'ഐപോഡിന്റെ പിതാവ്' ടോണി ഫാഡലിന്റെ കമ്പനി 'നെസ്റ്റ് ലാബ്‌സി'നെ 320 കോടി ഡോളര്‍ (ഏതാണ്ട് 20,000 കോടി രൂപ) നല്‍കി ഗൂഗിള്‍ ഏറ്റെടുക്കുന്നു. ഏതാനും മാസങ്ങള്‍ക്കകം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുമെന്ന് ഗൂഗിള്‍ അറിയിച്ചു.
വീടുകളിലുപയോഗിക്കുന്ന സ്മാര്‍ട്ട് തെര്‍മോസ്റ്റുകളും (താപസംവേദക സ്വിച്ച്), സ്‌മോക്ക് അലാറാമുകളും നിര്‍മിക്കുന്ന കമ്പനിയാണ് കാലിഫോര്‍ണിയ കേന്ദ്രമായുള്ള നെസ്റ്റ് ലാബ്‌സ് ( Nest Labs ).
2011 ആഗസ്തില്‍ സെല്‍ഫോണ്‍ കമ്പനിയായ മോട്ടറോള മൊബിലിറ്റിയെ 1250 കോടി ഡോളര്‍ നല്‍കി ഗൂഗിള്‍ ഏറ്റെടുത്തിരുന്നു. അതിനുശേഷം, ഗൂഗിള്‍ നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇപ്പോഴത്തേത്.
സെര്‍ച്ച്, സെര്‍ച്ച് വഴിയുള്ള പരസ്യവിപണി, റോബോട്ടുകള്‍ , ഡ്രൈവറില്ലാകാറുകള്‍ എന്നിവയ്ക്കപ്പുറത്ത്, വീടുകളിലേക്കും ഗൂഗിളിന്റെ കണ്ണെത്തുന്നു എന്നാണ് പുതിയ ഏറ്റെടുക്കല്‍ വ്യക്തമാക്കുന്നത്. ഒരു സെര്‍ച്ച് കമ്പനി എന്ന പദവി ഇനി ഗൂഗിളിന് ചേരുമോ എന്ന് പല വിദഗ്ധരും സംശയിക്കുന്നു.
ആപ്പിളിലെ മുന്‍ എക്‌സിക്യൂട്ടീവുകളായ ടോണി ഫാഡലും മാറ്റ് റേജേഴ്‌സും ചേര്‍ന്ന് 2010 ല്‍ സ്ഥാപിച്ച കമ്പനിയാണ് നെസ്റ്റ് ലാബ്‌സ്. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് തുര്‍ന്നും ടോണി ഫാഡല്‍ തന്നെയായിരിക്കുമെന്ന് ഗൂഗിളിന്റെ പ്രസ്താവന വ്യക്തമാക്കി.
2008 വരെ ആപ്പിളിന്റെ മ്യൂസിക് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നയാളാണ് ഫാഡല്‍ . ആപ്പിള്‍ ഐപോഡിന്റെ ആദ്യത്തെ 18 തലമുറകള്‍ പുറത്തിറങ്ങിയത് ഫാഡലിന്റെ മേല്‍നോട്ടത്തിലാണ്. മാത്രമല്ല, ഐഫോണിന്റെ ഹാര്‍ഡ്‌വേര്‍ ഡിസൈനിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു.
വെറും രണ്ടുവര്‍ഷംകൊണ്ട് തങ്ങള്‍ക്ക് കൈവരിക്കാനായ വിജയത്തിന്റെ സൂചനയാണ്, കമ്പനി ഏറ്റെടുക്കാന്‍ ഗൂഗിള്‍ തയ്യാറായതെന്ന്, re/code ന് നല്‍കിയ അഭിമുഖത്തില്‍ ഫാഡല്‍ പറഞ്ഞു. 'ഞങ്ങളെ നിരീക്ഷിച്ചിരുന്ന ഗൂഗിള്‍ പറഞ്ഞു : 'ഇത് ശരിക്കും അതിശയിപ്പിക്കുന്നതാണ്''.
തുടക്കത്തില്‍ പങ്കാളിത്തത്തെക്കുറിച്ചാണ് ഗൂഗിളും നെസ്റ്റ് ലാബ്‌സും തമ്മില്‍ സംസാരിച്ചതെന്ന് ഫാഡല്‍ അറിയിച്ചു. പിന്നീടാണ് ഗൂഗിള്‍ ഏറ്റെടുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്.
Facebook
Twitter
Google+
Rss Feed
