ടാസ്മാനിയയില്‍ പറന്നുനടക്കുന്നത് സെന്‍സര്‍ ഘടിപ്പിച്ച തേനീച്ചകള്‍ !

Yureekkaa Journal

ടാസ്മാനിയയിലെ പൂക്കളില്‍ തേനുണ്ണാന്‍ ഇപ്പോള്‍ പറന്നുവരുന്നത് ഹൈടെക് തേനീച്ചകള്‍. വംശനാശ ഭീഷണിയുള്‍പ്പെടെ പ്രതിസന്ധികളെ മറികടക്കാനും സ്വഭാവസവിശേഷതകളെക്കുറിച്ച് കൂടുതല്‍ അറിയാനും ടാസ്മാനിയന്‍ ഗവേഷകര്‍ തേനീച്ചകള്‍ക്കു സെന്‍സറുകള്‍ ഘടിപ്പിച്ചതോടെയാണിത്.
 സിഎസ്‌ഐആര്‍ഒയും (CSIRO), ടാസ്മാനിയ സര്‍വകലാശാലയും സംയുക്തമായാണ് നേനീച്ച കര്‍ഷകരുടേയും പുഷ്പ കൃഷിക്കാരുടെയും സഹകരണത്തോടെ ഗവേഷണം നടത്തുന്നത്.
തീരെച്ചെറിയ ഒരു സെന്‍സറാണ് ഇതിനായി തേനീച്ചയുടെ ശരീരത്തില്‍ ഘടിപ്പിക്കുന്നത്. ഇതിനായി തേനീച്ചയുടെ ശരീരത്തിലെ ചെറിയ രോമങ്ങള്‍ നീക്കംചെയ്യുന്നതുള്‍പ്പെടെ സങ്കീര്‍ണമായ ജോലികള്‍ ചെയ്യേണ്ടതുണ്ട്. ഏകദേശം അയ്യായിരത്തോളം തേനീച്ചകളില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചുകഴിഞ്ഞുവെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന സിഎസ്‌ഐആര്‍ഒ തലവന്‍ പൗലോ ഡി സൂസ പറഞ്ഞു.
2.5 മില്ലിമീറ്റര്‍മാത്രം വീതിയും നീളവുമുള്ള സെന്‍സറുകള്‍ ഒരു ഇ-ടാഗിന് സമാനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. തേനീച്ചകളുടെ സഞ്ചാരപഥം  ഉള്‍പ്പെടെ കാര്യങ്ങള്‍ സെന്‍സറിലൂടെ ഗവേഷകര്‍ക്കു കണ്ടെത്താന്‍ കഴിയും. തേനീച്ചയെ ഒരു ഫ്രിഡ്ജിനുള്ളില്‍ ചെറിയ സമയത്തേക്ക് അടച്ചിടും. ഇതോടെ തേനീച്ചകള്‍ മയങ്ങും. ഇതിനുശേഷമാണ് സെന്‍സറുകള്‍ ഘടിപ്പിക്കുന്നത്. രോമാവൃതമായ ശരീരമുള്ള തേനീച്ചകളെ ചെറിയരീതിയില്‍ ഷേവ് ചെയ്യേണ്ടതായും വരും.
സെന്‍സറുകളുടെ സാന്നിധ്യം തേനീച്ചകള്‍ക്ക് ഒരുതരത്തിലുള്ള പ്രവര്‍ത്തനതടസവും സൃഷ്ടിക്കുന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. കോളനി കൊളപ്‌സ് ഡിസോഡര്‍ എന്ന സ്ഥിതി ഓസ്‌ട്രേലിയയിലുള്‍പ്പെടെ ലോകമെങ്കും തേനീച്ചകള്‍ക്കു ഭീഷണിയാണ്. മൊബൈല്‍ ഫോണിന്റെ റിങ്‌ടോണ്‍ ആണ് ഇതിനുകാരണം. തേനീച്ചകളുടെ ആയുസിനെയും ജീവിതരീതിയെയും മൊബൈല്‍ ഫോണ്‍ റിങ്്‌ടോണ്‍ പ്രതികൂലമായി ബാധിക്കുന്നതായാണ് പുതിയ പഠനം തെളിയിക്കുന്നത്.
മൊബൈല്‍ ഫോണ്‍ റിംഗ്‌ടോണ്‍ വഴിയുണ്ടാകുന്ന ഇലക്ട്രോമാഗ്‌നറ്റിക്ക് തരംഗങ്ങളാണ് തേനീച്ചകളെ പ്രതികൂലമായി ബാധിക്കുന്നതെന്നു പഠനത്തില്‍  പറയുന്നു.മൊബൈല്‍ തരംഗങ്ങളുടെ വ്യാപനം പുഷ്പങ്ങളില്‍നിന്നു തേന്‍ ശേഖരിക്കാനുള്ള തേനീച്ചകളുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുമെന്നു കണ്ടെത്തിയിരുന്നു. ഇതുള്‍പ്പെടെ പരിഗണിച്ചാണ് സെന്‍സറുകള്‍ ഘടിപ്പിച്ചുള്ള നിരീക്ഷണം.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top