അറിയപ്പെടുന്നതില്‍ ഏറ്റവും വലിയ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി

Yureekkaa Journal



നിവര്‍ന്നു നിന്നാല്‍ ഏഴുനില കെട്ടിടത്തിന്റെ പൊക്കവും 40 മീറ്റര്‍ നീളവുമുള്ള ഒരു ജീവിയെ സങ്കല്‍പ്പിച്ചു നോക്കൂ. 14 ആഫ്രിക്കന്‍ ആനകളുടെ മൊത്തം ഭാരം (77 ടണ്‍ ) വരുന്ന ജീവി! ഭൂമുഖത്ത് നിലനിന്നതില്‍ ഒരുപക്ഷേ, ഏറ്റവും വലിയ ജീവിയാകാന്‍ എല്ലാ സാധ്യതയുമുണ്ടാകും അതിന്.

അര്‍ജന്റീനയില്‍നിന്ന് അത്തരമൊരു ദിനോസറിന്റെ ഫോസില്‍ ഗവേഷകര്‍ കണ്ടത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ അറയിപ്പെടുന്നതില്‍ ഏറ്റവും വലിയ ജീവിയായ 'അര്‍ജെന്റിനോസറസി'നെ ( Argentinosaurus ) അപേക്ഷിച്ച് ഏഴ് ടണ്‍ ഭാരം കൂടുതലാണ് ഇപ്പോള്‍ കണ്ടെത്തിയ ജീവിക്കെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ലേറ്റ് ക്രിറ്റേഷ്യസ് യുഗത്തില്‍ ജീവിച്ചിരുന്ന സസ്യഭുക്കാണ്, പുതിയ 'ടൈറ്റാനസര്‍ ' ( titanosaur ) സ്പീഷീസായ ഈ ദിനോസര്‍ . ഇതിന് ഇനിയും പേരിട്ടിട്ടില്ല.

തെക്കേ അമേരിക്കയുടെ തെക്കേയറ്റത്ത് അര്‍ജന്റീനയുടെ പാറ്റഗോണിയ മേഖലയില്‍ , ത്രില്യൂ പട്ടണത്തില്‍നിന്ന് 250 കിലോമീറ്റര്‍ പടിഞ്ഞാറ് ലാ ഫ് ളെച്ചയ്ക്ക് സമീപം മരുഭൂമിയില്‍ ഒരു കര്‍ഷക തൊഴിലാളിയാണ് ഭീമന്‍ ദിനോസറിന്റെ ഫോസിലുകള്‍ കണ്ടെത്തിയത്.


അതെത്തുടര്‍ന്ന്, 'ഇഗിഡിയോ ഫെറുഗ്ലിയോ പാലയന്റോളജി മ്യൂസിയ'ത്തിലെ പുരാവസ്തുഗവേഷകര്‍ ഫോസിലുകള്‍ ഉത്ഖനനം ചെയ്‌തെടുക്കുകയായിരുന്നു. ഡോ.ജോസ് ലൂയിസ് കാര്‍ബാലിഡോ, ഡോ.ഡീഗോ പോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉത്ഖനനം.

ഏഴ് ദിനോസറുകളുടെ അസ്ഥിഭാഗങ്ങള്‍ ഗവേഷകര്‍ അവിടെനിന്ന് വീണ്ടെടുത്തു. മൊത്തം 150 അസ്ഥിഭാഗങ്ങള്‍ കിട്ടി. ബിബിസി നാച്ചുറല്‍ ഹിസ്റ്ററി യൂണിറ്റ് അത് ചിത്രീകരിക്കുകയും ചെയ്തു.

കണ്ടെത്തിയതില്‍ ഏറ്റവും വലിയ തുടയെല്ലിന്റെ ചുറ്റളവില്‍നിന്നാണ്, ആ ജീവിക്ക് 77 ടണ്‍ ഭാരമുണ്ടായിരുന്നു എന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്.

'അര്‍ജെന്റിനോസറസ്' ദിനോസര്‍ - ഇതിനോട് സാമ്യമുള്ളതാണ് പുതിയ ഭീമന്‍ ദിനോസര്‍


എല്ലുകളുടെ വലിപ്പമനുസരിച്ച്, അറിയപ്പെടുന്നതില്‍ ഏറ്റവും വലിയ ജീവിയാണിതെന്ന് ഗവേഷകര്‍ അറിയിച്ചു. വാലറ്റം മുതല്‍ തല വരെയെടുത്താല്‍ 40 മീറ്റര്‍ വരും നീളം. 20 മീറ്റര്‍ - എന്നുവെച്ചാല്‍ ഒരു ഏഴുനില കെട്ടിടത്തിന്റെയത്രയും പൊക്കം.

പാന്റഗോണിയയിലെ വനങ്ങളില്‍ പത്തുകോടി വര്‍ഷംമുമ്പ് ജീവിച്ചിരുന്ന ദിനോസറാണിത്.

പാന്റഗോണിയയില്‍നിന്ന് തന്നെ മുമ്പ് കണ്ടെത്തിയ 'അര്‍ജെന്റിനോസറസ്' ആണ് ഇതുവരെ ഏറ്റവും വലിയ ദിനോസര്‍ എന്ന പദവി കൈയാളിയിരുന്നത്. അതിന്റെ ഭാരം 70 ടണ്‍ എന്നാണ് കണക്കാക്കിയിട്ടുള്ളത്. അതിനോട് സാമ്യമുള്ളതാണ് പുതിയ ദിനോസര്‍ .

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top