സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഫെയ്‌സ്ബുക്ക് പണിമുടക്കി. 130 കോടി ഫെയ്‌സ്ബുക്ക് പൗരന്‍മാര്‍ 30 മിനിറ്റ് നേരം നിസ്സഹായരായി.
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് അല്‍പ്പസമയത്തേക്ക് പണിമുടക്കിയപ്പോള്‍, അതിന്റെ നിരാശ മുഴുവന്‍ സന്ദേശങ്ങളായി പ്രതിഫലിച്ചത് മറ്റൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ട്വിറ്ററില്‍. ഫെയ്‌സ്ബുക്ക് പോയ കാര്യം പറയുന്ന സന്ദേശപ്രളയം തന്നെ ട്വിറ്ററിലുണ്ടായി.
ഇന്ത്യയില്‍ ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞപ്പോഴാണ് ഉപയോക്താക്കള്‍ അക്കാര്യം ശ്രദ്ധിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ലൈക്കുചെയ്യാനും ഷെയറുചെയ്യാനും കമന്റിടാനും പറ്റുന്നില്ല. റീഫ്രഷ് ചെയ്തതോടെ 'Sorry, something went wrong' എന്ന ഫെയ്‌സ്ബുക്കിന്റെ അറിയിപ്പ് വന്നു.
ഫെയ്‌സ്ബുക്കിനെന്തോ സംഭവിച്ചിരിക്കുന്നുവെന്ന കാര്യം ഉപയോക്താക്കളെ പിടികൂടിയത് അപ്പോഴാണ്. 'Facebook is Down' എന്ന തരത്തിലുള്ള അപ്‌ഡേറ്റുകള്‍ ട്വിറ്ററില്‍ നിറഞ്ഞു.
എത്ര രാജ്യങ്ങളില്‍ ഫെയ്‌സ്ബുക്ക് കിട്ടാതായി എന്ന് അറിവായിട്ടില്ല. ഫെയ്‌സ്ബുക്ക് പണിമുടക്കിയ കാര്യംകാട്ടി യൂസര്‍മാരില്‍നിന്ന് 6000 സന്ദേശങ്ങള്‍ ലഭിച്ചതായി downdetector.com എന്ന വെബ്ബ്‌സൈറ്റ് പറഞ്ഞു.
അതില്‍ 78 ശതമാനം സന്ദേശങ്ങളും ഫെയ്‌സ്ബുക്ക് പൂര്‍ണമായും പണിമുടക്കി എന്ന് കാട്ടുന്നതായിരുന്നു. ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നതായിരുന്നു 21 ശതമാനം സന്ദേശങ്ങള്‍.
ഫെയ്‌സ്ബുക്ക് പ്രവര്‍ത്തിക്കുന്നില്ല എന്ന് യൂസര്‍മാര്‍ സന്ദേശമയച്ചത് എവിടെ നിന്നെല്ലാം എന്ന് വ്യക്തമാക്കുന്ന ഭൂപടം - downdetector.com പ്രസിദ്ധീകരിച്ചത് |
ആദ്യമായല്ല ഫെയ്‌സ്ബുക്ക് ഇങ്ങനെ ആഗോളവ്യാപകമായി പണിമുടക്കുന്നത്. 2013 ഒക്ടോബറില്‍ നാലുമണിക്കൂര്‍ നേരം ഫെയ്‌സ്ബുക്ക് കിട്ടാതായി. നെറ്റ്‌വര്‍ക്ക് അറ്റകുറ്റപ്പണി മൂലം സംഭവിച്ചതാണ് അതെന്ന് ഫെയ്‌സ്ബുക്ക് അന്ന് പറഞ്ഞു.
വിപണി വിദഗ്ധര്‍ കണക്കുകൂട്ടുന്നത് പ്രകാരം, ഓരോ മിനിറ്റിലും ഫെയ്‌സ്ബുക്കിന് ലഭിക്കുന്ന വരുമാനം ഏതാണ്ട് 15,000 ഡോളര്‍ (4.5 ലക്ഷം രൂപ) ആണ്. അതുപ്രകാരം അരമണിക്കൂര്‍ പണിമുടക്കിയപ്പോള്‍ ഫെയ്‌സ്ബുക്കിനുണ്ടായ നഷ്ടം ഏതാണ്ട് 450,000 ഡോളര്‍ (2.7 കോടി രൂപ) ആണ്.