പശ്ചിമഘട്ടത്തില്‍ പുതിയ പുല്‍ച്ചെടി കണ്ടെത്തി

Yureekkaa Journal

പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗിരി അവലാഞ്ചിമലയില്‍ പുതിയ പുല്‍ച്ചെടി കണ്ടെത്തി. കേരളത്തിലെ മൂന്നാര്‍, ആനത്തോട് (കോട്ടയം), പമ്പ എന്നിവിടങ്ങളിലും ഇത് വളരുന്നുണ്ട്.പൊയേസിയേ സസ്യകുടുംബത്തിലെ എറഗ്രോസ്റ്റീസിയ വിഭാഗത്തില്‍, എറഗ്രോസ്റ്റിസ് ജനുസ്സില്‍പ്പെടുന്നതാണിത്. എറഗ്രോസ്റ്റിസ് കൊള്ളൈനാന്‍സിസ് എന്നാണ് പേരിട്ടിരിക്കുന്നത്.
'മലകളെ സംബന്ധിച്ച' എന്നര്‍ഥം വരുന്ന 'കൊള്ളൈന' എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് ഈ പേര് രൂപപ്പെടുത്തിയത്. സമുദ്രനിരപ്പില്‍നിന്ന് 1000 മീറ്ററിനുമുകളില്‍ ഉയരത്തിലുള്ള മലകളില്‍ മാത്രം കാണപ്പെടുന്ന സസ്യമാണിത്.

നെല്ല്, മുത്താറി, ഗോതമ്പ് എന്നിവ ഉള്‍പ്പെടുന്ന സസ്യകുടുംബമാണ് പൊയേസിയേ.ഇന്ത്യയിലെ പ്രമുഖ പുല്ലുവര്‍ഗ സസ്യവിദഗ്ധന്‍ ഡോ. വി.ജെ. നായര്‍, ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോയമ്പത്തൂര്‍ കേന്ദ്രം മേധാവി ഡോ. ജി.വി.എസ്. മൂര്‍ത്തി, ഇവിടത്തെ ഗവേഷകനും വയനാട് സ്വദേശിയുമായ സി.പി. വിവേക് എന്നിവരാണ് പുതിയ ചെടിയെ ശാസ്ത്രലോകത്തിന് മുന്നിലെത്തിച്ചത്.

ഇതുസംബന്ധിച്ച പ്രബന്ധം ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ഫോറസ്ട്രിയുടെ 36-ാം വാള്യം മൂന്നാം ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ധനസഹായത്തോടെ ഇന്ത്യയിലെ പുല്‍ച്ചെടികളെക്കുറിച്ച് നടത്തുന്ന ഗവേഷണത്തിനിടെയാണ് പുതിയ സസ്യം കണ്ടെത്തിയത്. മദ്രാസ് ഹെര്‍ബേറിയത്തില്‍ സൂക്ഷിച്ചിട്ടുള്ള എറഗ്രോസ്റ്റിസ് ജനുസ്സില്‍പ്പെട്ട ചെടികള്‍ സംഘം സൂക്ഷ്മപരിശോധന നടത്തി. അപ്പോഴാണ് വ്യത്യസ്തമായ ചെടി ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് നീലഗിരിയില്‍ ചെന്ന് ചെടി ശേഖരിച്ചും പഠനം നടത്തിയുമാണ് പുതിയതാണിതെന്ന് സ്ഥിരീകരിച്ചത്.

തവിട്ടുനിറത്തിലുള്ള വലിയ പൂക്കളാണ് ഇതിനുള്ളത്. എല്ലാ സമയത്തും പൂവുണ്ടാകും. എറിഗ്രോസ്റ്റിസ് യൂണിയോളോയ്ഡസുമായി പുതിയ ചെടിക്ക് സാമ്യമുണ്ടെങ്കിലും അടിസ്ഥാനപരമായി പല വ്യത്യാസവുമുണ്ട്. കൊള്ളൈനാന്‍സിസ്സില്‍ ആപേക്ഷികമായി പൂക്കള്‍ കുറവാണ്. ഇതിന്റെ പൂക്കള്‍ക്ക് താരതമ്യേന വലിയ കേസരങ്ങളുമാണുള്ളത്. എറിഗ്രോസ്റ്റിസ് ജനുസ്സില്‍പ്പെട്ട നാല്പതിലേറെ ചെടികളാണ് ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയത്.
Tags:

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top