. CFC-113a, HCFC-133a എന്നിവ ശീതീകരണ രാസവസ്തുക്കളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കപ്പെടുന്നു. CFC-112, CFC112a എന്നിവ ഇലക്ട്രോണിക് സംയുക്തങ്ങളുടെ ശദ്ധീകരണത്തിനുള്ള ലായനികളുടെ ഉപയോഗത്തിന് ഉപയോഗിക്കുന്നവയാണ്.