സ്വാര്‍ഥ ജീനുകള്‍

Yureekkaa Journal
നിസ്വാര്‍ത്ഥത, അനുകമ്പ, ത്യാഗശീലം തുടങ്ങിയ ഗുണങ്ങള്‍ പ്രകൃതിയിലൂടെ സ്വാഭാവികമായി ലഭിക്കുന്ന ഒന്നാണെന്ന ധാരണ തെറ്റാണെന്നും, ബോധപൂര്‍വ്വം നാം ആ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും പ്രഖ്യാപിക്കുന്ന ഗ്രന്ഥമാണ് റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ 'സെല്‍ഫിഷ് ജീന്‍ '. ആ പുസ്തകം മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളെയും പ്രശ്‌നങ്ങളെയും കുറിച്ച്...


മനുഷ്യനോളം പ്രായമുള്ള ഒന്നാണ് അവന്റെ സ്വാര്‍ത്ഥത. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കപ്പെടാതെ ഒറ്റ ദിവസവും കടന്നു പോകുന്നില്ല എന്നതാണ് വാസ്തവം.

ജീവജാലങ്ങളില്‍ മനുഷ്യന് മാത്രമാണോ സ്വാര്‍ത്ഥതയുള്ളത്? അതോ മറ്റു ജീവജാലങ്ങള്‍ക്കിടയിലും ഇതൊക്കെ പ്രകടമാണോ? സാമൂഹ്യ-ദാര്‍ശനിക തലങ്ങള്‍ക്ക് അതീതമായി ജൈവശാസ്ത്രപരമായി ഇതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ജൈവികമായി മനുഷ്യന്‍ സ്വാര്‍ത്ഥനാണോ? അതോ നിഷ്‌കളങ്കനായി ജനിക്കുന്ന മനുഷ്യനെ ജീവിത സാഹചര്യങ്ങളാണോ സ്വാര്‍ത്ഥനാക്കി മാറ്റുന്നത്?

രസകരങ്ങളായ ഇത്തരം ചോദ്യങ്ങളില്‍ വില്ലനായി നില്ക്കുന്ന 'സ്വാര്‍ത്ഥത'യെകുറിച്ച് തികച്ചും വ്യത്യസ്തമായ രീതിയില്‍ കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുവാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ദി സെല്ഫിഷ് ജീന്‍ (The Selfish Gene). ലോകത്ത് ഇന്ന് അറിയപ്പെടുന്ന പരിണാമശാസ്ത്രജ്ഞരില്‍ അഗ്രഗണ്യനായ റിച്ചാര്‍ഡ് ഡോക്കിന്‍സ് ( Richard Dawkins ) 1976 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം, ലോകത്താകമെങ്ങും ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. മത പൗരോഹിത്യ വൃന്ദങ്ങളോട് ആശയപരമായി നിരന്തരം കൊമ്പുകോര്‍ക്കുന്ന ഡോക്കിന്‍സിന്റെ ഈ പുസ്തകം ഒട്ടേറെ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

അന്നുവരെ നിലവിലുണ്ടായിരുന്ന ഒട്ടേറെ ചിന്താധാരകളെ കടപുഴക്കിയെറിഞ്ഞ്, നൂതനമായ ഒരു പാത വെട്ടിത്തളിക്കുകയായിരുന്നു ഈ പുസ്തകം ചെയ്തത്. നാമിന്ന് കാണുന്ന ജീവജാലങ്ങളുടെ ഉത്ഭവം എവിടെനിന്ന്? എങ്ങനെ അവ നാം കാണുന്ന തരത്തില്‍ പരിണമിച്ചു; എന്നിങ്ങന ഒട്ടേറെ ചോദ്യങ്ങള്‍ക്ക് യുക്തിഭദ്രമായ ഉത്തരം നല്‍കിയ ഒന്നായിരുന്നു, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യേ ചാള്‍സ് ഡാര്‍വിന്‍ മുന്നോട്ടുവെച്ച 'പ്രകൃതിനിര്‍ധാരണത്തില്‍ അധിഷ്ഠിതമായ പരിണാമം' എന്ന ആശയവും അതിനെ അടിസ്ഥാനമാക്കിയുള്ള സിദ്ധാന്തവും.

ഏതൊക്കെ വര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കണമെന്നും ഏതൊക്കെ നശിക്കണമെന്നും പ്രകൃതി തന്നെ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നു എന്നതാണ് ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച സിദ്ധാന്തത്തിന്റെ അടിസ്ഥാനം. പരിണാമത്തിനിടയില്‍ , ചുറ്റുപാടുകളുമായി സാഹചര്യങ്ങള്‍ക്കനുസരിച്ച് നന്നായി ഇണങ്ങിക്കഴിയുന്ന ജീവികള്‍ കൂട്ടമായി നിലനില്‍ക്കുന്നു. ചുറ്റുപാടുകള്‍ മാറുമ്പോള്‍ അതനുസരിച്ച് എളുപ്പത്തില്‍ മാറ്റം വരുത്താന്‍ കഴിവുള്ളവ നിലനിക്കും, അല്ലാത്തവ ക്രമേണ നശിക്കുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഡാര്‍വിന്റെ സിദ്ധാന്തം ജീവിയില്‍ അല്ലെങ്കില്‍ അവയുടെ കൂട്ടത്തില്‍ കേന്ദ്രീകൃതമാണ്. ഈ വാദത്തെ ചോദ്യംചെയ്യുകയാണ് ഡോക്കിന്‍സ് തന്റെ പുസ്തകത്തില്‍ ചെയ്തത്. ഡോക്കിന്‍സിന്റെ അഭിപ്രായത്തില്‍ പരിണാമമെന്ന പ്രതിഭാസത്തിന്റെ അടിസ്ഥാന ഘടകം ജീനുകള്‍ ആണ്. അല്ലാതെ ജീവികളുടെ കൂട്ടമോ ഒരു ജീവിയോ അല്ല.

എന്താണ് ജീനുകളെന്ന് ഒന്ന് പരിശോധിക്കാം. ഒരു ജീവി എങ്ങനെ കാണപ്പെടണം, അതിന്റെ ശരീരം എങ്ങനെ രൂപപ്പെടണം എന്നൊക്കെ നിര്‍ദ്ദേശിക്കുന്ന കോഡുകളായ ഡി ന്‍ എ കളുടെ അടിസ്ഥാന ഘടകങ്ങളാണവ..വൈറസുകള്‍ മുതല്‍ അനേകകോടി കോശങ്ങളുള്ള സങ്കീര്‍ണമായ ജീവികളുടെ വരെ ജൈവികപ്രവര്‍ത്തനങ്ങളെയാകെ നിയന്ത്രിക്കുന്നത് ജീനുകളാണ്. കേവലം ഒരു സ്വഭാവഗുണം മാത്രമായിരിക്കണമെന്നില്ല ഒരു ജീന്‍ നിയന്ത്രിക്കുന്നത്. അതായത് കണ്ണിന്റെ നിറം നിയന്തിക്കുന്ന ജീനുകള്‍ , കാലുകളുടെ നീളത്തെയോ, ശരീരത്തിന്റെ ഉയരത്തെയോ ഒക്കെ സ്വാധീനിക്കുന്നവയാകാം. ശരീരത്തിലെ മറ്റു ജീനുകളുടെ സ്വാധീനംകൂടി കണക്കിലെടുത്താല്‍ മാത്രമേ അതിന്റെ അന്തിമ ഫലം പറയാനാകൂ എന്നര്‍ഥം .


ഓരോ പുതിയ തലമുറയുണ്ടാകുമ്പോഴും ജീനുകളില്‍ ഒരു തിരഞ്ഞെടുപ്പ് നടക്കുന്നതായി കാണം. ഇവിടെയാണ് ജീന്‍ കേന്ദ്രീകൃതമായ ഒരു കാഴ്ചപ്പാടിന്റെ പ്രസക്തി വരുന്നത് .ഓരോ ജീവിയേയും ഒരുകൂട്ടം ജീനുകള്‍ ആയും, എല്ലാ ജീവികിളിലും ഉള്ള എല്ലാ ജീനുകളേയും ചേര്‍ത്ത് ജീന്‍പൂള്‍ ആയും പറയുന്നു. ഓരോ ജീനുകളും മറ്റുള്ളവയുമായി മല്‍സരിക്കുകയും വിജയം നേടുന്നവ അടുത്ത തലമുറകളിലേക്ക് ചേക്കേറി കൂടുതല്‍ കാലം നിലനില്‍ക്കുകയും ചെയ്യുന്നു.

ഇപ്രകാരം മത്സരിച്ച് വിജയം നേടാനുള്ള ത്വരയെയാണ് 'ജീനുകളുടെ സ്വാര്‍ഥത' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ ജീനുകള്‍ ബോധത്തോടെ, കരുതിക്കൂടി, സ്വന്തംകാര്യം നോക്കാന്‍ വേണ്ടി മറ്റുള്ളവയെ വഞ്ചിക്കുമെന്ന് ഡോക്കിന്‍സ് പറയുന്നില്ല . മറിച്ച് കൂടുതല്‍കാലം നിലനില്‍ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ജീനുകള്‍ , തങ്ങളെ വഹിക്കുന്ന ജീവികളില്‍ വരുത്തുന്ന സ്വഭാവമാറ്റങ്ങള്‍ ബാഹ്യവീക്ഷണത്തില്‍ ജീവികളുടെ സ്വാര്‍ഥതയായി വിവക്ഷിക്കപ്പെടുന്നു. ചുരുക്കത്തില്‍ പരിണാമത്തിന്റെ അടിസ്ഥാന ഘടകം ഒരു കൂട്ടം ജീവികളോ ഒരു ജീവിയോ അല്ല, മറിച്ച് ജീനുകള്‍ ആണ്. അനേകം കോടി വര്‍ഷങ്ങളായി ഒരു മാറ്റവും കൂടാതെ നിലനില്‍ക്കുന്ന ജീനുകള്‍ ഉണ്ടെന്നത് ഈ വാദത്തിന്റെ പ്രാഥമികതെളിവായി ഡോക്കിന്‍സ് നിരത്തുന്നു. ജീവജാലങ്ങളുടെ കണ്ണിലൂടെ നോക്കി കണ്ടിരുന്ന പലതും, ഡോക്കിന്‍സ് ജീനുകളിലൂടെ നോക്കികാണുന്നു എന്നതാണ് വ്യത്യാസം.

നൂതനമായ ഈ ആശയം അവതരിപ്പിക്കുമ്പോള്‍ സ്ഥൂലപ്രകൃതിയില്‍ നാം കാണുന്ന ജീവികള്‍ക്കിടയില്‍ അത് എങ്ങനെ പ്രാവര്‍ത്തികമാകുമെന്ന് പറയാന്‍ അവതാരകന്‍ ബാധ്യസ്ഥനാണല്ലോ. അതിനായി ഉദാഹരണങ്ങളുടെ ഒരു നല്ല നിര തന്നെ അദ്ദേഹം പുസ്തകത്തില്‍ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും, കുറഞ്ഞപക്ഷം, സ്വന്തം വര്‍ഗത്തില്‍പ്പെട്ട മറ്റു ജീവികളോട് നിസ്വാര്‍ത്ഥമായി സഹകരിക്കുന്നുവെന്ന ധാരണ നമുക്ക് പൊതുവെ ഉണ്ടല്ലോ. ഇതിനെ അട്ടിമറിക്കുന്ന ഒന്നാണ്, ആന്റാറ്റിക് പ്രദേശത്ത് കൂട്ടമായി ജീവിക്കുന്ന പെന്‍ഗ്വിന്‍ കൂട്ടങ്ങളിലൂടെ ഡോക്കിന്‍സ് നമുക്ക് കാട്ടിത്തരുന്നത്. പാറക്കെട്ടുകളുടെ മുകളില്‍നിന്ന്, താഴെ വെള്ളത്തി ലേക്ക് ചാടാന്‍ മടിച്ചു നില്‍ക്കുന്ന പെന്‍ഗ്വിന്‍ കൂട്ടങ്ങള്‍ അവിടങ്ങളിലെ നിത്യ കാഴ്ചയാണ്! .താഴെ വെള്ളത്തിലെ സീലുകള്‍ക്ക് താന്‍ ആഹാരമാകുമോ എന്ന ഭയമാണ് ഈ മടിക്കു പിന്നില്‍ . ഇവിടെ മറ്റുള്ളവയെ രക്ഷിക്കുവാന്‍ സ്വയം ബാലിയാടാകുന്ന കാഴ്ച്ചയല്ല, മറിച്ച് മറ്റുള്ളവയെ തക്കത്തില്‍ തള്ളിയിടുന്ന തികഞ്ഞ സ്വാര്‍ത്ഥതയാണ് കാണുന്നത്!

ഇതിനു വിപരീതമായി സഹജീവികളോട് കരുണയും പരിഗണനയും പ്രകടമാക്കുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ നമുക്ക് പ്രകൃതിയില്‍ കാണാന്‍ കഴിയും. തേനീച്ചക്കൂടിനടുത്തെത്തുന്ന ശസ്ത്രുവിനെ കുത്തി, ആട്ടിപ്പായിക്കുന്ന ഈച്ചകള്‍ അല്‍പ്പസമയത്തിനകം മരിക്കും. സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് അവര്‍ തങ്ങളുടെ സമൂഹത്തെ രക്ഷിക്കുന്നത്. മുകളില്‍ വിവരിച്ച 'ജീനുകളുടെ സ്വാര്‍ഥത' ഇത്തരം നടപടികള്‍ക്ക് മുതിരാന്‍ അവയെ പ്രേരിപ്പിക്കരുതല്ലോ?

ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ സമൂഹമായി ജീവിക്കുന്ന ഉറുമ്പുകള്‍ , തേനീച്ചകള്‍ തുടങ്ങിയവയുടെ കോളനികളെക്കുറിച്ച് അല്‍പ്പംകൂടി മനസിലാക്കേണ്ടതുണ്ട്.
ഇത്തരം കോളനികളില്‍ , ഓരോ ജീവിക്കും കൃത്യമായ ജോലികളുണ്ട്. ഭക്ഷണം ശേഖരിക്കുന്നവര്‍ , സുരക്ഷ നോക്കുന്നവര്‍ അങ്ങനെ പോകുന്നു സാധാരണ തൊഴില്ലാളികളുടെ ജോലികള്‍ . പ്രത്യുല്‍പ്പാദനശേഷിയുള്ള രാജ്ഞിയാണ് കോളനി മേധാവി. ഈ പരസ്പര സഹകരണത്തിന്റെ രഹസ്യം ഡാര്‍വിന്റെ സിദ്ധാന്തംകൊണ്ട് വിശദീകരിക്കുവാനാവില്ല. കാരണം, പ്രത്യുല്‍പ്പാദനശേഷിയില്ലാത്ത ജീവികളുടെ വംശം നിലനിന്ന് പോകുവാന്‍ പ്രകൃതി അനുവദിക്കാന്‍ പാടുള്ളതല്ല.

ഇനി ഡോക്കിന്‍സിന്റെ ആശയപ്രകാരം എങ്ങനെ ഇത് വിശദീകരിക്കപ്പെടുന്നുവെന്നു നോക്കാം. തൊഴിലാളികളില്‍ കാണുന്ന ജീനുകളെല്ലാം, എല്ലായ്‌പ്പോഴും ഒന്നു തന്നെയായിരിക്കും.പ്രത്യുല്‍പാദനശേഷിയുള്ള രാജ്ഞിയിലൂടെ മാത്രമേ ജീനുകള്‍ക്ക് അടുത്ത തലമുറകളില്‍ എത്താനാകൂ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ , തങ്ങളുടെ ജീനുകള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ അവര്‍ക്ക് രാജ്ഞിയെ സംരക്ഷിക്കേണ്ടതുണ്ട്. അത് തൊഴിലാളികളിലെ ജീനുകളുടെ അനിവാര്യമായ ഒരു കര്‍ത്തവ്യം മാത്രമാണ്. അല്ലാതെ നിസ്വാര്‍ഥസേവനം എന്ന മനോഭാവം അല്ല! തൊഴിലാളികളിലെ ജീനുകളെ സംബന്ധിച്ച് ഒരു 'ജീവി' മരിച്ചാല്‍ തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുകേയില്ല .

രണ്ടു വ്യത്യസ്തമായ വര്‍ഗത്തില്‍പ്പെടുന്ന ജീവികള്‍ തമ്മില്‍ പരസ്പര സഹകരണത്തില്‍ ഏര്‍പ്പെടുന്ന രീതിയും പ്രകൃതിയില്‍ കാണാന്‍ കഴിയും. ഇങ്ങനെയുള്ള ജീവികളില്‍ അനുപൂരകങ്ങളായ കഴിവുകളായിരിക്കും ആ സഹകരണത്തിന് ആസ്പദമായിത്തീരുന്നത്.

ഉദാഹരണമായി ഉറുമ്പുകളും അഫൈഡ് ( Aphids ) എന്നറിയപ്പെടുന്ന പ്രാണികളും തമ്മിലുള്ള സഹകരണം നോക്കുക. ചെടികളുടെ സത്ത വലിച്ചെടുക്കുവാന്‍ മിടുക്കന്‍മാരാണ് അഫൈടുകള്‍ . തങ്ങള്‍ക്ക് ദഹിപ്പിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ വലിച്ചെടുക്കുകയും അധികമുള്ളവ പുറംതള്ളുകയും ചെയ്യുന്നു. ഈ ജീവികളുള്ള ഒരു മരത്തിനടിയില്‍ ചെന്നുനിന്നാല്‍ മധുരമഴ പെയ്യുന്നത് പോലിരിക്കും. ഇതിന്റെ ഗുണഭോക്താക്കളാണ് ഉറുമ്പുകള്‍ . ഇതിന്റെ പ്രതിഫലമായി അവ അഫൈഡുകളെ ശത്രുക്കളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കാലക്രമത്തില്‍ അഫൈഡുകള്‍ക്ക് സത്ത് വലിച്ചെടുക്കാന്‍ പാകത്തിനുള്ള ചുണ്ടുകളും, ഉറുമ്പുകള്‍ക്ക് ആക്രമണത്തിനുതകുന്ന കൊമ്പുകളും, പരിണാമത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ടു എന്ന വസ്തുത, പ്രകൃതിതന്നെ ഈ കൂട്ടുകെട്ട് പ്രോല്‍സാഹിപ്പിക്കുന്നു എന്നതിന്റെ തെളിവാണ്.അഫൈഡുകളും ഉറുമ്പുകളും വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ട ജീവികളാണെന്നുപോലും സ്വാര്‍ത്ഥജീനുകള്‍ക്ക് ചിന്തിക്കേണ്ട ആവശ്യമില്ല!

മാതാപിതാക്കള്‍ കുഞ്ഞുങ്ങളോടു കാണിക്കുന്ന സ്‌നേഹത്തിനും നിസ്വാര്‍ഥതയ്ക്കും ജൈവികമായ അടിത്തറകളുണ്ടോ? പരിപാവനമായി നാം കാണുന്ന ഈ ബന്ധങ്ങളെ കുറിച്ചുള്ള ഡോക്കിന്‍സിന്റെ വിശദീകരണങ്ങള്‍ വായനക്കാരെ അലോസരപ്പെടുത്തും. അമ്മമാര്‍ക്ക് അച്ഛന്മാരെക്കാള്‍ കുഞ്ഞിനോട് അടുപ്പം ഉണ്ടാകാനുള്ള ഒരു കാരണം അമ്മ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കുവേണ്ടി 'നിഷേപിക്കുന്ന' സമയമുള്‍പ്പെടെയുള്ള ദ്രവ്യങ്ങളുടെ മൂല്യം കാരണമാണത്രേ. അതിനാല്‍തന്നെ എന്ത് വിലകൊടുത്തും അതിനെ സംരക്ഷിക്കാന്‍ അമ്മയിലെ ജീനുകള്‍ പ്രേരിപ്പിക്കുന്നു! തന്റെ കുഞ്ഞുങ്ങളില്‍ സ്വയം ആഹാരം തേടാനും നിലനില്ക്കാനും കഴിവ് കുറഞ്ഞവരോടാകും അമ്മയ്ക്ക് അനുകമ്പ കൂടുതലെന്നും, പറക്കമുറ്റിയവയെ ഉപേക്ഷിച്ച് പുതിയ കുഞ്ഞുങ്ങളില്‍ ശ്രദ്ധചെലുത്തുമെന്നും ഇത് പ്രകാരം വിശദീകരിക്കപ്പെടുന്നു. ജീനുകളുടെ 'അടുപ്പം' അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ആകയാല്‍ അമ്മയ്ക്ക് തോന്നുന്ന അതേ വികാരം കുഞ്ഞുങ്ങള്‍ക്കും തോന്നണമല്ലോ?

എന്നാല്‍ ഇവിടെ കുഞ്ഞിനെ അപേക്ഷിച്ച് അമ്മയ്ക്ക് കായബലം ഉണ്ടെന്നതിനുപരി മറ്റുചില വസ്തുതകള്‍ കൂടി ഉണ്ടത്രേ! അതില്‍ പ്രധാനമാണ് ജീനുകള്‍ 'അടുപ്പം' മനസിലാക്കുന്ന രീതി - ഡോക്കിന്‍സ് പറയുന്നു. ഒരു ജീവിയുടെ ഉള്ളിലിരിക്കുന്ന ജീന്‍ എങ്ങനെയാണ് തങ്ങളോടു കൂടുതല്‍ 'അടുപ്പം' ഉള്ള മറ്റൊരു ജീന്‍ സമൂഹത്തെ കണ്ടെത്തുന്നത്. കാഴ്ചയിലെ സാമ്യമോ പ്രകൃതത്തിലെ സാമ്യമോ മാത്രം പോര ഈ തിരിച്ചറിവ് പൂര്‍ണ്ണമാകുവാന്‍ . അമ്മയ്ക്ക് തന്റെ കുഞ്ഞാണിത് എന്നതിന്റെ അത്രയും 'ഉറപ്പ്' കുഞ്ഞിന് ഇത് തന്റെ അമ്മ തന്നെയാണെന്ന കാര്യത്തില്‍ ഉണ്ടാകാന്‍ സാധ്യമല്ലല്ലോ. അതിനാല്‍തന്നെ അമ്മ കുഞ്ഞിനോടു കൂടുതല്‍ അടുപ്പം കാണിക്കുന്നു. സഹോദരങ്ങള്‍ തമ്മിലുള്ള അടുപ്പവും ഇപ്രക്കാരം വിശദീകരിക്കപ്പെടുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ , ജീനുകളുടെ കാഴ്ചപ്പാടില്‍ , സ്‌നേഹവും വാത്സല്യവുമൊക്കെ തങ്ങള്‍ക്കു ദീര്‍ഘകാലം നിലനില്‍ക്കുവാനുള്ള അടവുനയങ്ങള്‍ മാത്രമാണ്!

റിച്ചാര്‍ഡ് ഡോക്കിന്‍സ്


ജീവികള്‍ തമ്മിലുള്ള പരസ്പര സഹകരണംപോലെ പ്രകൃതിയില്‍ കാണുന്ന പരാദജീവനവും സ്വാര്‍ത്ഥജീന്‍ സിദ്ധാന്തം വഴി വിശദീകരിക്കവുന്നതാണ്. ജീനുകള്‍ക്ക് അടുത്ത തലമുറകളിലേക്ക് പോകുവാനും എണ്ണം പെരുകുവാനും സഹായിക്കുന്ന എല്ലാ അവ ചെയ്യും. ബാഹ്യമായി വീക്ഷിക്കുമ്പോള്‍ നാം ആതിഥേയ ജീവിയെന്നും പരാദമെന്നുമൊക്കെ വിളിക്കുമെങ്കിലും ജീനുകളെ സംബന്ധിച്ച് അവ നിലനില്‍ക്കുന്ന ജീവികള്‍ക്ക് ഒരു പ്രാധാന്യവുമില്ല. ആതിഥേയ ജീവിയുടെ പ്രത്യുല്‍പാദനത്തെ തടസപ്പെടുത്തുന്നില്ല എങ്കില്‍, മറ്റു നഷ്ടങ്ങളുണ്ടെങ്കിലും അത്തരം കൂട്ടായ്മകളെ പ്രകൃതി അനുവദിക്കുമെന്നു കാണാം.

ഇനി ജീനുകള്‍ക്കിടയിലെ സ്വാര്‍ഥതയെ കുറിച്ച് അല്പം സൂക്ഷമായി പരിശോധിക്കാം.

പ്രകൃതിയിലെ എല്ലാ ജീനുകളും സ്വന്തംകാര്യം മാത്രം നോക്കുന്നവ ആയിത്തീര്‍ന്നാല്‍ എന്തു സംഭവിക്കും? അമ്മ തന്റെ കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കുന്നത്‌സര്‍വസാധാരണമാണല്ലോ. എല്ലാ കുഞ്ഞുങ്ങളും അവരവര്‍ക്ക് ആവശ്യത്തിന് മാത്രം കഴിച്ച് തന്റെ സഹോദരങ്ങള്‍ക്കും അവസരം നല്‍കുക എന്നത് സ്വാഭാവികനീതി ആണ്. ഇനി കുഞ്ഞുങ്ങളില്‍ ഒന്ന്, ജീനുകളുടെ സ്വാധീനത്താല്‍ സ്വാര്‍ത്ഥതയുള്ളതായി മാറിയെന്നു കരുതുക. വിശപ്പടങ്ങിയാലും അടങ്ങില്ല എന്ന ഭാവത്തില്‍ അത് കൂടുതല്‍ ആഹാരം കൈപ്പറ്റുന്നു. അപ്രകാരം ആര്‍ജിക്കുന്ന കൂടുത്തല്‍ ശക്തിയും ആരോഗ്യവും അതിലെ ജീനുകളുടെ നിലനില്‍പ്പിന് ഗുണകരമായി മാറുന്നു. എന്നാല്‍ അത് പ്രായപൂര്‍ത്തിയായി അടുത്ത തലമുറയിലേക്കു പോകുമ്പോള്‍ ഉണ്ടാകുന്ന 'സ്വാര്‍ത്ഥ' കുഞ്ഞുങ്ങള്‍ അതിനുതന്നെ വിനയായി മാറും. അങ്ങനെ കാലക്രമത്തില്‍ അത്തരം സ്വഭാവം പ്രോത്സാഹിപ്പിക്കുന്ന ജീനുകള്‍ , ജീന്‍പൂളില്‍നിന്ന് ഒഴിവാക്കപ്പെടുന്നു. ഇവിടെയാണ് ഇവലൂഷനറി സ്‌റ്റേബിള്‍ സ്ട്രാറ്റജി (ESS ) എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്. ഒറ്റനോട്ടത്തില്‍ ഡാര്‍വിന്‍ മുന്നോട്ടുവെയ്ക്കുന്ന ഗ്രൂപ്പ് സെലക്ഷനുമായി സാമ്യം തോന്നിയേക്കാമെങ്കിലും അതില്‍നിന്ന് വ്യത്യസ്തമാണിത്. ഇവിടെ പ്രകൃതി സ്വയം ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതേയില്ല.

സങ്കീര്‍ണ്ണവും ശാസ്ത്രലോകത്തിന് ഇന്നും പൂര്‍ണമായി മനസിലായിട്ടില്ലാത്തതുമായ ജൈവശാസ്ത്ര തത്വങ്ങളെയാണ് ലളിതമായി അവതിരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നും, അതിനാല്‍ ഉദാഹരണങ്ങളും താരതമ്യങ്ങളും അപഗ്രഥിക്കുപ്പോള്‍ വായനക്കാര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും ഡോക്കിന്‍സ് തന്റെ പുസ്തകത്തില്‍ പലകുറി അഭ്യര്‍ത്ഥിക്കുന്നുണ്ട്.

സ്‌നേഹവും അനുകമ്പയും പരസപര സഹകരണവുമൊക്കെ സാമൂഹ്യതലത്തില്‍ നില്‍ക്കുന്ന അനിവാര്യമായ ഗുണങ്ങളാണെന്നും അവയുടെ ജൈവപരിണാമതലങ്ങള്‍ പരിശോധിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നതെന്നും അദ്ദേഹം ആമുഖത്തില്‍ പറയുന്നുണ്ട്. നിസ്വാര്‍ത്ഥത, അനുകമ്പ, ത്യാഗശീലം തുടങ്ങിയ ഗുണങ്ങള്‍ പ്രകൃതിയിലൂടെ സ്വാഭാവികമായി ലഭിക്കുന്ന ഒന്നാണെന്ന ധാരണ തെറ്റാണെന്നും, ബോധപൂര്‍വ്വം നാം ആ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം വാദിക്കുന്നു.

'സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് ' എന്ന ആശയത്തെ കൂട്ടുപിടിച്ച് വികസിച്ച ഒന്നാണ് സോഷ്യല്‍ ഡാര്‍വിനിസം. സമൂഹത്തിലെ പട്ടിണിപ്പാവങ്ങളോട് ഒരു തരത്തിലുമുള്ള അനുകമ്പ കാണിക്കേണ്ടതില്ലന്നും, പരിണാമസിദ്ധാന്തത്തില്‍ നിലനില്‍ക്കുവാന്‍ കഴിവില്ലാത്തവ സ്വയം ഇല്ലാതാവുന്നതുപോലെ, സമൂഹത്തില്‍ പാവങ്ങള്‍ ഇല്ലാതായി ക്കൊള്ളുമെന്നും വാദിക്കുന്ന ഇവരും ഡോക്കിന്‍സിന്റെ പുസ്തകത്തെയും കൂട്ടുപിടിക്കാറുണ്ട്. ഈ പ്രവണതയെയും അദ്ദേഹം എതിര്‍ക്കുന്നുണ്ട്.

ഏതായാലും,പുറത്തിറങ്ങി മുപ്പത്തിയഞ്ചിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തവും ഗൗരവമേറിയതുമായ ഒരു വായന സമ്മാനിക്കുന്ന പുസ്തകമാണിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top