സ്റ്റാര്‍ട്ടപ്പ് സംരംഭത്തില്‍നിന്ന് മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോളര്‍

Yureekkaa Journal
കൈയിലെ തള്ളവിരലില്‍ മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോളര്‍ കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ആര്‍എച്ച്എല്‍ വിഷന്‍ വികസിപ്പിക്കുന്നു. 'ഫിന്‍ ' എന്നു പേരിട്ടിരിക്കുന്ന ഈ മോതിരം വിപണിയിലെത്തിക്കുന്നതിനായുള്ള ശ്രമങ്ങളും തുടങ്ങി. വിവിധ ഉപകരണങ്ങളുമായി ആശയവിനിമയം സാധ്യമാക്കുന്ന, ബ്ലൂ ടൂത്ത് പോലെതന്നെ കുറഞ്ഞ ഊര്‍ജം മാത്രം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഫിന്‍ .

കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള ആര്‍എച്ച്എല്‍ വിഷന്‍ ഫിന്നിന്റെ പ്രാഥമികരൂപം ഉണ്ടാക്കി പരിശോധനയും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജൂണ്‍ മാസത്തോടെ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കലും ടെസ്റ്റിങ്ങും പൂര്‍ത്തിയാക്കി ഡെവലപ്പേഴ്‌സ് വേര്‍ഷന്‍ പുറത്തിറക്കാനാകുമെന്നും സെപ്റ്റംബര്‍ മാസത്തോടെ ഫിന്‍ വിപണിയിലെത്തിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍, മ്യൂസിക് പ്ലേയര്‍, ഗെയിമിങ് കണ്‍സോള്‍, കാറിനുള്ളിലെ ഡിജിറ്റല്‍ ഉപകരണങ്ങള്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങിയവയെല്ലാം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബ്ലൂടൂത്ത് വഴി ഈ ഉപകരണം കൈമാറുകയാണ് ചെയ്യുന്നത്. കാര്‍ ഓടിക്കുന്ന ഒരാള്‍ക്ക് കാറിന്റെ താക്കോലായി ഫിന്‍ ഉപയോഗിക്കാനാകും. സ്റ്റിയറിങ്ങില്‍ നിന്നു കൈയെടുക്കാതെ തന്നെ ഫോണ്‍ കോള്‍ അറ്റന്‍ഡു ചെയ്യാം.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഫോണിന്റെ സ്‌ക്രീന്‍ സൂം ചെയ്യാന്‍ ചൂണ്ടുവിരല്‍ തള്ളവിരലിനു നേരേ കൊണ്ടുവന്നു ചലിപ്പിച്ചാല്‍ മതിയാകും. വിരലിന്റെ ഓരോ ഭാഗത്തിനും ഓരോ അക്കം മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കിയാല്‍ കൈപ്പത്തി ന്യൂമെറിക് കീപാഡാക്കി മാറ്റി ഫോണില്‍ സ്പര്‍ശിക്കാതെ തന്നെ ഫോണ്‍ നമ്പറുകളും മറ്റും ഡയല്‍ ചെയ്യാന്‍ സാധിക്കും. വെള്ളവും പൊടിയും കയറാത്ത ദൃഢമായ വസ്തുക്കള്‍ കൊണ്ടു നിര്‍മിച്ച ഫിന്‍ ഒരേ സമയം മൂന്ന് സംവിധാനങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ ഉപകരിക്കുന്നതാണ്. ലിഥിയം അയണ്‍ ബാറ്ററിയും മൈക്രോ യുഎസ്ബി ചാര്‍ജിങ് ഡോക്കുമുള്ള ഫിന്‍ പൂര്‍ണമായും ചാര്‍ജുചെയ്താല്‍ ഒരു മാസംവരെ അത് നിലനില്‍ക്കും. സി.ഇ.ഒ. രോഹില്‍ ദേവ്, ഒപ്പം ചാള്‍സ് വിന്‍സെന്‍റ്, അരവിന്ദ് സഞ്ജീവ്, ജിതേഷ് ടി., സ്റ്റാലിന്‍ വി., സുനീഷ് ടി., ഫമീഫ് ടി. എന്നിവര്‍ ചേര്‍ന്നാണ് ഫിന്‍ വികസിപ്പിച്ചത്.

Share This Post

Get Updates

Subscribe to our Mailing List. We'll never share your Email address.

back to top