ഇന്ത്യ- ദക്ഷിണാഫ്രിക്ക ബന്ധത്തിന് തെളിവായി ഒരു പരാദസസ്യം കൂടി

Yureekkaa Journal
ഗോണ്ട്വാനയെന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു ഇന്ത്യന്‍ ഉപഭൂഖണ്ഡവും ആഫ്രിക്കയുമെന്ന് 'ഫലകചലന സിദ്ധാന്തം' ( Plate tectonics ) പറയുന്നു. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന അനേകം സസ്യയിനങ്ങളുടെയും ജന്തുക്കളുടെയും ജനിതകബന്ധുക്കളെ കാണാനാവുക, ഒരുകാലത്ത് ഗോണ്ട്വാനയെന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന ആഫ്രിക്കയിലാണ് എന്നതിന്റെ കാരണം അതാണെന്ന് ഗവേഷകര്‍ കരുതുന്നു. ആ വാദം ശരിവെയ്ക്കുന്നതാണ് ഒരുസംഘം മലയാളി സസ്യശാസ്ത്രജ്ഞര്‍ നടത്തിയ ഈ കണ്ടുപിടിത്തം.



ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഒരേ വന്‍കരയുടെ ഭാഗമായിരുന്നു എന്നതിന് തെളിവായി ഒരു പരാദസസ്യത്തെക്കൂടി കണ്ടെത്തി. പശ്ചിമഘട്ടത്തില്‍ തമിഴ്‌നാടിന്റെ ഭാഗമായ മധുക്കരെ കുന്നുകളില്‍ നിന്നാണ് 'സ്‌ട്രൈഗ ഇന്‍ഡിക്ക' എന്ന ശാസ്ത്രനാമമുള്ള സസ്യത്തെ കണ്ടെത്തിയത്.

153 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകത്ത് ഒരു പരാദസസ്യത്തെ ( Parasitic plant ) കണ്ടെത്തുന്നത്.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ സസ്യവര്‍ഗീകരണവിഭാഗം ശാസ്ത്രജ്ഞന്‍ കെ.എം. പ്രഭുകുമാര്‍, കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗം പ്രൊഫസര്‍ ഡോ. കെ. എം. സാബു, ഡോ. എം.കെ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സസ്യത്തെ പരിചയപ്പെടുത്തിയത്.

ലോകത്ത് 40 സസ്യങ്ങള്‍ മാത്രമാണ് പരാദസസ്യകുടുംബമായ 'ഒറോബാങ്കഷിയേ' യിലെ സ്‌ട്രൈഗ ജനുസ്സില്‍ ഉള്ളത്. അതില്‍ 32 എണ്ണം ദക്ഷിണാഫ്രിക്കയിലും ആറെണ്ണം ഇന്ത്യയിലും രണ്ടെണ്ണം അറേബ്യന്‍ പെനിന്‍സുലയിലുമാണ് വളരുന്നത്. ഇന്ത്യയിലുള്ള ആറ് പരാദസസ്യങ്ങളില്‍ നാലെണ്ണം ദക്ഷിണാഫ്രിക്കയിലും കാണുന്നുണ്ട്. ബാക്കി രണ്ടെണ്ണം ഇന്ത്യയില്‍ മാത്രമുള്ളതും. 1861 ന് മുമ്പാണ് ഈ പരാദസസ്യങ്ങളെയെല്ലാം കണ്ടെത്തിയത്. ഇവ പുല്‍വര്‍ഗത്തില്‍പ്പെടുന്ന ചെടികളില്‍ വളരുന്ന പരാദങ്ങളാണ്.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സ്‌ട്രൈഗ ഇന്‍ഡിക്ക. ഇന്ത്യയില്‍ കണ്ടുവരുന്ന പ്രത്യേകതരം കള്ളിമുള്‍ച്ചെടിയായ 'യുഫോര്‍ബിയ ആന്റിക്വൊയോറ'ത്തിന്റെ പേരുകളിലാണ് പരാദമായ സ്‌ട്രൈഗ ഇന്‍ഡിക്ക പറ്റിപ്പിടിച്ച് വളരുന്നത്.

ഏകദേശം 15 കോടി വര്‍ഷംമുമ്പ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരേവന്‍കരയുടെ ഭാഗമായിരുന്നു എന്ന ഭൗമശാസ്ത്ര സിദ്ധാന്തത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ കണ്ടെത്തലെന്ന് ഗവേഷകര്‍ പറഞ്ഞു. അന്താരാഷ്ട്ര ജര്‍മന്‍ ശാസ്ത്ര പ്രസിദ്ധീകരണമായ 'ഫെഡസ് പൈര്‍ട്ടോറിയ'ത്തിന്റെ പുതിയ ലക്കത്തില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലെ മൊറോക്കോ ദ്വീപുകളില്‍നിന്ന് കണ്ടെത്തിയ 'സ്‌ട്രൈഗ ബാത്തിലോട്ടി' എന്ന സസ്യവുമായി പുതിയ സസ്യത്തിന് സാദൃശ്യമുണ്ടെന്ന് മനസ്സിലാക്കിയ ശേഷം ദക്ഷിണാഫ്രിക്കയിലെ പരാദസസ്യവിദഗ്ധനായ ഡോ. മുഹമ്മദ് ഐ. കമാലിന്റേയും ഡോ. എബര്‍ഹാര്‍ഡ് ഫിഷറിന്റെയും സഹായത്തോടെ തുടര്‍പഠനങ്ങള്‍ നടത്തുകയാണുണ്ടായത് - ഡോ. പ്രഭുകുമാര്‍ വിശദീകരിച്ചു.

ബിനു തോമസ് (കുറുവിലങ്ങാട്, കോട്ടയം - ബോട്ടണി വിഭാഗം അധ്യാപകന്‍), ഡോ. എം. രാജേന്ദ്രന്‍ (ബോട്ടണി വിഭാഗം പ്രൊഫസര്‍, ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി), പി. ജയന്തി (ഗവേഷക ) എന്നിവരും പഠനസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു
Tags:

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top